Tue. May 7th, 2024

‘കേരളാ അരി’ ഈവര്‍ഷം വിപണിയില്‍

By admin Feb 24, 2024
Keralanewz.com

അരിവില കുതിച്ചുയരുന്നതു തടയാന്‍ കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡ്‌ ഈവര്‍ഷം വിപണിയിലെത്തും. കേരള റൈസ്‌ ബോര്‍ഡാണു കര്‍ഷകരില്‍നിന്നു നേരിട്ട്‌ നെല്ല്‌ വാങ്ങി സ്വന്തം മില്ലില്‍ അരിയാക്കി വിപണിവിലയിലും കുറച്ച്‌ വില്‍പ്പനയ്‌ക്കെത്തിക്കുന്നത്‌.

അരിയുടെ മൂല്യവര്‍ധിത ഉത്‌പന്നങ്ങളും വിപണിയിലെത്തിക്കും.
ആദ്യഘട്ടമായി 39 കോടി രൂപ മുതല്‍മുടക്കില്‍ പാലക്കാട്ടും ചെങ്ങന്നൂരും മില്ലുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. മണിക്കൂറില്‍ അഞ്ച്‌ ടണ്ണാണ്‌ ഉത്‌പാദനശേഷി. ഓണത്തിനകം മില്ലുകള്‍ പ്രവര്‍ത്തനമാരംഭിക്കും. വാളയാര്‍ മെഗാ ഫുഡ്‌ പാര്‍ക്കിലാണു പാലക്കാട്ടെ മില്‍. പാലക്കാടിനും ചെങ്ങന്നൂരിനും പിന്നാലെ തൃശൂരിലും മില്‍ സ്‌ഥാപിക്കും. പാലക്കാട്ട്‌ രണ്ടാംഘട്ടവും ഉദ്ദേശിക്കുന്നു.
നിലവില്‍, സിവില്‍ സപ്ലൈസ്‌ കോര്‍പറേഷന്‍ കര്‍ഷകരില്‍നിന്നു നെല്ല്‌ വാങ്ങി സ്വകാര്യ മില്ലകള്‍ക്കു കൈമാറി അരി തിരിച്ചുവാങ്ങുകയാണു ചെയ്യുന്നത്‌. സ്വകാര്യ മില്ലുകാര്‍ മികച്ച അരി കയറ്റിയയച്ച്‌ ലാഭം കൊയ്യുകയും നിലവാരം കുറഞ്ഞ അരി പൊതുവിതരണത്തിനു നല്‍കുകയുമാണു ചെയ്യുന്നതെന്ന്‌ ആരോപണമുണ്ട്‌. സപ്ലൈകോ നെല്ല്‌ സംഭരിച്ചുനല്‍കിയാല്‍ അരിയാക്കി നല്‍കുന്നതും റൈസ്‌ ബോര്‍ഡിന്റെ പരിഗണനയിലുണ്ട്‌.
സര്‍ക്കാര്‍ ഏജന്‍സികള്‍ അരി ഉത്‌പാദിപ്പിക്കാത്തതാണു പൊതുവിപണിയിലെ കൃത്രിമക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണം. മലയാളികള്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന ജയ, മട്ട അരിയിനങ്ങളുടെ വില 65 രൂപയെന്ന റെക്കോഡിലെത്തി. ഒരുമാസം മുമ്ബ്‌ സുരേഖ അരി കിലോയ്‌ക്ക്‌ 45-48 രൂപയായിരുന്നു മൊത്തവില. ഇപ്പോഴത്‌ 50 കടന്നു. ചില്ലറവില 55 രൂപയാകും. 45 രൂപ വിലയുണ്ടായിരുന്ന ജയ അരിക്കു നിലവില്‍ മൊത്തവില 48 രൂപയും ചില്ലറവില 50 രൂപയുമാണ്‌.
ഗുജറാത്ത്‌, യു.പി, പശ്‌ചിമബംഗാള്‍, ഒഡീഷ, ഛത്തിസ്‌ഗഡ്‌, കര്‍ണാടക സംസ്‌ഥാനങ്ങളില്‍നിന്നുള്ള അരിക്കു വിലയും വേവും ആവശ്യക്കാരും കുറവാണ്‌. ആന്ധ്രയില്‍ നെല്ല്‌ മാസങ്ങളോളം ഗോഡൗണില്‍ സൂക്ഷിച്ചശേഷമാണ്‌ അരിയാക്കുന്നത്‌. ആന്ധ്രയിലെ ലളിത, കോതണ്ഡരാമ, മുരളീമോഹന, സൂര്യ തുടങ്ങിയ വന്‍കിട റൈസ്‌ മില്ലുകളാണു കേരളവിപണി അടക്കിവാഴുന്നത്‌.

Facebook Comments Box

By admin

Related Post