Mon. May 20th, 2024

കെ.സുധാകരന്‍ തുടരുക തെരഞ്ഞെടുപ്പ് ഫലം വരെ ?, എം.എം.ഹസന് പിന്തുണയേറുന്നു

By admin May 9, 2024 #CPIM #k sudhakaran
Keralanewz.com

കോട്ടയം: കെപിസിസി പ്രസിഡണ്ടായി ഇന്നലെ വീണ്ടും ചുമതലയേറ്റെങ്കിലും തനിക്ക് ഈ പദവി ഏറെക്കാലം കൊണ്ടുനടക്കാനാവില്ലെന്ന ആശങ്കയില്‍ തന്നെയാണ് കെ.സുധാകരന്‍.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ സുധാകരനെ മാറ്റി നിര്‍ത്തിയിരുന്നു. പകരം എം.എം.ഹസന് ചുമതല നല്‍കി. ഹസനാകട്ടെ താത്കാലികമായെങ്കിലും കൈവന്ന ചുമതല തന്ത്രപൂര്‍വം കൈകാര്യം ചെയ്തു. തെരഞ്ഞെടുപ്പ് വേളയില്‍ ബന്ധപ്പെട്ട നേതാക്കളുമായി ചര്‍ച്ച നടത്തുകയും തഴേത്തട്ടില്‍ ഫലപ്രദമായി പ്രവര്‍ത്തനം ഏകോപിപ്പിക്കുകയും ചെയ്തു. സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലുമായും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായും മാത്രമല്ല, രമേശ് ചെന്നിത്തലയുമായും നിരന്തരം ആശയവിനിമയം നടത്തി ഹസന്‍ കളം പിടിച്ചു. എന്നാല്‍ യഥാര്‍ത്ഥ പ്രസിഡണ്ടായ സുധാകരനോട് ചര്‍ച്ചകള്‍ നടത്തിയുമില്ല. കാര്യമായ കൂടിക്കാഴ്ചകള്‍ ഇല്ലാതെ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചിരുന്ന കെ.സുധാകരന്‌റേതില്‍ നിന്ന് വ്യത്യസ്തമായ ഹസന്‌റെ ശൈലി കേരള നേതാക്കളുടെ പ്രശംസ പിടിച്ചു പറ്റി. ഈ സാഹചര്യത്തില്‍ ഹസന്‍ തുടരട്ടെ എന്ന് നിലപാട് സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചതുമാണ്. എന്നാല്‍ അതിനിടെയാണ് കെപിസിസി പ്രസിഡണ്ട് സ്ഥാനം തിരികെ കിട്ടാത്തതില്‍ കെ സുധാകരന്‍ അതൃപ്തി പ്രകടിപ്പിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നത്. പരസ്യമായി പ്രകടിപ്പിച്ചില്ലെങ്കിലും സുധാകരന്‍ ബന്ധപ്പെട്ട നേതാക്കളുമായി ഇക്കാര്യം പങ്കുവെച്ചിരുന്നു. ഒരു സംഘര്‍ഷം ഒഴിവാക്കാനായി കെ സുധാകരനെ വീണ്ടും കെപിസിസി അധ്യക്ഷപദത്തിലേക്ക് തിടുക്കത്തില്‍ നിയോഗിക്കുകയാണുണ്ടായത്.
അതോടെ ഹസന്‍ ഇടഞ്ഞു. സുധാകരന് പദവി കൈമാറുന്ന ചടങ്ങില്‍ നിന്ന് ഹസനും പിന്തുണയ്‌ക്കുന്നവരും വിട്ടുനില്‍ക്കുന്നതിലേക്ക് അതു നയിച്ചു. ഇതിലെ അപകടം തിരിച്ചറിഞ്ഞ് സുധാകരന്‍ ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടും മുന്‍പേ എടുത്തു പറയുകയും ചെയ്തു. ഏതായാലും ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം കെപിസിസിയില്‍ കാര്യമായ അഴിച്ചു പണിക്ക് എഐ.സിസി തയ്യാറെടുക്കുകയാണ്. കെപിസിസി അധ്യക്ഷ പദത്തില്‍ സുധാകരന് അധികകാലം തുടരാനാവില്ലെന്നു തന്നെയാണ് സൂചനകള്‍.

Facebook Comments Box

By admin

Related Post