Wed. May 1st, 2024

കേരളത്തിലെ ഡ്രൈവിംഗ് പരീക്ഷകള്‍ക്ക് വമ്ബൻ പണി! H ല്‍ പോലും അടിമുടി പ്രശ്നമെന്ന് സിഎജി; 37 ഗ്രൗണ്ടുകളില്‍ പരിശോധന

By admin Apr 18, 2024
Keralanewz.com

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് പരീക്ഷകളില്‍ അടിമുടി വീഴ്ചയെന്ന് സി എ ജി. ഡ്രൈവിംഗ് ടെസ്റ്റ് നടത്തുമ്ബോള്‍ സീറ്റ് ബെല്‍റ്റോ, ഹെല്‍മെറ്റോ ധരിക്കാറില്ലെന്നും ഡ്രൈവിംഗ് സ്കൂള്‍ അധികൃതർ പരീക്ഷകളില്‍ ഇടപെടുന്നുവെന്നും എ ജിയുടെ പരിശോധന റിപ്പോർട്ടില്‍ പറയുന്നു.

നവീകരിച്ച ട്രാക്കുകളും ഡ്രൈവിംഗ് ടെസ്റ്റില്‍ പരിഷ്ക്കാരങ്ങളും ആവശ്യമാണെന്നും സി എ ജി ശുപാർശ ചെയ്തു.

സംസ്ഥാനത്തെ 37 ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകളിലാണ് സി എ ജി പരിശോധന നടത്തിയത്. വർധിക്കുന്ന വാഹന അപകടങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡ്രൈവിംഗ് ടെസ്റ്റിംഗിലെ 9 അപര്യാപ്തകളാണ് പരിശോധനയില്‍ ചൂണ്ടികാണിക്കുന്നത്. ഫോർവീല്‍ ടെസ്റ്റിനായുള്ള എച്ച്‌ ട്രാക്കിനൊപ്പം പാർക്കിംഗ് ട്രാക്ക് വേണമെന്നാണ് ചട്ടം. എന്നാല്‍ പരിശോധന നടത്തിയ 37 ഗ്രൗണ്ടില്‍ 34 ലും പാർക്കിങ് ട്രാക്ക് ഇല്ല.

H ട്രാക്കില്‍ ടെസ്റ്റ് നടത്തുമ്ബോള്‍ സീറ്റ് ബെല്‍റ്റ് ഉപയോഗിക്കുന്നില്ല. 37 ഗ്രൗണ്ടില്‍ പരിശോധന നടത്തിയതില്‍ 31 ഗ്രൗണ്ടിലും സീറ്റ് ബെല്‍റ്റ്‌ ഇടാതെ ആണ് H എടുക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്. സീറ്റ് ബെല്‍റ്റ് ഇടാതെ ടെസ്റ്റ് നടത്തിയാല്‍ യഥേഷ്ടം പുറകിലേക്ക് നോക്കി വാഹനം പിന്നിലേക്കെടുക്കാൻ കഴിയും. ഇരുചക്ര വാഹന ടെസ്റ്റില്‍ ഹെല്‍മെറ്റും വെക്കുന്നില്ല. 37 ഗ്രൗണ്ടില്‍ 20 എണ്ണത്തില്‍ ടെസ്റ്റ് എടുക്കുന്ന ആള്‍ ഹെല്‍മറ്റ് വെക്കുന്നില്ല. ഇരുചക്ര വാഹനത്തിന്റെ റോഡ് ടെസ്റ്റും ഗ്രൗണ്ടില്‍ തന്നെ നടത്തുന്നു. 37 ഗ്രൗണ്ടില്‍ പരിശോധിച്ചതില്‍ 20 ഗ്രൗണ്ടിലും ഇരുചക്ര വാഹനങ്ങളുടെ റോഡ് ടെസ്റ്റ് ഗ്രൗണ്ടില്‍തന്നെ നടത്തുന്നതായി എ ജി പറയുന്നു.

H ടെസ്റ്റില്‍ വാഹനം പൂ‌ർണമായും ബ്രേക്ക് ചവിട്ടി സ്റ്റിയറിങ് തിരിക്കാൻ പാടില്ല. ഇങ്ങനെ ചെയ്താല്‍ പരാജയപ്പെടും. പക്ഷെ 37 ല്‍ 12 ഗ്രൗണ്ടില്‍ വാഹനം ബ്രേക്ക് ചെയ്ത് സ്റ്റിയറിങ് തിരിച്ചാണ് H എടുക്കുന്നത് എന്ന് കണ്ടെത്തി. ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന 15 വാഹനങ്ങള്‍ക്ക് ഇൻഷുറൻസ് ഇല്ല. 7 വാഹനങ്ങള്‍ക്ക് പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ല എന്നും കണ്ടെത്തി. ഡ്രൈവിങ് സ്കൂള്‍ പരിശീലകർ ടെസ്റ്റില്‍ ഇടപെടുന്നുവെന്നും റിപ്പോർട്ടില്‍ പറയുന്നു. 37 ല്‍ 16 ഗ്രൗണ്ടില്‍ ഡ്രൈവിംഗ് സ്കൂള്‍ പരിശീലകർ ടെസ്റ്റ് എടുക്കുന്ന ആള്‍ക്ക് സഹായത്തിന് ഗ്രൗണ്ടില്‍ ഇടപെടുന്നത് കണ്ടെത്തി.

ലേണേഴ്‌സ് പരീക്ഷക്കുമുമ്ബ് സുരക്ഷ ക്ലാസുകളും എടുക്കുന്നില്ല. 37ല്‍ 12 ഗ്രൗണ്ടിലും കുടിക്കാൻ വെള്ളമോ ശുചിമുറിയോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലെന്നും എ ജിയുടെ റിപ്പോർട്ടില്‍ പറയുന്നു. എ ജി ചൂണ്ടികാണിച്ച കാര്യങ്ങളില്‍ അടിയന്തര ഇടപെലിന് വേണ്ടി റിപ്പോർട്ട് എല്ലാ ആർ ടി ഒമാർക്കും ട്രാൻസ്പോർട്ട് കമ്മീഷണർ കൈമാറി. മെയ് ഒന്ന് മുതല്‍ നടത്താൻ ഉദ്ദേശിക്കുന്ന ഡ്രൈവിംഗ് പരിഷക്കരണത്തിനെതിരെ ഡ്രൈവിംഗ് സ്കൂളുടെ സംഘടന ഹൈക്കോടതി സമീപിച്ചിരിക്കുമ്ബോഴാണ് എ ജിയുടെ റിപ്പോർട്ട് പുറത്തുവരുന്നത്.

Facebook Comments Box

By admin

Related Post