Fri. Dec 6th, 2024

ഗവര്‍ണര്‍ തടഞ്ഞുവച്ചതില്‍ ഭൂപതിവ് ചട്ട ഭേദഗതി ബില്ലും .

By admin Dec 20, 2023
Keralanewz.com

തിരുവനന്തപുരം: സര്‍ക്കാര്‍ – ഗവർണർ പോരിന്‍റെ ഭാഗമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാൻ തടഞ്ഞുവച്ചിരിക്കുന്ന ബില്ലുകളില്‍ ജനജീവിതത്തെ നേരിട്ടു ബാധിക്കുന്ന ഏതാനും നിയമ ഭേദഗതികളും ഉൾപ്പെടുന്നു.

ഇടുക്കി ജില്ലയിലെ ജനങ്ങളെ നേരിട്ടു ബാധിക്കുന്ന ഭൂപതിവു ചട്ട നിയമ ഭേദഗതിയാണ് ഇതില്‍ പ്രധാനം. ഇതോടൊപ്പം ഭൂമി തരംമാറ്റം വേഗത്തിലാക്കുന്നതിനായി കൊണ്ടുവന്ന കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതിയും ഗവര്‍ണര്‍ തടഞ്ഞുവയ്ക്കുകയും വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്.

മലയോര ജനതയുടെ ജീവല്‍പ്രശ്നമായ 1960ലെ ഭൂപതിവു ചട്ടത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള നിയമ ഭേദഗതിയാണു ഗവര്‍ണര്‍ ഒപ്പുവയ്ക്കാത്തതില്‍ ജനങ്ങളെ നേരിട്ടു ബാധിക്കുന്ന പ്രധാന ബിൽ . ജീവിതോപാധിക്കായുള്ള ചെറുനിര്‍മാണങ്ങള്‍ ക്രമപ്പെടുത്തണമെന്ന മലയോര ജനതയുടെ ഏറെക്കാലത്തെ ആവശ്യത്തെത്തുടര്‍ന്നു കൊണ്ടുവന്ന നിയമഭേദഗതിയാണിത്.

താമസിക്കുന്നതിനായി നിര്‍മിച്ച 1,500 ചതുരശ്ര അടിവരെയുള്ള കെട്ടിടങ്ങള്‍ ക്രമപ്പെടുത്തുന്നതിനും ഇതിനു മുകളിലുള്ളവ നിശ്ചിത തുക ഈടാക്കി ക്രമപ്പെടുത്തുന്നതും ഭേദഗതയിലുണ്ട്.

ഇതുകൂടാതെ കാര്‍ഷിക ആവശ്യത്തിനായി പട്ടയം ലഭിച്ച ഭൂമി മറ്റാവശ്യങ്ങള്‍ക്കായി വിനിയോഗിച്ചത് ക്രമപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകളും ബില്ലിലുണ്ട്. ഇവയില്‍ രണ്ടാം തവണയും ഗവര്‍ണര്‍ സര്‍ക്കാരിനോടു വിശദീകരണം തേടിയിരിക്കുകയാണ്.

നെല്‍വയല്‍-തണ്ണീര്‍ത്തട ഭേദഗതി നിയമമനുസരിച്ച്‌ ഭൂമി തരംമാറ്റം വേഗത്തിലാക്കുന്നതിനുള്ള ഉദ്യോഗസ്ഥ പുനര്‍വിന്യാസ വ്യവസ്ഥകളാണ് ഉള്‍പ്പെടുത്തിയിരുന്നത്. തരംമാറ്റത്തിനുള്ള അധികാരം ആര്‍ഡിഒയില്‍നിന്നു തഹസില്‍ദാര്‍ക്ക് നല്‍കി ഫയല്‍ നീക്കം വേഗത്തിലാക്കാനുള്ള വ്യവസ്ഥയും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ ഫയലും ഗവര്‍ണര്‍ ഒപ്പിടാതെ മാറ്റി വെച്ചിരിക്കുകയാണ്.

എന്നാല്‍, ഗവര്‍ണര്‍ രാഷ്‌ട്രപതിയുടെ പരിഗണനയ്ക്കുവിട്ട ഏഴു ബില്ലുകളില്‍ ജനജീവിതത്തെ നേരിട്ടു ബാധിക്കുന്നവ പ്രത്യേകിച്ച്‌ ഒന്നും ഇല്ലെന്നു പറയാം. ഇതില്‍ ഭൂരിഭാഗവും കേന്ദ്ര നിയമങ്ങള്‍ക്കുമേലുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതാണ്.

സര്‍വകലാശാലാ ചാൻസലര്‍ എന്ന നിലയില്‍ ഗവര്‍ണറുടെ അധികാരം എടുത്തുകളയുന്നതിനുള്ള രണ്ടു നിയമ ഭേദഗതികള്‍, ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതിനുള്ള ലോകായുക്ത നിയമഭേദഗതി, സര്‍വകലാശാലാ വൈസ് ചാൻസലര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള സേര്‍ച്ച്‌ കമ്മിറ്റിയുമായി ബന്ധപ്പെട്ട സര്‍വകലാശാല നിയമഭേദഗതി, മില്‍മയുടെ അധികാരം പിടിച്ചെടുക്കുന്നതിനുള്ള സഹകരണ നിയമഭേദഗതി തുടങ്ങിയവയാണ് രാഷ്‌ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചത്.

ഇതൊന്നും സര്‍ക്കാരിനും സിപിഎമ്മിനും ഇടതുഘടകകക്ഷികള്‍ക്കും മാത്രം താത്പര്യമുള്ള വിഷയങ്ങളാണ്. എന്നാല്‍, ഇതോടൊപ്പമുണ്ടായിരുന്ന പൊതുജനാരോഗ്യ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചിരുന്നു.

ഗവര്‍ണര്‍ക്കെതിരേ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നതിനു മുൻപ് കഴിഞ്ഞ രണ്ടു വര്‍ഷമായുള്ള 18 നിയമഭേദഗതികളാണു ഗവര്‍ണറുടെ പക്കലുണ്ടായിരുന്നത്. ജനങ്ങളെ നേരിട്ടു ബാധിക്കുന്ന, മാലിന്യം വലിച്ചെറിഞ്ഞാല്‍ പിഴ അടക്കമുള്ള വിഷയങ്ങളില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു.

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയര്‍മാനായി മുൻ ഹൈക്കോടതി ചീഫ് ജസ്റ്റീസ് മണികുമാറിനെ നിയമിക്കണമെന്ന സര്‍ക്കാര്‍ ആവശ്യവും ഗവര്‍ണര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല.

Facebook Comments Box

By admin

Related Post