Fri. May 17th, 2024

ആദ്യം കേന്ദ്ര ഏജന്‍സികളുടെ നടപടി, പിന്നാലെ ബിജെപിക്ക് സംഭാവന 335 കോടി: വന്‍ അഴിമതിയെന്ന് ഐസക്

By admin Feb 24, 2024
Keralanewz.com

2018-2019 മുതല്‍ 2022-2023 വരെ ഇഡിയുടെയും ആദായനികുതിവകുപ്പിന്റെയും നടപടികള്‍ നേരിട്ട 30 കമ്ബനികള്‍ 335 കോടി രൂപ ബിജെപിക്ക്‌ സംഭാവന നല്‍കിയത് വമ്ബന്‍ അഴിമതിയെന്ന് തോമസ് ഐസക്.

30 കമ്ബനികളില്‍ 23 കമ്ബനികളും 2014-ല്‍ ബിജെപി കേന്ദ്രഭരണത്തില്‍ എത്തുന്നതിന് മുമ്ബ് അവർക്ക് ഒരു സംഭാവനയും നല്‍കിയവരല്ല. കേന്ദ്ര ഏജൻസികളുടെ വേട്ട തുടങ്ങിയതിനുശേഷം ഇവർ 187.58 കോടി രൂപയാണ് ബിജെപിക്ക് കൈമാറിയത്. കേന്ദ്ര ഏജൻസികളുടെ ‘അന്വേഷണം’ തുടങ്ങി നാല്‌ മാസത്തിനുള്ളില്‍ നാല്‌ കമ്ബനികള്‍ 9.05 കോടി രൂപ ബിജെപിക്ക്‌ കൈമാറിയെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ആരോടും ഒരു കണക്കും ബോധിപ്പിക്കേണ്ട ആവശ്യമില്ലാതെ കോടാനുകോടി രൂപ സമാഹരിക്കുന്നതിനായി ബിജെപി സർക്കാർ ആവിഷ്കരിച്ച ഇലക്ടോറല്‍ ബോണ്ട്‌ ഭരണഘടനാ വിരുദ്ധമെന്ന് പറഞ്ഞ് സുപ്രീംകോടതി റദ്ദാക്കിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ അപ്പോഴാണ് അടുത്ത വൻകിട അഴിമതിയുടെ കഥ വരുന്നത്.

2018-2019 മുതല്‍ 2022-2023 വരെ ഇഡിയുടെയും ആദായനികുതിവകുപ്പിന്റെയും നടപടികള്‍ നേരിട്ട 30 കമ്ബനികള്‍ 335 കോടി രൂപ ബിജെപിക്ക്‌ സംഭാവന നല്‍കിയതിന്റെ വിശദാംശങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രമുഖ ബദല്‍ മാധ്യമങ്ങളായ ‘ന്യൂസ്‌ ലോണ്ടറി’യും ‘ന്യൂസ്‌ മിനിറ്റും’ ചേർന്ന് പുറത്തുവിട്ടത്. തെരഞ്ഞെടുപ്പ്‌ കമ്മീഷൻ രേഖകളും ഒരു കോടിയിലധികം സംഭാവന നല്‍കിയ കമ്ബനികളുടെ ധനകാര്യപ്രസ്‌താവനകളും മറ്റും പരിശോധിച്ചാണ്‌ ‘ന്യൂസ്‌മിനിറ്റും’ ‘ന്യൂസ് ലോണ്ടറി’യും ഈ വിവരങ്ങള്‍ കണ്ടെത്തിയത്.

ഇപ്പറഞ്ഞ 30 കമ്ബനികളില്‍ 23 കമ്ബനികളും 2014-ല്‍ ബിജെപി കേന്ദ്രഭരണത്തില്‍ എത്തുന്നതിന് മുമ്ബ് അവർക്ക് ഒരു സംഭാവനയും നല്‍കിയവരല്ല. കേന്ദ്ര ഏജൻസികളുടെ വേട്ട തുടങ്ങിയതിനുശേഷം ഇവർ 187.58 കോടി രൂപയാണ് ബിജെപിക്ക് കൈമാറിയത്. കേന്ദ്ര ഏജൻസികളുടെ ‘അന്വേഷണം’ തുടങ്ങി നാല്‌ മാസത്തിനുള്ളില്‍ നാല്‌ കമ്ബനികള്‍ 9.05 കോടി രൂപ ബിജെപിക്ക്‌ കൈമാറി!. ബിജെപിയ്ക്ക് നേരത്തെതന്നെ സംഭാവനകള്‍ നല്‍കിയിരുന്ന ആറ്‌ കമ്ബനികള്‍ കേന്ദ്ര ഏജൻസികളുടെ തെരച്ചിലുകള്‍ക്ക്‌ പിന്നാലെ കൂടുതല്‍ വലിയ തുക സംഭാവന നല്‍കി.

ബിജെപിക്ക് വർഷാവർഷം സംഭാവനകള്‍ നല്‍കിയിരുന്ന വേറെ ആറ് കമ്ബനികള്‍ ഒരു വർഷം പതിവ് തെറ്റിച്ചപ്പോള്‍ കേന്ദ്ര ഏജൻസികളുടെ അവർക്കെതിരെ നടപടി തുടങ്ങി. ബിജെപിക്ക് സംഭാവന നല്‍കിയയതിന് കേന്ദ്രസർക്കാരിന്റെ അനർഹമായ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയിട്ടുണ്ടെന്ന ആരോപണം നേരിടുന്ന മൂന്ന് കമ്ബനികള്‍ക്കാകട്ടെ ഇഡിയുടെയും മറ്റ് കേന്ദ്ര ഏജൻസികളുടെയും ഒരു നടപടിയും ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല!

