Fri. May 17th, 2024

തീപിടിത്തം; വണ്ണപ്പുറത്തിന് വേണം അഗ്നിരക്ഷ നിലയം

By admin Apr 5, 2024
Keralanewz.com

തൊടുപുഴ: വണ്ണപ്പുറം മേഖയില്‍ തീപിടിത്തം വ്യാപകമാകുമ്ബോള്‍ പഞ്ചായത്തില്‍ അഗ്നിരക്ഷ നിലയം വേണമെന്ന ആവശ്യം ഉയരുന്നു.

കഴിഞ്ഞ ദിവസം കാട്ടുതീയില്‍ വെന്തമർന്നത് അഞ്ച് ഏക്കർ തേക്കിൻ കൂപ്പാണ്. തിങ്കളാഴ്ച വൈകീട്ടാണ് തേക്കിൻ കൂപ്പില്‍ തീപടർന്നത് വെള്ളിലാംപരപ്പ് ഭാഗത്തുനിന്ന് പടർന്ന തീ വണ്ണപ്പുറം പഞ്ചായത്തിലെ ഒമ്ബതാം വാർഡില്‍ നടക്കല്‍ പാലത്തിന് സമീപംവരെ എത്തി. കൃഷിയിടത്തിലെ തീ നാട്ടുകാർ ചേർന്നാണ് കെടുത്തിയത്. പഞ്ചായത്തിലെ കോട്ടപ്പാറ, കാറ്റാടിക്കടവ്, മീനുളിയാൻപാറ എന്നിവിടങ്ങളില്‍ എല്ലാം പലദിവസങ്ങളായി തീപടർന്ന് കാട് കത്തിനശിച്ചു. കാടിന് സമീപത്തുള്ള കർഷകർ വനത്തില്‍നിന്ന് തീപടർന്ന് കൃഷിയിടങ്ങള്‍ കത്തിനശിക്കുമെന്ന ഭീതിയിലാണ്.

പഞ്ചായത്തില്‍ ഒരു അഗ്നിരക്ഷാ നിലയം വേണമെന്ന ആവശ്യം ഏറെ നാളായുള്ളതാണ്. കെട്ടിടവും സ്ഥലവും വിട്ടുനല്‍കാൻ പഞ്ചായത്ത് തയാറായിട്ട് പോലും ആ ന്യായമായ ആവശ്യം ഇതുവരെ നടപ്പായില്ല. ജില്ലക്ക് കഴിഞ്ഞ വർഷം ഒരു അഗ്നിരക്ഷാ നിലയം അനുവദിച്ചിരുന്നു. അത് വണ്ണപ്പുറത്തിന് കിട്ടുമായിരുന്നു. ഇതിനായി അമ്ബലപ്പടിയില്‍ കെട്ടിടവും കണ്ടെത്തി. എന്നാല്‍, പിന്നൊരു നടപടിയും ഉണ്ടായില്ല. വണ്ണപ്പുറം മേഖലയില്‍ തീപിടിത്തമോ മറ്റ് അപകടങ്ങളോ ഉണ്ടായാല്‍ തൊടുപുഴില്‍നിന്നോ മൂവാറ്റുപുഴയില്‍നിന്നോ അഗ്നിരക്ഷാ സേനയെത്തണം. പലപ്പോഴും ദുരന്തമുഖത്ത് കൃത്യസമയത്ത് എത്തിച്ചേരാൻ സേന പെടാപ്പാട് പെടുന്നുണ്ട്. പഞ്ചായത്തിലെ മിക്കയിടത്തും മലയോര പാതകളാണ്. പലതും തകർന്ന അവസ്ഥയിലുമാണ്. അതിനാല്‍ അപകടങ്ങള്‍ പതിവാണ്. തൊമ്മൻകുത്ത്, മീനുള്ളിയാൻ പാറ, നാക്കയംകുത്ത്, കാറ്റാടിക്കടവ്, കോട്ടപ്പാറ, ആനചാടിക്കുത്ത് തുടങ്ങിയ വിനോദ കേന്ദ്രങ്ങള്‍ കാണാൻ നിരവധിപേർ എത്തുന്നുണ്ട്. ഇവിടെയൊക്കെ അപകട സാധ്യതയുണ്ട്. അതിനാല്‍ തൊടുപുഴയില്‍നിന്ന് അഗ്നിരക്ഷാ സേന എത്തുമെന്ന് ആശ്വസിച്ച്‌ ഇരിക്കാൻ കഴിയില്ല.

ഇതിനൊക്കെ പരിഹാരമായാണ് വണ്ണപ്പുറത്ത് അഗ്നിരക്ഷാ നിലയം വേണമെന്ന ആവശ്യം ഉയർന്നത് ഉയർന്നിട്ടുണ്ട്. തിങ്കളാഴ്ച ഉണ്ടായ അഗ്നി ബാധ നേരിടാനും അഗ്നിരക്ഷാ സേന തൊടുപുഴയില്‍നിന്ന് എത്തിയപ്പോഴേക്കും വ്യാപക നാശനഷ്ടം ഉണ്ടായി. വണ്ണപ്പുറം കേന്ദ്രമാക്കി അഗ്നിരക്ഷാ സേന ഓഫിസ് തുടങ്ങാൻ ഇനിയും വൈകരുതെന്നാണ് നാട്ടുകാരുടെ ആവശ്യം.

Facebook Comments Box

By admin

Related Post