Wed. May 1st, 2024

തൊഴിലുറപ്പ് പദ്ധതി; കേരളം പൂര്‍ത്തിയാക്കിയത് 9.94 കോടി തൊഴില്‍ദിനം

By admin Apr 5, 2024
Keralanewz.com

വടകര: 2023-24 വര്‍ഷം മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കേരളം പൂര്‍ത്തിയാക്കിയത് 9.94 കോടി തൊഴില്‍ദിനം.

ഏപ്രില്‍ പത്തിന് അന്തിമകണക്ക് വരുമ്ബോള്‍ പത്തുകോടി തൊഴില്‍ദിനമെന്ന ലക്ഷ്യത്തിലെത്തുമെന്നാണ് സൂചന. ശരാശരി ഓരോ കുടുംബത്തിനും 67.68 ദിവസം തൊഴില്‍ ലഭിച്ചു. 5.66 ലക്ഷം കുടുംബങ്ങള്‍ കഴിഞ്ഞവര്‍ഷം കേരളത്തില്‍ നൂറു തൊഴില്‍ദിനം പൂര്‍ത്തിയാക്കി. തൊഴിലെടുത്തവരില്‍ 89.27 ശതമാനവും സ്ത്രീകളാണ്.

2023-24 വർഷത്തിന്റെ തുടക്കത്തില്‍ വെറും ആറുകോടി തൊഴില്‍ദിനം മാത്രമായിരുന്നു കേരളത്തിന് അനുവദിച്ച ലേബർ ബജറ്റ്. ഓഗസ്റ്റില്‍ത്തന്നെ ഈ ലക്ഷ്യം കൈവരിച്ചു. ശേഷവും തൊഴിലിന് ആവശ്യക്കാർ ഉള്ളതിനാല്‍ തൊഴില്‍ദിനം എട്ട് കോടിയാക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. ഇത് പിന്നീട് ഒമ്ബതു കോടിയായും ഏറ്റവുമൊടുവില്‍ 10.50 കോടിയായും വർധിപ്പിച്ചു.

തൊഴില്‍ദിനത്തില്‍ തിരുവനന്തപുരം ജില്ലയാണ് മുന്നില്‍- 1.33 കോടി തൊഴില്‍ദിനം. തൊട്ടുപിന്നില്‍ ആലപ്പുഴയുണ്ട്- 1.12 കോടി. മൂന്നാംസ്ഥാനത്ത് കോഴിക്കോടാണ്- 1.09 കോടി തൊഴില്‍ദിനം. നൂറു തൊഴില്‍ദിനം പൂർത്തിയാക്കിയതിലും മുന്നില്‍ തിരുവനന്തപുരംതന്നെ. 85,219 കുടുംബം ഇവിടെ നൂറു തൊഴില്‍ദിനം നേടി. രണ്ടാംസ്ഥാനത്തുള്ള കോഴിക്കോട്ട് 76,221 കുടുംബങ്ങള്‍ നൂറു തൊഴില്‍ദിനം പൂർത്തിയാക്കി. നൂറു തൊഴില്‍ദിനം പൂർത്തിയാക്കിയവരിലൂടെ മാത്രം 5.82 കോടി തൊഴില്‍ദിനം സൃഷ്ടിക്കപ്പെട്ടു.

Facebook Comments Box

By admin

Related Post