Mon. May 20th, 2024

കേരളം എങ്ങനെ ബിജെപ്പിക്ക് വെറുക്കപ്പെട്ട നാടായി ?

By admin Apr 18, 2024
Keralanewz.com

ന്ത്യയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ നേട്ടങ്ങളുമായി മുന്നിട്ടു നില്‍ക്കുന്ന ഒരേയൊരു സംസ്ഥാനം കേരളമാണ്.അതാകട്ടെ കഴിഞ്ഞ പത്തു വർഷമായി കേന്ദ്ര സർക്കാരിന്റെ കടുത്ത നീതി നിഷേധങ്ങള്‍ക്കും അവഗണനയ്ക്കുമിടയിലും.

ലോകത്തുതന്നെ കേരളത്തിന്റെ പേര് ചർച്ച ചെയ്യപ്പെടുന്ന ഒരു കാലമാണിത്.കൊറോണക്കാലത്ത് ഇതു നാം പലവുരു കണ്ടതുമാണ്. എന്നിരിക്കെയും എങ്ങനെയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപ്പിക്ക് കേരളം വെറുക്കപ്പെട്ട നാടായത്? പ്രത്യേകിച്ച്‌ രാജ്യത്തിന്റെ പുരോഗതിക്ക് കേരളം ഇത്രകണ്ട് സംഭാവനകള്‍ നല്‍കുമ്ബോള്‍?

ഇതിന് മറ്റുകാരണങ്ങള്‍ ഒന്നുമില്ല.ബിജെപ്പിക്ക് കേരളം അന്നുമിന്നുമൊരു ബാലികേറാമലയാണ്.പശുവിന്റെ പാല്‍ ഒഴുക്കിക്കളഞ്ഞ് ചാണകം തിന്നാൻ മാത്രം ഗതികെട്ടവരല്ല മലയാളികള്‍.രാമായണത്തേക്കാളും മഹാഭാരതത്തെക്കാളും ശ്രേഷ്ഠമെന്ന് ബിജെപി കരുതുന്ന മനുസ്മൃതി പറയുന്നതു തന്നെ ഇസ്ലാമും ക്രിസ്ത്യാനിയും കമ്മ്യൂണിസ്റ്റുകാരാണ് രാജ്യത്തിന്റെ ശത്രുക്കള്‍ എന്നാണ്.ഇത് മൂന്നുമാണ് അന്നുമിന്നും കേരളത്തിന്റെ നട്ടെല്ലും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തെ വേറിട്ടതാക്കുന്നതും.രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത് ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തവരാണിത് പറയുന്നതെന്ന് ഓർക്കണം.

ബ്രിട്ടീഷുകാർക്കെതിരെയല്ല, കമ്മ്യൂണിസ്റ്റിനും ക്രിസ്ത്യനും മുസ്ലിങ്ങള്‍ക്കുമെതിരെയാണ് നാം യുദ്ധം നയിക്കേണ്ടതെന്നു പറഞ്ഞ സവർക്കർ ഇന്ന് വീർ സവർക്കരായി.ഗാന്ധിജിയെ കൊന്ന ഗോഡ്‌സെയുടെ പടം ഇന്ന് പാർലമെന്റിനുള്ളില്‍ തന്നെ സ്ഥാപിച്ചിട്ടുമുണ്ട്.ജയിലില്‍ നിന്നും ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷ എഴുതിക്കൊടുത്തു പുറത്തുവന്നവരാണിന്ന് ദേശസ്നേഹത്തിന്റെ വക്താക്കളായി മാറിയിരിക്കുന്നതെന്നും ഇവിടെ കാണാതെ പോകരുത്.

പ്രധാനമന്ത്രിയായ ആദ്യഘട്ടത്തില്‍ തന്നെ കേരളത്തിലെത്തി സംസ്ഥാനത്തെ സൊമാലിയ എന്ന് വിളിച്ചയാളാണ് നരേന്ദ്രമോദി.കേരളത്തിന്റെ സുരക്ഷയിലിരുന്ന് അന്ന് അതുകേട്ട് കൈയടിച്ചവർ ആയിരക്കണക്കിനായിരുന്നു.പിണറായി വിജയനെ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നവർ ഇന്നും ഇക്കൂട്ടത്തിലുണ്ട്.ഒരേയൊരു ചോദ്യം … നിങ്ങള്‍ക്ക് ഇത് ഉത്തർപ്രദേശില്‍ ചെന്ന് യോഗി ആദിത്യനാഥിനെതിരെ പറയാമോ.. ഗുജറാത്തില്‍..? ഈ‌ സുരക്ഷയുടെയും സ്വാതന്ത്ര്യത്തിന്റെയും പേരാണ് കേരളം!

