Mon. May 20th, 2024

കെജ് രിവാളിന്‍റെ ജാമ്യ ഹ‍രജിയില്‍ സുപ്രിംകോടതി വിധി ഇന്ന്

By admin May 10, 2024
Keralanewz.com

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അറസ്റ്റ് ചെയ്ത് തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷയില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും.

ഹരജിയില്‍ കെജ് രിവാളിന്റെയും ഇഡിയുടെയും വാദം കേട്ട ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറയുക.

കെജ്രിവാളിനെ സ്ഥിരം കുറ്റവാളിയെന്ന നിലയില്‍ പരിഗണിക്കാനാവില്ലെന്നും തിരഞ്ഞെടുപ്പ് കാലമായതിനാല്‍ ഇടക്കാല ജാമ്യം പരിഗണിക്കുമെന്നും ചൊവ്വാഴ്ച വാദം കേള്‍ക്കുന്നതിനിടെ ബെഞ്ച് സൂചിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ചുമതല വഹിക്കരുതെന്ന ഉപാധിയോടെ ജാമ്യം നല്‍കുമെന്ന സൂചനയാണ് ബെഞ്ച് നല്‍കിയത്.

കെജ് രിവാള്‍ മുഖ്യമന്ത്രിയാണെന്നും സ്ഥിരം കുറ്റവാളിയല്ലെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വി ചൂണ്ടിക്കാട്ടിയിരുന്നു. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ഡല്‍ഹിയില്‍ പല ഫയലുകളും തീര്‍പ്പാക്കാനാകാതെ കിടക്കുന്നു. പല തവണ ഇഡിക്ക് മറുപടി നല്‍കി. എന്നാല്‍ ഇഡി പ്രതികരിച്ചില്ലെന്നും കെജ് രിവാളിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ജാമ്യ ഹരജിയെ ഇഡിക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്‌വി രാജു ശക്തമായി എതിര്‍ക്കുകയാണ് ചെയ്തത്. ഗുരുതര കേസില്‍ അറസ്റ്റിലായ വ്യക്തിയാണ് കെജ് രിവാള്‍. ജാമ്യം നല്‍കിയാല്‍ ദുരുപയോഗം ചെയ്യുകയും സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കലുമാകും. ജയിലിലായിട്ടും കെജ് രിവാള്‍ മുഖ്യമന്ത്രിയായി തുടരുന്നത് വ്യക്തിപരമായ തീരുമാനമാണ്. സഹതാപത്തിന്റെ പേരില്‍ ജാമ്യം നല്‍കരുത്. പ്രത്യേക വകുപ്പുകള്‍ ഇല്ലാത്ത കെജ്രിവാള്‍ ജയിലില്‍ കഴിയുന്നത് ഭരണ പ്രതിസന്ധിയുണ്ടാക്കില്ലെന്നും ഇഡി കോടതിയില്‍ വാദിച്ചു.

അതിനിടെ, കെജ് രിവാളിനെതിരായ കേസില്‍ ആദ്യ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കാനാണ് ഇഡി നീക്കം. കേസില്‍ കെജ്‌രിവാളിനെ പ്രതിയെന്ന് രേഖപ്പെടുത്തുന്നത് ഇതാദ്യമായിരിക്കും. കെജ് രിവാളിന് ജാമ്യം ലഭിക്കുന്നത് തടയുക കൂടി ലക്ഷ്യമിട്ടാണ് ഇഡി ഇന്ന് തന്നെ കുറ്റപത്രം സമര്‍പ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍. കെജ് രിവാളിനെ പ്രധാന പ്രതിയാക്കിയാണ് കുറ്റപത്രം തയാറാക്കിയതെന്നാണ് റിപോര്‍ട്ടുകള്‍.ഡല്‍ഹി മദ്യനയക്കേസില്‍ മാര്‍ച്ച്‌ 21നാണ് കെജ് രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. ആദ്യം ഇഡി കസ്റ്റഡിയിലായിരുന്ന അദ്ദേഹത്തെ വിചാരണ കോടതി പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

Facebook Comments Box

By admin

Related Post