Wed. May 8th, 2024

സഹകരണ അഴിമതി: എല്‍ഡിഎഫ്-യുഡിഎഫ് അന്തര്‍ധാര വ്യക്തം, കേന്ദ്ര ഏജന്‍സികളെ തടയേണ്ടത് ഇരു മുന്നണികളുടെയും പൊതു ആവശ്യം – കെ.സുരേന്ദ്രൻ

By admin Sep 30, 2023
Keralanewz.com

തിരുവനന്തപുരം: സഹകരണ അഴിമതിയില്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും അന്തര്‍ധാര വ്യക്തമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
ഇഡിക്കെതിരെ വീണ്ടും യുഡിഎഫും എല്‍ഡിഎഫും ഒരുമിച്ച്‌ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സഹകരണ ബാങ്കുകളിലെ ഇഡി അന്വേഷണം സഹകരണ മേഖലയെ മുഴുവന്‍ ബാധിക്കുമെന്ന മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കെ. സുരേന്ദ്രൻ.

ഫേസ്ബുക്ക് പോസ്റ്റ്:

ബിജെപി പറഞ്ഞതു പോലെ കാര്യങ്ങള്‍ എത്തി തുടങ്ങി. സഹകരണ അഴിമതിയുടെ കാര്യത്തിലും അവര്‍ ഒന്നിക്കുകയാണ് സുഹൃത്തുക്കളേ. ഇഡിക്കെതിരെ വീണ്ടും യുഡിഎഫും എല്‍ഡിഎഫും ഒരുമിച്ച്‌ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. കേരളത്തിലെ സഹകരണ ബാങ്കുകള്‍ രണ്ടു കൂട്ടര്‍ക്കും തട്ടിപ്പ് നടത്താനും കള്ളപ്പണം വെളുപ്പിക്കാനുമുള്ള ഇടങ്ങളായത് കൊണ്ട് കേന്ദ്ര ഏജന്‍സികളെ തടയേണ്ടത് ഇവരുടെ പൊതു ആവശ്യമാണ്. മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്കിലെ തട്ടിപ്പിന് പിന്നില്‍ മുസ്ലിം ലീഗാണെങ്കില്‍ കരുവന്നൂരില്‍ അത് സിപിഎമ്മാണെന്ന വ്യത്യാസം മാത്രമേയുള്ളൂ.

ലീഗുകാര്‍ ചന്ദ്രിക പത്രത്തിന്റെ പേരില്‍ 10 കോടി വെളുപ്പിച്ചത് സിപിഎമ്മുകാരുടെ സഹകരണ ബാങ്കിലായിരുന്നുവെന്നതില്‍ തന്നെ അന്തര്‍ധാര വ്യക്തം. കോണ്‍ഗ്രസ് ഭരിക്കുന്ന 200ല്‍ അധികം ബാങ്കുകളില്‍ ക്രമക്കേട് നടന്നെന്ന കണ്ടെത്തലുകളും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്. എന്തായാലും പാവപ്പെട്ട കര്‍ഷകരുടേയും ഓട്ടോ തൊഴിലാളികളുടേയും കൂലി പണിക്കാരന്റെയും ചോര നീരാക്കിയ പണം കൊള്ളയടിക്കാന്‍ ഇനിയും ഇവരെ അനുവദിച്ചുകൂട. ഇടതു-വലത് മുന്നണികളുടെ സഹകരണ കൊള്ളയ്‌ക്കെതിരെ അവസാനം വരെ പോരാടാന്‍ ബിജെപി തയ്യാറാണ്.

Facebook Comments Box

By admin

Related Post