Sat. May 18th, 2024

ആകാരത്തിലല്ല, ഭാരം വലിക്കുന്നതിലാണ് കാര്യം! ആനയെ വിറ്റ് കഴുതയെ വാങ്ങിയ മലബാര്‍ സമരചരിത്രം

By admin Oct 25, 2023
Keralanewz.com

മൃഗജീവിതങ്ങളെ ചരിത്രാഖ്യാനത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരുന്ന കൃതി. വ്യത്യസ്തങ്ങളായ വ്യാഖ്യാനങ്ങളോടെ ചരിത്രപാഠങ്ങളില്‍ കടന്നുവരാറുള്ള മലബാര്‍സമരങ്ങള്‍ മുഖ്യമായെടുത്ത്, യുദ്ധമുഖങ്ങളിലും മനുഷ്യജീവിതത്തില്‍ പൊതുവേയും മൃഗങ്ങളുടെ പങ്കാളിത്തവും പ്രാധാന്യവും വിശകലനം ചെയ്യുന്നു.
കുതിരകള്‍, ആനകള്‍, കഴുതകള്‍, നായകള്‍, കന്നുകാലികള്‍ തുടങ്ങി ആധുനിക കേരളസമൂഹ സൃഷ്ടിയില്‍ മറ്റേതു തൊഴിലാളിവിഭാഗത്തെപ്പോലെയോ അല്ലെങ്കില്‍ അതിലേറെയോ പങ്കുവഹിച്ചിട്ടുള്ള മൃഗവിഭാഗങ്ങള്‍ ചരിത്രത്തില്‍നിന്നും പുറന്തള്ളപ്പെട്ടതെങ്ങനെയെന്ന് അന്വേഷിക്കുന്ന പുസ്തകമാണ് മഹ്മൂദ് കൂരിയ എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച മൃഗകലാപങ്ങള്‍. പുസ്തകത്തിലെ ഒരു അധ്യായം.

മലബാര്‍ സമരചരിത്രത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന മൃഗങ്ങളിലൊന്നാണ് കഴുത. കഴുതകള്‍ക്ക് മാത്രമായി കലാപസമയങ്ങളില്‍ ഒരു സൈന്യവും ബറ്റാലിയനുമുണ്ടായിരുന്നു. സമരവേളകളില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ മൊത്തം ഭാരം മലബാറില്‍ ഏറ്റിയിരുന്നത് കോവര്‍ കഴുതകളായിരുന്നു. അവയുടെ നിസ്സീമമായ ശ്രമദാനങ്ങള്‍വഴിയാണ് ബ്രിട്ടീഷ് സാമ്രാജ്യത്തിന് കലാപമുഖങ്ങളില്‍ ഒരു പരിധിവരെയെങ്കിലും പിടിച്ചുനില്‍ക്കാനും പിന്നീട് എല്ലാം നഷ്ടപ്പെട്ടിട്ടും ശക്തമായ ഒരു തിരിച്ചുവരവ് നടത്താനും കഴിഞ്ഞത്. അതിനാല്‍ത്തന്നെ മലബാറിലെ ജനങ്ങള്‍ പ്രധാനമായി ആശ്രയിച്ചിരുന്ന കാളവണ്ടികളും ബ്രിട്ടീഷുകാര്‍ വിവിധ നാടുകളില്‍നിന്ന് കൊണ്ടുവന്ന കഴുതകളും തമ്മിലുള്ള ഒരു പോരാട്ടപരമ്ബരകൂടിയായിരുന്നു മലബാര്‍ കലാപങ്ങള്‍.

