Fri. May 17th, 2024

സപ്ലൈകോ സബ്‌സിഡി സാധനങ്ങള്‍ ഇനി റേഷന്‍കടകള്‍ വഴിയും

By admin Nov 1, 2021 #ration
Keralanewz.com

തിരുവനന്തപുരം: സപ്ലൈകോ സബ്‌സിഡി സാധനങ്ങള്‍ ഇനി റേഷന്‍കടകള്‍ വഴിയും. സബ്‌സിഡ്‌ ഐറ്റങ്ങള്‍ക്കു പുറമേ 24 ഇനം നിത്യോപയോഗ സാധനങ്ങളാണ്‌ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്നത്‌.

സബ്‌സിഡി നിരക്കില്‍ സപ്ലൈകോ ഔട്ട്‌ലറ്റുകളിലൂടെ വിതരണം ചെയ്‌തുകൊണ്ടിരിക്കുന്ന നിത്യോപയോഗ സാധനങ്ങള്‍ റേഷന്‍ കടകളിലേക്കു മാറ്റാനാണ്‌ പൊതുവിതരണ വകുപ്പ്‌ തീരുമാനം. പദ്ധതിക്കു ഇന്നു തുടക്കമായേക്കും. അരിയും പഞ്ചസാരയും വെളിച്ചെണ്ണയും മുളകും പയറും ഉള്‍പ്പെടെ റേഷന്‍ കാര്‍ഡ്‌ ഹാജരാക്കിയാല്‍ റേഷന്‍ കടകളില്‍ നിന്നു ഇവ വാങ്ങാനാകും.
മാവേലി സ്‌റ്റോറുകള്‍ ഉള്‍പ്പെടെ സപ്ലൈകോ നടത്തുന്ന വില്‍പനശാലകള്‍ വഴിയാണു സബ്‌സിഡി ഭക്ഷ്യ സാധനങ്ങള്‍ നിലവില്‍ വിതരണം ചെയ്‌തുകൊണ്ടിരിക്കുന്നത്‌. റേഷന്‍ കടകളിലേക്ക്‌ ഇവയുടെ വിതരണം മാറ്റാന്‍ പൊതുവിതരണ ഡയറക്‌ടറുടെ ശിപാര്‍ശ മൂന്നു മാസം മുന്‍പു സര്‍ക്കാരിനു ലഭിച്ചിരുന്നു. എന്നാല്‍ ഇതേവരെ ഇത്‌ നടപ്പായിരുന്നില്ല.
ഇതു നടപ്പാകുന്നതോടെ റേഷന്‍ കടകളുടെ മുഖം മാറും. ന്യായമായ വിലയില്‍ നിത്യോപയോഗ സാധനങ്ങളെല്ലാം ഒന്നിച്ചു ലഭിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളുടെ നിലയിലേക്കു റേഷന്‍ കടകളുയരും. റേഷന്‍ കടയിലേക്കും സപ്ലൈകോ വില്‍പനശാലയിലേക്കും പലവട്ടം യാത്ര ചെയ്യേണ്ട ഗതികേടില്‍ നിന്നു റേഷന്‍ കാര്‍ഡുടമകള്‍ക്കും മോചനം ലഭിക്കും. മാവേലി സ്‌റ്റോര്‍, സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ്‌, പീപ്പിള്‍ ബസാര്‍, ഹൈപ്പര്‍ മാര്‍ക്കറ്റ്‌ എന്നിവയുടെ എണ്ണം കുറവായതിനാല്‍ ജനം കൂട്ടത്തോടെ തിക്കിത്തിരക്കേണ്ട അവസ്‌ഥയും മാറും. റേഷന്‍ ഡിപ്പോകളില്‍ ഭിന്നശേഷിക്കാരെയും മുതിര്‍ന്ന പൗരന്മാരെയും വരി നിര്‍ത്തുന്നത്‌ ഒഴിവാക്കണമെന്നും ഇവര്‍ക്കു മുന്‍ഗണന നല്‍കണമെന്നും സര്‍ക്കാര്‍ നിര്‍ദേശവും ഉടന്‍ നടപ്പിലാകും.

Facebook Comments Box

By admin

Related Post