തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ ചേര്‍ന്ന കെപിസിസിയുടെ സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ പരിഗണനാ പട്ടിക തയ്യാറായി.
കണ്ണൂര്‍ ഒഴികെ 15 മണ്ഡലങ്ങളില്‍ സിറ്റിംഗ് എം.പിമാര്‍ തന്നെ മത്സരിക്കാനാണ് സാധ്യത. വയനാട്ടില്‍ രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കുമെന്നാണ് സൂചന.
ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ പരിഗണനാ പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിക്ക് കൈമാറും.
തിരുവനന്തപുരം- ശശി തരൂര്‍, ആറ്റിങ്ങല്‍- അടൂര്‍ പ്രകാശ്, പത്തനംതിട്ട- ആന്റോ ആന്റണി, ഇടുക്കി- ഡീന്‍ കുര്യാക്കോസ്, എറണാകുളം- ഹൈബി ഈഡന്‍, ചാലക്കുടി- ബെന്നി ബഹ്നാന്‍, തൃശൂര്‍- ടി.എന്‍ പ്രതാപന്‍, പാലക്കാട്- വി.കെ ശ്രീകണ്ഠന്‍, ആലത്തൂര്‍- രമ്യ ഹരിദാസ്, കോഴിക്കോട്്- എം.കെ രാഘവന്‍, വടകര- കെ.മുരളീധരന്‍, കാസര്‍ഗോഡ് – രാജ് മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ മത്സരിച്ചേക്കൂം.
ആലപ്പുഴയില്‍ കെ.സി വേണുഗോപാലിനൊപ്പം രാഹുല്‍ മാങ്കൂട്ടത്തില്‍, എ.എ ഷുക്കൂര്‍ എന്നിവരുടെ പേരുകള്‍ പരിഗണനയിലുണ്ട്. പത്തനംതിട്ടയില്‍ ആന്റോ ആന്റണിക്കൊപ്പം അബിന്‍ വര്‍ക്കിയുടെ പേരും പരിഗണിക്കുന്നു. മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷിനൊപ്പം പി.വി സജീന്ദ്രനും പരിഗണനയിലുണ്ട്. കണ്ണൂരില്‍ കെ.സുധാകരന്റെ വിശ്വസ്തന്‍ കെ.ജയന്തും വി.പി അബ്ദുള്‍ റഷീദും പരിഗണനയിലുണ്ട്. മത്സരിക്കാനില്ലെന്ന് കെ.സുധാകരന്‍ വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്തുനിന്നുള്ള 20 സീറ്റുകളില്‍ 16 ഇടത്താണ് കോണ്‍ഗ്രസ് മത്സരിക്കുക. പൊന്നാനിയിലും മലപ്പുറത്തും മുസ്ലീം ലീഗും കോട്ടയത്ത് കേരള കോണ്‍ഗ്രസ് ജോസഫും കൊല്ലത്ത് ആര്‍.എസ്.പിയുമാണ് മത്സരിക്കുക.
യുഡിഎഫിന്റെ ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം സ്‌ക്രീനിംഗ് കമ്മിറ്റി ചേര്‍ന്ന് പൂര്‍ത്തിയാക്കിയെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപനം നടത്തുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കുമെന്നാണ് പ്രതീക്ഷ. അദ്ദേഹം വരില്ലെന്ന് പറയുന്നത് സിപിഎമ്മാണ്. അവര്‍ ഒരു സമാധാനത്തിന് പറയുന്നതാണെന്നും അദ്ദേഹം പറഞ്ഞു.