Wed. May 8th, 2024

റെക്കാഡ് വിലയിലേയ്ക്ക് റബർ കുതിക്കുന്നു

By admin Mar 16, 2022 #news
Keralanewz.com

കോട്ടയം: റബർവില ഏറെക്കാലത്തിനു ശേഷം കിലോയ്ക്ക് 170ൽ എത്തിയെങ്കിലും കടുത്ത വേനലിൽ മരങ്ങൾ പാൽ ചുരത്തുന്നത് കുറഞ്ഞതോടെ ഉയർന്ന വിലയുടെ പ്രയോജനം സാധാരണ കർഷകർക്കു ലഭിക്കുന്നില്ല. അതേസമയം റഷ്യ- യുക്രെയിൻ യുദ്ധസാഹചര്യത്തിൽ സിന്തറ്റിക് റബറിന് വിലയേറിയതോടെ സ്വാഭാവിക റബറിനും വില ഉയരുമെന്ന സ്ഥിതിയാണുള്ളത്.

മാർച്ച് ആദ്യം 165 രൂപയിൽ നിന്ന റബറിന് രണ്ടാഴ്ചക്കുള്ളിൽ അഞ്ചു രൂപയുടെ വർദ്ധനവാണ് ഉണ്ടായത് . ഷീറ്റിനും ഒട്ടുപാലിനും വില കൂടി. ഉത്പാദനം കുറഞ്ഞതോടെ ആവശ്യത്തിന് ചരക്ക് വിപണിയിൽ എത്താത്തതാണ് വില ഉയരാൻ കാരണം. അന്താരാഷ്ട്ര വിപണിയിൽ കൃത്രിമ റബറാണ് കൂടുതൽ വിറ്റു പോകുന്നത്. ക്രൂഡോയിൽവില റഷ്യൻ യുദ്ധ സാഹചര്യത്തിൽ കുതിച്ചുയർന്നത് സിന്തറ്റിക് റബർ വിലയിലും വർദ്ധന ഉണ്ടാക്കി. വിദേശവിപണിയിൽ വില ഉയർന്നതോടെ ഇന്ത്യൻ വിപണിയിൽ റബർ എത്തിക്കുമ്പോൾ കിലോക്ക് 210 രൂപ വരെ ചെലവാകും. ആഭ്യന്തര വിപണിയിൽ ഡിമാൻഡ് കൂടി വില 170 രൂപയിൽ എത്തിയതോടെ ഇറക്കുമതി ലാഭകരമല്ലാത്തതും ഉയർന്ന വില വർദ്ധനവിന് കാരണമായി. യുദ്ധം തുടരുന്നത് രാജ്യാന്തര വിപണിയിൽ ഇനിയും വില ഉയർത്തും. ഇതിന്റെ ചുവട് പിടിച്ച് ആഭ്യന്തര വിലയും ഉയരും. ഉത്പാദന കുറവ് റെക്കാഡ് വില വർദ്ധനവിനും കാരണമായേക്കാം.

ആവശ്യത്തിന് റബർ കിട്ടാതെ വന്നതോടെ ടയർ കമ്പനികൾ റബർ വാങ്ങാതെ വിപണിയിൽ നിന്നു മാറി നിന്ന് വില ഇടിക്കാൻ നോക്കി. ഡിമാൻഡിനനുസരിച്ച് സ്റ്റോക്കില്ലാതെ വന്നതോടെ കുറഞ്ഞ വിലയ്ക്ക് ഷീറ്റ് സംഭരിക്കാനുള്ള നീക്കവും പാളി . ഇപ്പോഴത്തെ ഡിമാൻഡ് അനുസരിച്ച് വില ഇനിയും ഉയർന്നേക്കാമെന്നതിനാൽ നേരത്തേ കുറഞ്ഞ വിലയ്ക്ക് ഷീറ്റ് സ്റ്റോക്ക് ചെയ്തിട്ടുണ്ടെങ്കിലും അവ വിപണിയിൽ ഇറക്കാതെ കൂടുതൽ വാങ്ങി സ്റ്റോക്കു ചെയ്യുകയാണ് വൻകിടക്കാർ.

 റബർ ഷീറ്റ് കിലോയ്ക്ക് 170 രൂപ

കർഷകർക്ക് പ്രയോജനമില്ല

 വേനൽ മഴയില്ലാതായതോടെ മരങ്ങളുടെ ഇല കൊഴിഞ്ഞു

 ചിരട്ടയിൽ നിന്നു പോലും കിട്ടുന്ന പാൽ വളരെ കുറഞ്ഞു

 നൂറ് മരം വെട്ടിയാൽ മൂന്നു കിലോ ഷീറ്റ് പോലും കിട്ടുന്നില്ല

 റബറിനു ദോഷകരമായതിനാൽ രണ്ട് മാസമായി ടാപ്പിംഗില്ല.

 വില വർദ്ധനവിന്റെ പ്രയോജനം കുത്തക വ്യാപാരികൾക്ക്

‘ റബറിന് ഉയർന്ന വില ലഭിക്കുമ്പോൾ ഉത്പാദനമില്ല. ഉത്പാദനം കൂടുമ്പോൾ വിലയുമില്ല. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് റബർ മേഖലയിൽ ഉണ്ടായ പ്രതിസന്ധിയുടെ നേട്ടം വൻകിടക്കാർക്കാണ് . സാധാരണ കർഷകർക്ക് ഒരു പ്രയോജനവുമില്ല.

– തോമസ് കുട്ടി, റബർ കർഷകൻ

Facebook Comments Box

By admin

Related Post