കഴിഞ്ഞില്ല. റെയ്ഡ് നടക്കുമ്ബോഴും ആദ്യ റെയ്ഡ് നേരിട്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെയും ബിജെപിക്ക് സംഭാവന നല്‍കിയ കമ്ബനികളുണ്ട്. ചില കമ്ബനികള്‍ സംഭാവനകള്‍ നല്‍കിയതിന്‌ പിന്നാലെ കേന്ദ്ര ഏജൻസികള്‍ അവരുടെ നടപടികള്‍ ഉപേക്ഷിക്കുകയോ അവയുടെ വേഗത കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്. ഇതൊക്കെ ഇലക്ടറല്‍ ബോണ്ടുകള്‍ വഴി കുത്തകകള്‍ വൻ തോതില്‍ രഹസ്യമായി നല്‍കിയ ആയിര കണക്കിന് കോടികളുടെ വിവരങ്ങളല്ല എന്നു മനസ്സിലാക്കണം.

2017-18 മുതല്‍ 2022-23 വരെയുള്ള കാലയളവില്‍ ബിജെപിക്ക്‌ ലഭിച്ച മൊത്തം സംഭാവനയില്‍ 58.39 ശതമാനവും ഇലക്‌ടറല്‍ബോണ്ടുകള്‍ വഴിയായിരുന്നു. 2022-2023 വർഷത്തില്‍ മാത്രം 1300 കോടിയാണ്‌ ഇലക്‌ടറല്‍ ബോണ്ട്‌ മുഖേന ബിജെപി സമാഹരിച്ചത്‌. ഇലക്‌ടറല്‍ ട്രസ്‌റ്റുകള്‍ വഴിയും ബിജെപി ആയിരക്കണക്കിന് കോടികള്‍ കഴിഞ്ഞ പത്തുവർഷ കാലയളവിനുള്ളില്‍ സമാഹരിച്ചിട്ടുണ്ട്‌.

ഇഡിയെയും മറ്റ് കേന്ദ്ര ഏജൻസികളെയും ദുരുപയോഗിച്ച്‌ പ്രതിപക്ഷ പാർട്ടി നേതാക്കന്മാരെ വിരട്ടുകയോ വരുതിയിലാക്കുകയോ മാത്രമല്ല, വൻകിട കമ്ബനികളെ വിരട്ടി ബിജെപിയുടെ ഗുണ്ടാപ്പിരിവിനുള്ള കൊട്ടേഷൻ സംഘങ്ങളായി കേന്ദ്ര ഏജൻസികളെ അധ:പ്പതിപ്പിക്കുകയും ചെയ്തു. കുത്തക കമ്ബനികള്‍ക്ക് വേണ്ടി പരസ്യമായും രഹസ്യമായും പ്രവർത്തിക്കുകയും ശിങ്കിടി മുതലാളിമാരുടെ പിന്തുണയോടുകൂടി ഭരണം നിലനിർത്തുകയും അവരുടെ താല്പര്യത്തിനുവേണ്ടി രാജ്യത്തിന്റെ പൊതുസ്വത്ത് വിറ്റഴിക്കുകയും ചെയ്യുന്ന അതേ ബിജെപി, പല കമ്ബനികളെയും ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തിട്ടുമുണ്ട് എന്നതാണ് യാഥാർഥ്യം.

ഇലക്‌ട്രല്‍ ബോണ്ട്‌ പദ്ധതി ഭരണഘടനാവിരുദ്ധമെന്ന്‌ കണ്ടെത്തി റദ്ദാക്കിയ സുപ്രീംകോടതി അവ ആരില്‍ നിന്ന് ആർക്കൊക്കെ എത്രയൊക്കെ ലഭിച്ചു എന്ന കണക്കുകള്‍ വെളിപ്പെടുത്താനും ഉത്തരവിട്ടിട്ടുണ്ട്. ആ കണക്കുകള്‍ ലഭ്യമാകുമ്ബോള്‍ ജനങ്ങളുടെ ജീവിതവും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതില്‍ സമ്ബൂർണ്ണ പരാജയമായ കേന്ദ്ര ബിജെപി സർക്കാർ തട്ടിപ്പിലും വെട്ടിപ്പിലും കൊള്ളയിലും മഹാവിദഗ്ദ്ധരാണെന്ന യാഥാർഥ്യം കൂടി പുറത്തുവരും. “അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രം തച്ചുടയ്ക്കു”ന്നത് നമ്മുടെ രാജ്യത്തിന്റെ പൊതുതാല്‍പര്യമാണെന്ന സത്യമാണ് പകല്‍പോലെ വ്യക്തമാവുന്നത്.

2013 മേയിലാണ് സുപ്രീംകോടതിയില്‍ ജസ്റ്റിസ് ആർ എം ലോധ സിബിഐയെ “കൂട്ടിലടച്ച തത്ത” എന്നും “യജമാനന്റെ ശബ്ദം” എന്നും വിശേഷിപ്പിച്ചത്. ഇപ്പോള്‍ സിബിഐ മാത്രമല്ല ഇഡിയും ആദായനികുതി വകുപ്പും മറ്റ് പല കേന്ദ്ര ഏജൻസികളും കേന്ദ്ര ബിജെപി സർക്കാരിന്റെ ഗുണ്ടാപ്പട മാത്രമായി പ്രവർത്തിക്കുകയാണ്.

Facebook Comments Box

By admin

Related Post