Wed. May 8th, 2024

വന്യ ജീവി ആക്രമണത്തിൽ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം ; കേരള കോൺഗ്രസ് (എം)

By admin Feb 16, 2022 #news
Keralanewz.com

ഇടുക്കി: വന്യ ജീവി ആക്രമണത്തിൽ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാൻ  നിയമ നിർമ്മാണം നടത്തണമെന്ന് കേരള കോൺഗ്രസ് എം ഇടുക്കി ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. മനുഷ്യരെ മറന്നു കൊണ്ട് മൃഗങ്ങളെ സംരക്ഷിക്കുന്ന നിയമം എത്രയും വേഗം പൊളിച്ചെഴുതണം. മനുഷ്യര്‍ക്ക് മേല്‍ മൃഗങ്ങളെ പരിരക്ഷിക്കുന്ന  കേന്ദ്ര നയം പ്രതിഷേധാര്‍ഹമാണ്.


1972 ലെ വന്യ ജീവി സംരക്ഷണ നിയമം  കാലോചിതമായി പരിഷ്‌ക്കരിച്ചേ മതിയാകു. മനുഷ്യവാസ മേഖലയില്‍ കടന്നു കയറിയ കാട്ടുപന്നിയെ  ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.  വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണലിന്റെ മാതൃകയില്‍  വൈല്‍ഡ് ലൈഫ് ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ സ്ഥാപിക്കണം മനുഷ്യനാശമോ  ക്യഷി നാശമോ ഉണ്ടായാല്‍ യഥാസമയം നഷ്ടപരിഹാരം നല്‍കാന്‍ കഴിയുന്ന സംവിധാനമായി മാറാന്‍ ട്രൈബ്യൂണലിന് കഴിയണം
ജനസാന്ദ്രതയേറിയ കേരളത്തില്‍ 29 ശതമാനത്തിലധികം  വനപ്രദേശമാണ്. 2016 മുതല്‍ 2020 വരെ 23183 വന്യ ജീവി ആക്രമണങ്ങള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍  1300 മനുഷ്യ ജീവനുകള്‍ വന്യമൃഗങ്ങള്‍ കവര്‍ന്നെടുത്തു. 49 വര്‍ഷം മുമ്പ്,  1972 ല്‍ വിഭാവനം ചെയ്ത വന്യജീവി സംരക്ഷണ നിയമം കാലോചിതമായി പരിഷ്‌ക്കരിച്ചില്ലെങ്കില്‍  മനുഷ്യരുടെ ആവാസ സ്ഥാനത്തേക്ക് മൃഗങ്ങള്‍ കടന്നു കയറും
 


ആര്‍ട്ടിക്കിള്‍ 21 ല്‍ ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പു നല്‍കുന്നുണ്ടെങ്കിലും വന്യമൃഗങ്ങള്‍ അത് കവര്‍ന്നെടുക്കുന്ന ദയനീയ കാഴ്ചയാണ് നിലവിലുള്ളത്. തന്റെയോ ക്യഷിയിടത്തിന്റെയോ സംരക്ഷണത്തിനായി  വന്യമൃഗത്തെ കൊല്ലേണ്ടി വന്നാല്‍ നിലവിലെ  വന്യജീവി സംരക്ഷണ നിയമപ്രകാരം കഠിന ശിക്ഷ യാണ് ലഭിക്കുക ഇത് ഭരണഘടന ഉറപ്പു നൽകുന്ന   21-ാം അനുച്ഛേദത്തിന്റെ നഗ്‌നമായ ലംഘനമാണെന്നും കേരള കോൺഗ്രസ് എം നേതൃയോഗം കുറ്റപ്പെടുത്തി. 1972-ലെ ഈ കരിനിയമം പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരള കോൺഗ്രസ് എം സമര രംഗത്ത് വരുന്നത്. കേന്ദ്ര സർക്കാർ മനുഷ്യത്വപരമായ നിലപാടുകൾ സ്വീകരിക്കുന്നതുവരെ  കേരള കോൺഗ്രസ്  എംപാർട്ടി സമരരംഗത്ത് ഉണ്ടാകുമെന്നും യോഗം പ്രസ്താവിച്ചു.

  ജില്ലയുടെ സുവർണ്ണ ജൂബിലി പ്രമാണിച്ച് വിവിധ വികസന പദ്ധതികളും   നിലവിലുള്ള ഭൂ നിയമങ്ങളുടെ പരിഷ്കരണവും സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജില്ലയുടെ  വികസനത്തിന് ആവശ്യമായ പദ്ധതികൾ വരുന്ന ബഡ്ജറ്റിൽ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ട്രാക്കോ കേബിൾ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ അലക്സ് കോഴിമലയ്ക്ക് യോഗത്തിൽ സ്വീകരണം നൽകി.വന്യ ജീവി ആക്രമണ വിഷയത്തിൽ  കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട്  കർഷക യൂണിയൻ എം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  ഫെബ്രുവരി ഇരുപത്തിരണ്ടിന് ഇടുക്കി വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിന് മുന്നിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിക്കും.   പാർട്ടി ജില്ലാ പ്രസിഡൻറ് ജോസ് പാലത്തിനാൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. നേതാക്കളായ പ്രൊഫ കെ ഐ ആൻറണി, രാരിച്ചൻ നീറണാകുന്നേൽ, അഗസ്റ്റിൻ വട്ടക്കുന്നേൽ, ജിമ്മി മറ്റത്തിപ്പാറ, അഡ്വ.എം എം മാത്യു.ജിൻസൻ വർക്കി, ഷാജി കാഞ്ഞ മല,ടോമി പകലോമറ്റം, അഡ്വ. മനോജ് എം തോമസ്, ജയകൃഷ്ണൻ പുതിയേടത്ത്,  കെ.ജെ സെബാസ്റ്റ്യൻ,ജോയി കിഴക്കേ പറമ്പിൽ, കുര്യാക്കോസ് ചിന്താർമണി തുടങ്ങിയവർ പ്രസംഗിച്ചു

Facebook Comments Box

By admin

Related Post