Sat. Jul 27th, 2024

ഡോ. ഫാത്തിമ അസ്‌ല ഉമ്മൻ ചാണ്ടിയുടെ കാരുണ്യം തുണച്ചു; ഭിന്നശേഷിക്കാരിയായ ഫാത്തിമ അസ്‌ല ഡോക്ടറായി

By admin Jul 19, 2023 #news
Keralanewz.com


കോഴിക്കോട് ∙ ഭിന്നശേഷിക്കാരിയായ ബാലുശ്ശേരി ഇയ്യാട് സ്വദേശി ഡോ.ഫാത്തിമ അസ്‌ല ഹോമിയോ ഡോക്ടറായി സ്വന്തം കാലിൽ നിൽക്കുന്നത് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ കാരുണ്യത്തിന്റെ ബലത്തിലാണ്. എല്ലുകൾ പൊട്ടുന്ന അസുഖം മൂലം ബുദ്ധിമുട്ടിയിരുന്ന ഫാത്തിമ അസ്‌ലയ്ക്ക് പ്ലസ് ടു പഠനകാലത്ത് 2011ൽ സ്കൂളിൽ പോകാൻ ഓട്ടോക്കൂലി കൊടുക്കാൻ പണമില്ലാത്തതു കാരണം പഠനം തടസ്സപ്പെടുമെന്ന അവസ്ഥയായിരുന്നു

ഈ സമയത്താണ് പിതാവ് അബ്ദുൽ നാസർ മുഖ്യമന്ത്രിയുടെ സുതാര്യ കേരളം പദ്ധതിയിലേക്ക് അപേക്ഷ അയച്ചത്.
അപേക്ഷ നൽകി ദിവസങ്ങൾക്കകം മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് മുച്ചക്ര സ്കൂട്ടർ വാങ്ങാനുള്ള പണം അനുവദിച്ചുള്ള കത്ത് ഇവരുടെ വീട്ടിൽ ലഭിച്ചു. അന്ന് താമരശ്ശേരി ഗവ.ഹയർ സെക്കൻ‍ഡറി സ്കൂളിൽ പഠനം തുടരാനായത് സ്കൂട്ടർ ലഭിച്ചതു കൊണ്ടു മാത്രമാണ്. പഠനത്തിൽ മിടുക്കിയായ ഫാത്തിമ അസ്‍ല പ്ലസ് ടു വിനുശേഷം കോട്ടയം ഗവ.ഹോമിയോ മെഡിക്കൽ കോളജിൽ പഠനം തുടർന്നു. കോട്ടയത്ത് പഠിക്കുമ്പോഴും ഒരിക്കൽ പഠനം തുടരാൻ സാമ്പത്തിക സഹായത്തിനായി ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്ടിലും പോയിരുന്നു.


അന്നും സാമ്പത്തിക സഹായം നൽകാൻ ഉമ്മൻചാണ്ടി തയാറായി. ജീവിതത്തിലെ 2 പ്രതിസന്ധി ഘട്ടങ്ങളിലും സഹായിച്ച ഉമ്മൻ ചാണ്ടി രോഗശയ്യയിലാണെന് അറിഞ്ഞതു മുതൽ ഈ കുടുംബം പ്രാർഥനയിലായിരുന്നു. അസുഖമെല്ലാം മാറി അദ്ദേഹം പൊതുജീവിതത്തിൽ സജീവമാകുമെന്ന വിശ്വാസത്തിലായിരുന്നു ഇവർ. ഒരു പരിചയവുമില്ലാത്ത, ഒരു ശുപാർശയും ഇല്ലാതെ തങ്ങളെ സഹായിക്കാൻ മനസ്സു കാട്ടിയ അദ്ദേഹത്തെ പോലുള്ള പൊതുപ്രവർത്തകരും ഭരണാധികാരികളും ഇനിയുണ്ടാകുമോയെന്നാണ് ഡോ.ഫാത്തിമ അസ്‍ല ചോദിക്കുന്നത്. 

Facebook Comments Box

By admin

Related Post