Mon. May 20th, 2024

പെൻഷൻ ആനുകൂല്യമില്ല; സമരത്തിനൊരുങ്ങി അംഗൻവാടി ജീവനക്കാര്‍

By admin May 10, 2024
Keralanewz.com

തിരുവനന്തപുരം: വിരമിക്കല്‍ ആനുകൂല്യം നല്‍കാതെ സർക്കാർ സംസ്ഥാനത്തെ അംഗൻവാടി ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്നു.

2023ലും 2024ലും വിരമിച്ച ജീവനക്കാർക്കാണ്‌ ക്ഷേമനിധിയിലടച്ച തുക പോലും നല്‍കാതെ സർക്കാറും അധികൃതരും വലക്കുന്നത്‌.

2023ല്‍ 1950 പേരും 2024 ല്‍ 2285 പേരുമാണ്‌ വിരമിച്ചത്‌. ഇവർക്കുള്ള പെൻഷനും ത്രിശങ്കുവിലാണ്‌. ജോലി ചെയ്‌ത വർഷങ്ങളില്‍ അധ്യാപകർക്ക് 500 രൂപ വീതവും ഹെല്‍പർമാർക്ക് 250 രൂപ വീതവും പ്രതിമാസം ക്ഷേമനിധിയില്‍ അടക്കുമായിരുന്നു. ആ തുകയും 20 ശതമാനം സർക്കാർ വിഹിതവും എട്ട്‌ ശതമാനം പലിശയുമുള്‍പ്പെടെയാണ്‌ വിരമിക്കല്‍ ആനുകൂല്യമായി നല്‍കേണ്ടത്‌.

സർക്കാർ ഫണ്ടില്‍ തുകയില്ലെന്നും ധനവകുപ്പില്‍നിന്ന്‌ അനുവദിക്കുന്നില്ലെന്നുമൊക്കെയാണ്‌ അധികൃതരില്‍ നിന്നുള്ള മറുപടി. അർഹമായ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ കേരള അംഗൻവാടി ആൻഡ്‌ ക്രഷ് വർക്കേഴ്‌സ്‌ യൂനിയൻ മുഖ്യമന്ത്രിക്കും വകുപ്പ്‌ ഡയറക്‌ടർക്കുമുള്‍പ്പെടെ പരാതി നല്‍കിയിരുന്നു. കഴിഞ്ഞവർഷം വിരമിച്ചവർക്ക്‌ പെൻഷൻ ഇനത്തില്‍ ഒരു രൂപ പോലും ലഭിച്ചിട്ടില്ല.

അതിനുമുമ്ബ് വിരമിച്ചവർക്ക്‌ മൂന്നുമാസം കൂടുമ്ബാേഴാണ്‌ പെൻഷൻ ലഭിക്കുന്നത്‌. അംഗൻവാടി വർക്കർക്ക്‌ 2500 രൂപയും ഹെല്‍പ്പർക്ക്‌ 1500 രൂപയുമാണ്‌ പെൻഷൻ തുക. തുച്ഛമായ ആ തുകയെങ്കിലും കൃത്യമായി അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്‌. വനിതാ ശിശുവികസന മന്ത്രാലയത്തിനുകീഴില്‍ കഴിഞ്ഞ 47 വർഷമായി സംയോജിത ശിശു വികസന സേവന പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ചുവരുന്നവരാണ്‌ അംഗൻവാടി ജീവനക്കാർ.

2022ല്‍ അംഗൻവാടി ജീവനക്കാർ ഗ്രാറ്റ്വിറ്റിക്ക്‌ അർഹരാണെന്ന്‌ സുപ്രീംകോടതി നിർദേശിച്ചിരുന്നു. സംസ്ഥാനത്താകെ അറുപത്താറായിരത്തില്‍ അധികം അംഗൻവാടി ജീവനക്കാരാണുള്ളത്‌. തങ്ങളുടെ പെൻഷൻ ആനുകൂല്യം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി കേരള അംഗൻവാടി ആൻഡ്‌ ക്രഷ്‌ വർക്കേഴ്‌സ്‌ യൂനിയൻ വെള്ളിയാഴ്ച വനിത ശിശുവികസനവകുപ്പ്‌ ഡയറക്‌ടറേറ്റില്‍ ഉപരോധസമരം നടത്തും.

ബി.പി.എല്‍ കാർഡുപോലും ഇല്ല

സർക്കാർ ജീവനക്കാർ എന്ന വിഭാഗത്തില്‍പ്പെടുന്നതിനാല്‍ അംഗൻവാടി ജീവനക്കാർക്ക്‌ ബി.പി.എല്‍ കാർഡിന്‌ അർഹതയില്ല. പല ജീവനക്കാരും സാമ്ബത്തികമായി വളരെ പിന്നാക്കവുമാണ്‌. തുച്ഛമായ പെൻഷൻ തുകയില്‍ ജീവിക്കുന്നവർക്ക്‌ സർക്കാർ ആനുകൂല്യങ്ങള്‍ പോലും ഇല്ലെന്നത്‌ ജീവിതം കൂടുതല്‍ ദുരിതമയമാക്കും. തങ്ങളെയും ബി.പി.എല്‍ കാർഡില്‍ ഉള്‍പ്പെടുത്താനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ ജീവനക്കാർ അധികൃതർക്ക്‌ നിവേദനം നല്‍കിയിട്ടുണ്ട്‌.

Facebook Comments Box

By admin

Related Post