Sat. May 18th, 2024

മലയിടുക്കില്‍ കുടുങ്ങിയ യുവാവുമായി കരസേനാ സംഘം സംസാരിച്ചു

By admin Feb 9, 2022 #babu.indian army #rescue
Keralanewz.com

പാലക്കാട്; മലകയറാന്‍ പോയി മലയിടുക്കില്‍ കുടുങ്ങിയ ബുബുവുമായി സുരക്ഷാസംഘത്തിലെ ഉദ്യോഗസ്ഥര്‍ സംസാരിച്ചു.

യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു.

കോയമ്ബത്തൂരില്‍നിന്നെത്തിയ പര്‍വതാരോഹകര്‍ അടങ്ങുന്ന കരസേനാ സംഘവും ബെംഗളൂരുവില്‍നിന്നെത്തിയ വ്യോമസേനാ സംഘവുമാണ് രക്ഷാദൗത്യത്തില്‍ ഏര്‍പ്പെടുന്നത്. രാത്രിയാണ് വൈകി എത്തിയ സംഘം അപ്പോള്‍ത്തന്നെ രക്ഷാദൗത്യത്തിന് തയ്യാറാവുകയായിരുന്നു.

മലയിടുക്കില്‍ കുടങ്ങിക്കിടക്കുന്ന ബാബുവിന് ഇതുവരെ വെള്ളമോ ഭക്ഷണമോ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. അത് ഉടന്‍ സാധ്യമാവുമെന്നാണ് പ്രതീക്ഷ.

സൈന്യം ബാബുവിന്റെ 200 ഓളം അടി അടുത്തെത്തിയിട്ടുണ്ട്. താമസിയാതെ താഴെയിറക്കാന്‍ ആയേക്കും.

താഴെ ഡോക്ടര്‍മാരുടെ സംഘം കാത്തുനില്‍ക്കുന്നുണ്ട്. യുവാവിനെ രക്ഷപ്പെടുത്തി താഴെയെത്തിച്ചാല്‍ പരിശോധിച്ച ശേഷം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് തുടര്‍ചികില്‍സക്കായി മാറ്റും.

തിങ്കളാഴ്ച വൈകീട്ടോടെയാണ് മലമ്ബുഴ ചെറാട് സ്വദേശി ആര്‍ ബാബു (23) സുഹൃത്തുക്കള്‍ക്കൊപ്പം മലകയറിയതും കാല്‍വഴുതി താഴേക്ക് വീണു മലയിടുക്കില്‍ കുടുങ്ങിയതും. ചെങ്കുത്തായ കുമ്ബാച്ചി മലയിലാണ് ബാബു കുടുങ്ങിയത്.

തിങ്കളാഴ്ച രാത്രിയോടെ പോലിസും ദുരന്തനിവാരണ സേനയും ഫോറസ്റ്റ്, ഫയര്‍ഫോഴ്‌സ് അടക്കമുള്ള സംഘം രക്ഷാപ്രവര്‍ത്തനത്തിനായി മലമുകളിലേക്ക് എത്തിയെങ്കിലും യുവാവ് കുടുങ്ങിയ ഭാഗത്തേക്കു പോവാന്‍ സാധിച്ചില്ല. അതോടെ രാത്രി മലമുകളില്‍തന്നെ സംഘം ക്യാംപ് ചെയ്യുകയാണ്. വന്യമൃഗങ്ങള്‍ വരാതിരിക്കാന്‍ തീപ്പന്തങ്ങളും മറ്റും ഉപയോഗിച്ചാണ് സുരക്ഷയൊരുക്കുന്നത്. വടമുപയോഗിച്ച്‌ ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്തേക്കു ചെന്നെത്താനായിരുന്നു ആദ്യശ്രമം. എന്നാല്‍, ചെങ്കുത്തായ മലയായതിനാല്‍ വടം കെട്ടാനോ താഴേക്ക് ഇറങ്ങാനോ സാധിക്കാതെ വന്നതോടെ ശ്രമം ഉപേക്ഷിച്ചു. നേവിയുടെ സഹായത്തോടെ ഹെലികോപ്റ്റര്‍ എത്തിച്ച്‌ എയര്‍ ലിഫ്റ്റ് ചെയ്യാനായി അടുത്ത നീക്കം. ജില്ലാ കലക്ടര്‍ ഇടപെട്ട് ഇതിനുവേണ്ട നടപടികള്‍ സ്വീകരിച്ചു.

ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പാറക്കെട്ടിനു സമീപം എത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം മടങ്ങിപ്പോയിരുന്നു.

ബാബുവും മൂന്നു സുഹൃത്തുക്കളും തിങ്കളാഴ്ച ഉച്ചയ്ക്കാണ് മലകയറിയത്. ഇതിനിടയിലാണ് ബാബു കാല്‍വഴുതി കൊക്കയിലേക്ക് വീണത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ വടിയും മറ്റും ഇട്ടുകൊടുത്തു രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഇവര്‍ മല ഇറങ്ങിയശേഷം പോലിസിനെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു.

വീഴ്ചയില്‍ ബാബുവിന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്. കൈയിലുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ അയച്ചു കൊടുത്തിരുന്നു. ഹെലികോപ്റ്ററിലെ രക്ഷാപ്രവര്‍ത്തകര്‍ക്കു ഷര്‍ട്ട് വീശി കാണിക്കുകയും ചെയ്തിരുന്നു.

Facebook Comments Box

By admin

Related Post