Mon. May 6th, 2024

അനധികൃത കയ്യേറ്റം ഒഴിപ്പിക്കാൻ ഇടുക്കിയില്‍ പുതിയ ദൗത്യസംഘം; മുഖ്യചുമതല കളക്ടര്‍ക്ക്

By admin Sep 29, 2023
Keralanewz.com

ഇടുക്കി: അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നതിനായി ഇടുക്കിയിലേക്ക് പുതിയ ദൗത്യസംഘത്തെ നിയോഗിച്ച്‌ സര്‍ക്കാര്‍.
ഇത് സംബന്ധിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി. ഇടുക്കി ജില്ലാ കളക്ടര്‍ക്കാണ് സംഘത്തിന്റെ മുഖ്യചുമതല. അതേ സമയം ഇടിച്ചു നിരത്തല്‍ അനുവദിക്കില്ലെന്ന് ജില്ലാ സിപിഎം പ്രഖ്യാപനം നടത്തിയിരുന്നു.

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാൻ പ്രത്യേക ദൗത്യസംഘത്തെ അയക്കുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച്‌ സിപിഎം ജില്ലാ നേതൃത്വം രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ മൂന്നാറില്‍ ദൗത്യസംഘത്തിന്‍റെ ആവശ്യമൊന്നുമില്ലെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി സിവി വര്‍ഗീസിന്റെ പ്രതികരണം. ദൗത്യസംഘം വന്നാലും ഒഴിപ്പിക്കാനൊന്നും നടക്കില്ല. ദൗത്യസംഘത്തിന്‍റെ അനിവാര്യതയൊന്നും മൂന്നാറിലില്ല. സിപിഎം പാര്‍ട്ടി ഓഫീസുകളെ കുറിച്ച്‌ ഒരു ആശങ്കയും ഇല്ല. പട്ടയം നേരത്തെ ലഭിച്ച ഭൂമിയാണ് ഇതെല്ലാം. കയ്യേറ്റം ഉണ്ടോയെന്ന് പരിശോധിക്കാന്‍ മാത്രമാണ് ദൗത്യസംഘം വേണ്ടതെന്നും സിവി വര്‍ഗീസ് പറഞ്ഞു.

മൂന്നാര്‍ മേഖലയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാൻ രണ്ടുദിവസത്തിനകം പുതിയ ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കി ഉത്തരവിറക്കുമെന്നാണ് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. മൂന്നാര്‍ മേഖലയില്‍ 310 കയ്യേറ്റങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 70 കേസുകളിലാണ് അപ്പീല്‍ നിലവിലുള്ളത്. അപ്പീലുകളില്‍ കലക്ടര്‍ രണ്ട് മാസത്തിനുള്ളില്‍ തീരുമാനമെടുക്കും. ശേഷിച്ച കേസുകളില്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുകയാണ് ടാസ്‌ക് ഫോഴ്‌സിന്റെ ചുമതല. വീട് നിര്‍മിക്കാൻ ഒരു സെന്റില്‍ താഴെ മാത്രമാണ് ഭൂമി കയ്യേറിയിട്ടുള്ളതെങ്കില്‍ അതിനു പട്ടയം നല്‍കുന്ന കാര്യം പരിഗണനയിലുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

Facebook Comments Box

By admin

Related Post