Wed. May 1st, 2024

തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ നിര്‍ദേശമെത്തി , ഗുണ്ടകളെ ജയിലിലിടാം, അല്ലെങ്കില്‍ പറപ്പിക്കാം

By admin Feb 15, 2024
Keralanewz.com

കൊച്ചി : ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ അടുത്തയോടെ ഗുണ്ടകള്‍ക്കും സാമൂഹികവിരുദ്ധര്‍ക്കും കഷ്‌ടകാലം. സ്‌ഥിരംകുറ്റവാളി പട്ടികയിലുള്ളവരേത്തേടി പോലീസ്‌ വീടുകളിലെത്തിത്തുടങ്ങി.

കാപ്പ ചുമത്തി ജയിലിലടയ്‌ക്കുകയോ ജില്ല വിടാന്‍ നിര്‍ദേശിക്കുകയോ ആണ്‌ നടപടി.
കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ നിര്‍ദേശപ്രകാരമാണു നടപടിയെന്നു പോലീസ്‌ പറഞ്ഞു. രാഷ്‌ട്രീയ നേതാക്കള്‍ ഇവരെ ഉപയോഗിച്ചു തെരഞ്ഞെടുപ്പ്‌ നടപടികള്‍ അട്ടിമറിക്കാനുള്ള സാധ്യത ഒഴിവാക്കുകയാണ്‌ ലക്ഷ്യം. നാട്ടില്‍ ഇവരുടെ സാന്നിധ്യം സുഗമമായ തെരഞ്ഞെടുപ്പു പ്രചരണത്തെ തടസപ്പെടുത്തുമെന്നാണ്‌ തെര. കമ്മിഷന്റെ വിലയിരുത്തല്‍.
കാപ്പ ചുമത്തി ഒരു വര്‍ഷമോ ആറു മാസമോ പോലീസിനു തടവില്‍ വയ്‌ക്കാം. അല്ലെങ്കില്‍ നിശ്‌ചിത കാലത്തേക്കു ജില്ലയ്‌ക്കു പുറത്തുപോകാന്‍ നിര്‍ദേശിക്കാം. സ്‌റ്റേഷനുകളില്‍ നിന്നുള്ള റിപ്പോര്‍ട്ട്‌ പരിഗണിച്ചാണു കുറ്റവാളികളെ എന്തു ചെയ്യണമെന്നു തീരുമാനിക്കുന്നത്‌.

കേസുണ്ടോ? സ്‌റ്റേഷനുകള്‍ കയറിയിറങ്ങി നേതാക്കള്‍

തെരഞ്ഞെടുപ്പ്‌ അടുത്തതോടെ സ്‌ഥാനാര്‍ഥിയാകാന്‍ സാധ്യതയുള്ളവരും പാര്‍ട്ടി പ്രവര്‍ത്തകരും പോലീസ്‌ സ്‌റ്റേഷനുകള്‍ കയറിത്തുടങ്ങി. ഇവര്‍ക്കെതിരേ എന്തെങ്കിലും ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടോ എന്നറിയാനാണിത്‌. ക്രിമിനല്‍ കേസുണ്ടെങ്കില്‍ ജാമ്യമെടുക്കേണ്ടതുണ്ട്‌. മാത്രമല്ല, കേസ്‌ വിശദാംശങ്ങള്‍ നാമനിര്‍ദേശ പത്രികയില്‍ രേഖപ്പെടുത്തുകയും വേണം.
തെരഞ്ഞെടുപ്പ്‌ കാലത്തു നേതാക്കള്‍ക്കും കേസുകള്‍ കീറാമുട്ടിയാണ്‌. വാറണ്ട്‌ ഉണ്ടായാല്‍, പ്രചാരണത്തിനിറങ്ങാനാവില്ല. കേസുകള്‍ മറച്ചുവച്ചാല്‍ എതിരാളികള്‍ പ്രചാരണ ആയുധമാക്കും.

Facebook Comments Box

By admin

Related Post