ഏത് ജാതിയില്‍പ്പെട്ടവരായാലും നിങ്ങള്‍ക്ക് സ്വാതന്ത്ര്യമായി സഞ്ചരിക്കാനും ഇഷ്ടമുള്ളത് കഴിക്കാനും അതിലുപരി നിങ്ങള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും ചികിത്സയും നല്‍കുന്ന ആ നാടിന്റെ പേര് തന്നെയാണ് ഇന്നും കേരളം.പ്രളയകാലത്ത്,കോറോണക്കാലത്ത് നിങ്ങളെ കൈവിടാതെ സംരക്ഷിച്ചിരുന്നത് കേന്ദ്രമല്ല,ഇതേ കേരള സർക്കാർ തന്നെയാണ്.കൊറോണക്കാലത്ത് ഉത്തർപ്രദേശില്‍ ഗംഗാ നദിയില്‍ ഒഴുക്കിവിട്ട ശവങ്ങളുടെ കണക്ക് ഇന്നും ആർക്കുമറിയില്ല.അതേസമയം പ്രളയസമയത്ത് തന്ന അരിയുടെ കാശ് കണക്ക് പറഞ്ഞു കേരളത്തോട് വാങ്ങിച്ച കേന്ദ്ര സർക്കാരിനെ എല്ലാവർക്കും അറിയുകയും ചെയ്യാം.യുഎഇ ഉള്‍പ്പെടെ വിദേശരാജ്യങ്ങള്‍ കേരളത്തിന് പ്രഖ്യാപിച്ച സാമ്ബത്തിക സഹായങ്ങള്‍ തടഞ്ഞതും മറ്റാരുമായിരുന്നില്ല.

ഒരു ഫെഡറല്‍ ഗവണ്‍മെന്റ് സംസ്ഥാനത്തിന് നല്‍കേണ്ട ആനുകൂല്യങ്ങള്‍ തടഞ്ഞുവയ്ക്കുന്നതും ഇക്കാലയളവില്‍ നാം കണ്ടു.കേരളത്തിന് നിയമപരമായി ലഭിക്കേണ്ട എത്രയോ രൂപയാണ് വെട്ടിക്കുറച്ചത്.അതിലുപരി റേഷൻ വിഹിതത്തില്‍…

ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ ഗോഡൗണുകളില്‍ സംഭരിച്ച്‌ വിതരണം ചെയ്തിരുന്ന അരിയുടെ വിതരണച്ചുമതലയില്‍ നിന്ന് അടുത്തിടെ യാണ് സംസ്ഥാന ഏജൻസികളെ മാറ്റിയത് എഫ്സിഐയുടെ പക്കല്‍ സ്റ്റോക്കുള്ള മുഴുവൻ അരിയും കേന്ദ്ര ഏജൻസികളായ നാഫെഡ്, കേന്ദ്രീയ ഭണ്ടാർ, ദേശീയ സഹകരണ കണ്‍സ്യൂമർ ഫെഡറേഷൻ എന്നീ കേന്ദ്ര ഏജൻസികള്‍ക്ക് കൈമാറണമെന്നായിരുന്നു കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്റെ നിർദേശം