ചൂടും മഴയും ദാഹവും ഒരുപരിധിവരെ പ്രതിരോധിക്കാനും കുതിരകളുടെ അത്രതന്നെ ഭാരം ചുമക്കാനും കാര്‍ക്കശ്യബുദ്ധിയോടെ ഏത് അപകടാവസ്ഥകളിലും പിടിച്ചുനില്‍ക്കാനും കഴുതകളെക്കാളും സാമര്‍ഥ്യത്തോടെ ജോലിചെയ്യാനും കുതിരകളെക്കാള്‍ ക്ഷമയും ആയുസ്സും കൈമുതലായുള്ള കോവര്‍ കഴുതകള്‍ക്ക് കഴിഞ്ഞിരുന്നതിനാല്‍ യുദ്ധമുഖത്തെ പ്രധാനമൃഗമായിരുന്നു ഇവ. തന്നെ ഏറ്റവും അദ്ഭുതപ്പെടുത്തുന്ന ജീവി (The mule always appears to me a most surprising animal) എന്ന് ചാള്‍സ് ഡാര്‍വിൻ, കോവര്‍ കഴുതകളെക്കുറിച്ച്‌ എഴുതിയത് വെറുതെയല്ലല്ലോ? യുദ്ധത്തിനിറങ്ങുന്ന ഒരു പോരാളിക്ക് കഴുതയുടെ ലക്ഷ്യബോധമുണ്ടാകണമെന്ന് പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ശൈഖ് സൈനുദ്ദീൻ ഒന്നാമൻ തന്റെ മുനവ്വിറുല്‍ ഖുലൂബില്‍ എഴുതുന്നുണ്ട്. അമ്ബ് കൊണ്ടാലും വെട്ടേറ്റാലും ചുമലിലെ ഭാരവുമായി മുന്നോട്ടുപോകുന്ന കഴുതകളെപ്പോലെയാകണം ഓരോ പോരാളിയെന്നും മലബാറിലെ പോര്‍ച്ചുഗീസ് വിരുദ്ധപോരാട്ടങ്ങളുടെ സമയത്ത് അദ്ദേഹം എഴുതിയത് മൂന്നുനാലു നൂറ്റാണ്ടുകള്‍ക്കിപ്പുറം ബ്രിട്ടീഷുകാരോട് പോരാട്ടം നടത്തിയിരുന്ന പലര്‍ക്കും പ്രചോദനമായിരിക്കണം.

മോട്ടോര്‍ വാഹനങ്ങള്‍ വ്യാപകമാകുന്നതിനുമുൻപ് കേരളത്തില്‍ അങ്ങോളമിങ്ങോളം ജനങ്ങള്‍ ആശ്രയിച്ചിരുന്ന കാളവണ്ടികളില്‍ നല്ലൊരു ശതമാനവും മലബാറില്‍ കൈകാര്യം ചെയ്തിരുന്നത് മാപ്പിളമാരായിരുന്നു, പ്രത്യേകിച്ച്‌ തീരപ്രദേശങ്ങളില്‍നിന്ന് ഉള്‍നാടുകളിലേക്കും മലമ്ബ്രദേശങ്ങളിലേക്കുമുള്ള നാട്ടുവഴികളില്‍. കലാപപ്രദേശങ്ങളില്‍ സമരങ്ങള്‍ ചൂടുപിടിക്കുന്ന അവസരങ്ങളില്‍ മാപ്പിളമാര്‍ നിയന്ത്രിക്കുന്ന കാളവണ്ടികളെ ആശ്രയിക്കാനാകില്ല എന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥരില്‍ പലര്‍ക്കും തോന്നിയതിനാലാണ് കഴുതകള്‍ ഒരു ബദല്‍ നിര്‍ദേശമായി സൈനികമേധാവികള്‍ക്കിടയില്‍ ഉയര്‍ന്നുവരുന്നത്. അതിനാല്‍ത്തന്നെ 1910-കളുടെ തുടക്കംമുതല്‍ കലാപങ്ങളുടെ മൂര്‍ധന്യതയില്‍ ഒരു കഴുതബറ്റാലിയൻ (മ്യൂള്‍ റൈഫിള്‍സ്) മലപ്പുറം കേന്ദ്രമായി നിലവിലുണ്ടായിരുന്നു.

