Thu. May 2nd, 2024

കോണ്‍ഗ്രസില്‍ ഒരാള്‍ക്ക് ഒരു പദവി, സ്ഥിരം ജോലിയുണ്ടെങ്കില്‍ പദവിയില്ല

By admin Jan 2, 2022 #news
Keralanewz.com

തിരുവനന്തപുരം: കോണ്‍ഗ്രസ് പുനഃസംഘടനയില്‍ ഒരാള്‍ക്ക് ഒരു പദവി മതിയെന്ന് കെ.പി.സി.സി. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, ബാങ്കിങ് മേഖലയില്‍ സ്ഥിരം ജോലിയുള്ളവരെയും ത്രിതലപഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരെയും ഡി.സി.സി. ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍ എന്നീ സ്ഥാനങ്ങളിലേക്ക് പരിഗണിക്കേണ്ടെന്ന് കെ.പി.സി.സി. മാര്‍ഗനിര്‍ദേശംനല്‍കി. മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാന്‍ കഴിയുന്നവര്‍ക്കായിരിക്കണം മുന്‍ഗണന.
നിലവിലുള്ള ഭാരവാഹികളില്‍ കഴിവും പ്രവര്‍ത്തനമികവുമുള്ളവരെ ഡി.സി.സി. ഭാരവാഹികളാക്കാം. ഡി.സി.സി. ഭാരവാഹികള്‍, എക്‌സിക്യുട്ടീവ് അംഗങ്ങള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍ എന്നിവരില്‍ 50 ശതമാനം പേരെങ്കിലും യുവജനങ്ങളും പുതുമുഖങ്ങളുമായിരിക്കണം. ഈ സ്ഥാനങ്ങളിലേക്ക് പരിഗണിക്കുന്നതിനുള്ള മാനദണ്ഡത്തിനും രൂപംനല്‍കി.
കെ.പി.സി.സി. അംഗങ്ങള്‍, മുന്‍ കെ.പി.സി.സി. വിശാല എക്‌സിക്യുട്ടീവ് അംഗങ്ങള്‍, പോഷകസംഘടന ജില്ലാ പ്രസിഡന്റുമാര്‍, സംസ്ഥാനഭാരവാഹികള്‍, മുമ്പ് ബ്ലോക്ക് പ്രസിഡന്റുമാരായും ഡി.സി.സി. ഭാരവാഹികളായും പ്രവര്‍ത്തിച്ചിരുന്നവര്‍, യൂത്ത് കോണ്‍ഗ്രസില്‍ 2010നുമുമ്പ് പ്രവര്‍ത്തിച്ചിരുന്നവരും ഇപ്പോഴും സംഘടനയില്‍ ഒരു പദവിയും ലഭിച്ചിട്ടില്ലാത്തതുമായ ഭാരവാഹികള്‍, നിയോജകമണ്ഡലം പ്രസിഡന്റുമാര്‍, ട്രേഡ് യൂണിയന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റുമാര്‍ എന്നിവരെ പരിഗണിക്കാം.
ജില്ലയില്‍ കുറഞ്ഞത് ഒരു ബ്ലോക്കിലും നിയോജകമണ്ഡലത്തില്‍ ഒരു മണ്ഡലത്തിലുമെങ്കിലും വനിതയെ പ്രസിഡന്റാക്കണം. രാഷ്ട്രീയേതര സംഭവങ്ങളില്‍ ക്രിമിനല്‍ക്കേസില്‍ ശിക്ഷിക്കപ്പെട്ടവരെ ഭാരവാഹികളാക്കരുത്. വനിതകള്‍ക്കും പട്ടികജാതി, വര്‍ഗ, പിന്നാക്ക വിഭാഗക്കാര്‍ക്കും ഡി.സി.സി. ഭാരവാഹികള്‍, എക്‌സിക്യുട്ടീവ് കമ്മിറ്റി എന്നിവയില്‍ പ്രാതിനിധ്യം നല്‍കണം.
മാനദണ്ഡള്‍ക്കനുസരിച്ച് നിലവിലുള്ള ഡി.സി.സി. പ്രസിഡന്റുമാര്‍, മുന്‍ പ്രസിഡന്റുമാര്‍, ജില്ലയിലെ കെ.പി.സി.സി. ഭാരവാഹികള്‍, എം.പി.മാര്‍, എം.എല്‍.എ.മാര്‍, പോഷകസംഘടനാ ജില്ലാ പ്രസിഡന്റുമാര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരുമായി ആശയവിനിമയം നടത്തിയാകണം ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പാനല്‍ തയ്യാറാക്കേണ്ടത്. ഏഴാം തീയതിക്കകം പാനല്‍ നല്‍കണം. 15നകം പുനഃസംഘടന പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സംഘടനാച്ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ പറഞ്ഞു.
മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പുനഃസംഘടനയ്‌ക്കെതിരായിരുന്നെങ്കിലും മാനദണ്ഡങ്ങള്‍ക്കനുസൃതമായി പുനഃസംഘടന നടത്താമെന്ന നിര്‍ദേശത്തോട് പിന്നീട് യോജിച്ചു. അവര്‍കൂടി അംഗീകരിച്ച മാനദണ്ഡങ്ങള്‍ക്കാണ് രൂപംനല്‍കിയിരിക്കുന്നത്

Facebook Comments Box

By admin

Related Post