പഴയ രീതി അനുസരിച്ച്‌ സംഭരിക്കപ്പെടുന്ന അരിക്ക് കേന്ദ്രം ടെൻഡർ ക്ഷണിക്കുമ്ബോള്‍ സപ്ലൈകോ അടക്കം കേരളത്തില്‍ നിന്നും പങ്കെടുത്ത് അരി വാങ്ങിയിരുന്നു.സപ്ലൈകോ 24 രൂപയ്ക്ക് എഫ്സിഐയില്‍ നിന്നു വാങ്ങുന്ന വെള്ള അരി ഒരു രൂപ കുറച്ച്‌ 23 രൂപയ്ക്കും ചുവന്ന അരി 24 രൂപയ്ക്കുമാണ് ഇങ്ങനെ വിതരണം ചെയ്തിരുന്നത്.കൂടാതെ സർക്കാർ കുറഞ്ഞ നിരക്കില്‍ റേഷൻ കടകള്‍ വഴിയും മറ്റും വിതരണം ചെയ്തുകൊണ്ടിരുന്നതും ഇത്തരത്തില്‍ വാങ്ങിയായിരുന്നു.പുതിയ നിർദേശപ്രകാരം സപ്ലൈകോയ്ക്ക് ഇങ്ങനെ അരി വാങ്ങാൻ കഴിയില്ല. അതേസമയം എഫ്സിഐ സബ്സിഡിയോടെ 18.59 രൂപയ്ക്ക് കേന്ദ്ര ഏജൻസികള്‍ക്ക് അരി കൈമാറുകയും വേണം.അതാണ് അവർ 29 രൂപയ്ക്ക് ഭാരത് ബ്രാൻഡായി നാടൊട്ടുക്ക് വില്‍ക്കുന്നത്.ഇതിനെ മറികടക്കാനാണ് കേരളം കെ റൈസുമായി വന്നത് .തെലങ്കാനയില്‍ നിന്ന് കിലോഗ്രാമിന് 41 രൂപ നിരക്കില്‍ വാങ്ങുന്ന അരിയാണ് 30 രൂപയ്ക്കും 29 രൂപയ്ക്കും സംസ്ഥാനത്ത്‌ വില്‍ക്കുന്നത്.

മറ്റൊന്നാണ് നികുതി നിഷേധം.ഒരു രൂപ കേരളം നികുതി പിരിച്ചുനല്‍കുമ്ബോള്‍ കേന്ദ്രം അതിന്റെ വിഹിതമായി മടക്കിനല്‍കുന്നത് 57 പൈസയാണ്.ഇനി ഹിന്ദി ഭൂപ്രദേശത്തെ, വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങള്‍ക്ക് കിട്ടുന്നത് അറിയുമ്ബോഴാണ് ഇപ്പോഴത്തെ സംവിധാനത്തെ പറ്റി നമുക്ക് കൃത്യമായി മനസിലാവുക.ഒരു രൂപ നികുതി പിരിച്ചു നല്‍കിയാല്‍ മധ്യപ്രദേശിന്‌ 2.42 രൂപയും ഉത്തർ പ്രദേശിന് 2.73 രൂപയും രാജസ്ഥാന് 1.33 രൂപയും ബിഹാറിന് 7.06 രൂപയുമാണ് കേന്ദ്രം തിരികെ നല്‍കുന്നത്.ഇനി മറ്റ് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ കണക്ക് നോക്കിയാല്‍ തമിഴ്നാട് ഒരു രൂപ കേന്ദ്രത്തിന് നികുതി പിരിച്ചുനല്‍കുമ്ബോള്‍ കേന്ദ്രം അതിന്റെ വിഹിതമായി മടക്കിനല്‍കുന്നത് 29 പൈസയാണ്.കർണാടകത്തിന് 15 പൈസയും തെലങ്കാനയ്ക്ക് 43 പൈസയുമാണ് ഇത്തരത്തില്‍ ലഭിക്കുന്നത്

ഇതുകൊണ്ട് തന്നെയാണ് കേരളവും തമിഴ്നാടും പോലെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങള്‍ ഇന്നും രാജ്യത്ത് വേറിട്ട് നില്‍ക്കുന്നത്.ബിജെപിയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വ രാഷ്ട്രീയം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതുതന്നെയാണ്. രാഷ്ട്രീയാധികാര തലത്തിലേക്ക് കയറാൻ കഴിയാത്ത വിധത്തില്‍, കർണാടകയിലെ ഇടവേളകളൊഴിച്ചാല്‍, തെക്കേ ഇന്ത്യ ഇതുവരെയെങ്കിലും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ബാലികേറാമലയാകുന്നതും ഇതുകൊണ്ടൊക്കെ തന്നെയാണ്.പ്രത്യേകിച്ച്‌ കേരളം വിത്യസ്തമാകുന്നതും ഇവിടെയാണ്.

Facebook Comments Box

By admin

Related Post