Sun. May 19th, 2024

പോസ്റ്റര്‍ പതിച്ചതിന് യുവാവിനെതിരെ കേസെടുത്ത് പോലീസ്

By admin Oct 1, 2023
Keralanewz.com

കൊച്ചി: തദ്ദേശ സ്ഥാപനത്തിലേക്കുള്ള തെരഞ്ഞെടുപ്പുകാലത്ത് വൈദ്യുതി തൂണില്‍ പോസ്റ്റര്‍ പതിച്ചതിന് യുവാവിനെതിരെ കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥനെ റിഫ്രഷര്‍ കോഴ്സിന് വിടണമെന്ന് ഹൈകോടതി.
തൃശൂര്‍ അന്നംകുളങ്ങര സ്വദേശി രോഹിത് കൃഷ്ണക്കെതിരെ കുന്നംകുളം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. ചെറിയ ശാസനയില്‍ തീര്‍ക്കാവുന്ന പ്രശ്നം സെഷൻസ് കോടതിയിലേക്ക് എത്തിച്ചതടക്കം വിലയിരുത്തിയാണ് ഉത്തരവ്.

2015 ഒക്ടോബര്‍ 10നാണ് വൈദ്യുതി തൂണില്‍ താമര ചിഹ്നം പതിച്ചത്. കുന്നംകുളം മജിസ്ട്രേറ്റ് കോടതിയില്‍ വിചാരണ നടക്കേണ്ട കേസാണിതെങ്കിലും വൈദ്യുതി നിയമത്തിലെ വകുപ്പുകൂടി ചുമത്തിയതിനാല്‍ തൃശൂര്‍ അഡീ. ജില്ല കോടതിലേക്ക് മാറ്റേണ്ടിവന്നതായി കോടതി ചൂണ്ടിക്കാട്ടി.

പശകൊണ്ട് ഒട്ടിച്ച പോസ്റ്റര്‍ നീക്കാൻ കെ.എസ്.ഇ.ബിക്ക് 63 രൂപ ചെലവാകുമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് വൈദ്യുതി നിയമത്തിലെ വകുപ്പ് ചേര്‍ത്തത്.

മറ്റാര്‍ക്കും ശല്യമാകാത്ത ചെറിയ കാര്യങ്ങള്‍ക്ക് കേസെടുക്കേണ്ടതില്ലെന്ന് ഇന്ത്യൻ ശിക്ഷ നിയമംതന്നെ വ്യക്തമാക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. പോസ്റ്റര്‍ നീക്കാൻ 63 രൂപ ചെലവാകുമെന്ന കണ്ടെത്തല്‍ ശരിയാണോ എന്ന കാര്യത്തില്‍ തീര്‍പ്പുണ്ടാക്കാൻ കോടതിക്ക് ദിവസങ്ങള്‍ ചെലവഴിക്കേണ്ടി വരും. ഈ കേസ് തുടരുന്നത് കോടതി നടപടികളുടെ ദുരുപയോഗമാകും.

പാവപ്പെട്ടവരുടെ കോടതിയാണ് പൊലീസ് സ്റ്റേഷൻ എന്ന സിനിമയിലെ ഡയലോഗൊക്കെ കൊള്ളാം. നിയമമറിഞ്ഞത് കൊണ്ടായില്ല, അന്വേഷണ ഉദ്യോഗസ്ഥന് സാമാന്യ ബോധമുണ്ടാകണമെന്നും ജ്ഞാനപ്പാനയിലെ ‘വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്നു നടിക്കുന്നിതു ചിലര്‍’ വരികള്‍ ഉദ്ധരിച്ച്‌ കോടതി ചൂണ്ടിക്കാട്ടി. ഉത്തരവ് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറാനും നിര്‍ദേശിച്ചിട്ടുണ്ട്.

Facebook Comments Box

By admin

Related Post