Sat. May 11th, 2024

തെറ്റുചെയ്തിട്ടുണ്ടോ, നടപടിയുണ്ടാകും; ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ ചുമതല പാര്‍ട്ടിക്ക് ഏറ്റെടുക്കാനാകില്ല; കുറ്റക്കാരെ സംരക്ഷിക്കില്ല

By admin Jun 29, 2021 #news
Keralanewz.com

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടവര്‍ നടത്തുന്ന പ്രതികരണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പാര്‍ട്ടിക്ക് കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ക്രിമിനല്‍ പ്രവര്‍ത്തനത്തെയും സര്‍ക്കാര്‍ സംരക്ഷിക്കില്ല. സംസ്ഥാനത്ത് ഒറ്റപ്പെട്ടതല്ലാത്ത സംഘടിത കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ട്. സര്‍ക്കാരിന് ഇടപെടാന്‍ കഴിയുംവിധം നിയമപരമായ ക്രമീകരണം ആലോചിക്കുമെന്ന്് മുഖ്യമന്ത്രി പറഞ്ഞു.

ക്രിമിനല്‍ കുറ്റങ്ങളില്‍ ഉള്‍പ്പെട്ടവരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളുടെ ഉത്തരവാദിത്വം പാര്‍ട്ടിക്കില്ല. ഫെയ്‌സ്ബുക്ക് പോസ്റ്റിടുന്നവര്‍ പാര്‍ട്ടി വക്താക്കളോ ചുമതലക്കാരോ അല്ല. പാര്‍ട്ടിക്കുവേണ്ടി ത്യാഗമനുഭവിച്ചവര്‍ പോലും വഴിമാറിയപ്പോള്‍ പാര്‍ട്ടി നടപടിയെടുത്തിട്ടുണ്ട്. ഒരുതെറ്റിന്റെയും കൂടെ നില്‍ക്കുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഒരു ക്രിമിനല്‍ പ്രവര്‍ത്തകരെയും സര്‍ക്കാര്‍ സംരക്ഷിക്കില്ല. ആരെ എടുത്താലും അവര്‍ക്ക് രാഷ്ട്രീയ ആഭിമുഖ്യങ്ങളുണ്ടാകും. അതനുസരിച്ച് അഭിപ്രായപ്രകടനങ്ങളും അവര്‍ നടത്തുന്നുണ്ടാവും. ഏത് രാഷ്ട്രീയ നിലപാടുള്ളവരാണെങ്കിലും ചെയ്ത കുറ്റകൃത്യത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുക.

ചില കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് ഇടപെടുന്നതിനുള്ള പരിമിതികളുണ്ട്. സംസ്ഥാനത്ത് സംഘടിത കുറ്റകൃത്യങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന് അന്വേഷണത്തില്‍ ഇടപെടാന്‍ കഴിയുന്ന വിധത്തില്‍ നിയമപരമായ ക്രമീകരണം കൊണ്ടുവരുന്നതിനേക്കുറിച്ച് ആലോചിക്കേണ്ട സാഹചര്യമാണിത്. ഉള്ള അധികാരം ഫലപ്രദമായി ഉപയോഗിച്ച് ഇത്തരം ശക്തികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ എല്ലാക്കാലത്തും സ്വീകരിച്ചിട്ടുള്ളത്.

ഈ വിഷയത്തെ രാഷ്ട്രീയമായി വക്രീകരിക്കാനുള്ള ശ്രമം പ്രതിപക്ഷം നടത്തും. മുന്‍ പ്രതിപക്ഷ നേതാവ് എന്തൊക്കെ വിഷയങ്ങള്‍ ഉന്നയിച്ചു. എന്നിട്ട് എന്തെങ്കിലും സംഭവിച്ചോ. ഒരു സര്‍ക്കാര്‍ എന്ന നിലയ്ക്ക് വിഷയത്തില്‍ ഇടപെടുന്നതില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നാണ് നോക്കേണ്ടത്. രാഷ്ട്രീയത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് എന്തെങ്കിലും പറയുന്നുണ്ടെങ്കില്‍ അതിന് മറുപടി പറയാന്‍ ഇപ്പോള്‍ പറ്റില്ലെന്നും പിണറായി പറഞ്ഞു.

Facebook Comments Box

By admin

Related Post