Wed. May 8th, 2024

കരുവന്നൂര്‍:പ്രതിസന്ധി മറികടക്കാൻ തിരുവനന്തപുരത്ത് സിപിഎമ്മിന്റെ തിരക്കിട്ട ചര്‍ച്ചകള്‍

By admin Sep 30, 2023
Keralanewz.com


തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് പ്രതിസന്ധി പരിഹരിക്കാൻ തിരുവനന്തപുരത്ത് തിരക്കിട്ട ചര്‍ച്ചകള്‍. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും വൈസ് പ്രസിഡന്റ് എം.കെ.
കണ്ണനും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി ചര്‍ച്ച നടത്തി. എ.കെ.ജി. സെന്ററില്‍ വെച്ചായിരുന്നു ചര്‍ച്ച.

കരുവന്നൂര്‍ ബാങ്കിലെ ഇടപാടുകാര്‍ക്ക് പണം നല്‍കാൻ കേരള ബാങ്കില്‍ നിന്ന് വായ്പ എടുക്കും എന്ന വാര്‍ത്തകള്‍ക്കിടെയാണ് തിരുവനന്തപുരത്തെ തിരക്കിട്ട ചര്‍ച്ചകള്‍. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എം.കെ. കണ്ണനെ കഴിഞ്ഞ ദിവസം ഇ.ഡി. ചോദ്യം ചെയ്തിരുന്നു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിയ്ക്ക് വലിയ രീതിയിലുള്ള പ്രതിരോധം തീര്‍ക്കേണ്ടി വരുന്ന സാഹചര്യമാണ്. നിക്ഷേപകരുടെ പ്രതിഷേധത്തിന് പുറമെ ഇ.ഡിയുടെ അന്വേഷണം നേതാക്കളിലേക്കും എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ഇടപാടുകാരുടെ പണം എത്രയും പെട്ടെന്ന് തിരികെ നല്‍കാനാണ് പാര്‍ട്ടി തീരുമാനം.

കരുവന്നൂര്‍ പ്രശ്നം തണുപ്പിക്കാൻ അടിയന്തര ഇടപെടല്‍ വേണമെന്ന് എം.കെ. കണ്ണൻ മുഖ്യമന്ത്രിയെ കണ്ട് അറിയിച്ചിരുന്നു. കരുവന്നൂര്‍ ബാങ്കിനെ സഹായിക്കാൻ കേരള ബാങ്കിന് 100 കോടി രൂപവരെ അനുവദിക്കാനാകുമെന്നായിരുന്നു കണ്ണൻ മുഖ്യമന്ത്രിയെ അറിയിച്ചത്.

കരുവന്നൂര്‍ ബാങ്കിന്റെ ആസ്തികള്‍ പണയപ്പെടുത്തിയാകും 100 കോടി അനുവദിക്കുക. 282.6 കോടി രൂപയുടെ നിക്ഷേപം ഇനിയും തിരികെ നല്‍കാനുണ്ട്. ഇതില്‍ 100 കോടിയോളം നിക്ഷേപം, പലിശ മാത്രം നല്‍കി പുതുക്കി. ബാക്കി 182 കോടിയില്‍ 50 ശതമാനം മടക്കിനല്‍കിയാല്‍ നിക്ഷേപകരെ ആശ്വസിപ്പിക്കാനാകും. അതിനായി 100 കോടി വിനിയോഗിക്കാനാണ് പദ്ധതി.

Facebook Comments Box

By admin

Related Post