മലബാര്‍ കലാപങ്ങളില്‍ ബ്രിട്ടീഷുകാര്‍ കഴുതകളെ ആശ്രയിച്ചത് പ്രധാനമായും ചുമടുകളെടുക്കാനും വെള്ളമെടുക്കാനും സഞ്ചാരമാധ്യമമായുമാണ്. ഇന്ത്യയിലെമ്ബാടും കഴുതകളെ ഉപയോഗിച്ചിരുന്നത് അലക്കുകാരും മറ്റുമായിരുന്നല്ലോ. കേരളത്തില്‍ പുഴകളും കുളങ്ങളും വലിയ ദൂരവ്യത്യാസങ്ങളില്ലാതെ സുലഭമായിരുന്നതിനാല്‍ അലക്കുകാര്‍ക്ക് ചുമടുകളേന്താൻ കഴുതകളെ ആശ്രയിക്കേണ്ടിയിരുന്നില്ല. എങ്കിലും സംഘട്ടനസമയങ്ങളില്‍ സമരക്കാരും സൈന്യങ്ങളും ക്യാമ്ബുകളില്‍നിന്ന് ക്യാമ്ബുകളിലേക്ക് നിരന്തരം സഞ്ചരിച്ചുകൊണ്ടിരുന്നപ്പോള്‍ ഇരുവിഭാഗത്തിനും തദ്ദേശീയരെയും അവിടത്തെ പ്രധാന സഞ്ചാരോപാധികളെയും പെട്ടെന്ന് ആശ്രയിക്കാൻ സാധിക്കാത്തതിനാല്‍ കഴുതകള്‍ വലിയ സഹായകമായിരുന്നു, പ്രത്യേകിച്ച്‌ ബ്രിട്ടീഷ് സൈന്യത്തിന്.

ആദ്യകഴുതകള്‍

1890-കളോടെത്തന്നെ കോവര്‍കഴുതകളെ ബ്രിട്ടീഷുകാര്‍ മലപ്പുറം സ്പെഷ്യല്‍ പോലീസില്‍ ഉപയോഗിച്ചിരുന്നു. മലബാര്‍ സമരങ്ങള്‍ ഒരു തുടര്‍ച്ചയായ 1849-നുശേഷം കലാപങ്ങള്‍ അടിച്ചമര്‍ത്താനും മാപ്പിളമാരെ നിയന്ത്രിക്കാനും മാത്രമായി 1855-ല്‍ സ്ഥാപിതമായ മലപ്പുറം സ്പെഷ്യല്‍ പോലീസില്‍ ആദ്യകാലമത്രയും അധികവും തദ്ദേശീയരായ പോലീസ് ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത് (എം.എസ്.പി. 2021-ല്‍ അതിന്റെ നൂറാംവാര്‍ഷികം ആഘോഷിക്കുന്നത് കണ്ടു. 1921-നും എത്രയോമുൻപ് എം.എസ്.പി. നിലവിലുണ്ടായിരുന്നുവെന്ന വസ്തുതയുടെ തിരസ്കാരമോ തികഞ്ഞ ചരിത്രബോധമില്ലായ്മയോ ആണിത്). എന്നാല്‍ 1884-ലോടെ ഈ അവസ്ഥ മാറുകയും തദ്ദേശീയരെക്കാള്‍ യൂറോപ്യരായ നിരവധി സൈനികര്‍ മലപ്പുറത്തും കോഴിക്കോട്ടും എത്തുകയും അവരുടെ ഉപയോഗത്തിന് മലബാറില്‍ അന്ന് പ്രചാരത്തിലില്ലാതിരുന്ന പല ആയുധങ്ങളും മൃഗങ്ങളും വാഹനങ്ങളും ഭരണകൂടം ലഭ്യമാക്കുകയുംചെയ്തു.

ആ വര്‍ഷങ്ങളില്‍ മലപ്പുറത്ത് താവളമടിച്ച ഓക്സ്ഫഡ്ഷെയര്‍ ലൈറ്റ് ഇൻഫൻട്രിയും കോഴിക്കോട്ടെ റോയല്‍ ഫസിലിയേഴ്സും അന്നത്തെ ഏറ്റവും മികച്ച ആയുധങ്ങളും സന്നാഹങ്ങളും ഉപയോഗിക്കുന്നതില്‍ പരിശീലനം സിദ്ധിച്ചവരായിരുന്നു. മലമ്ബ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും ഉപയോഗിക്കേണ്ട വാഹനങ്ങളും സാമഗ്രികളും അവര്‍ക്ക് പരിചിതമായിരുന്നു. അതോടൊപ്പം, പരമ്ബരാഗത യുദ്ധസജ്ജീകരണങ്ങള്‍ ഏറെ വിലപിടിപ്പുള്ളവയും വലിയ ഭാരമുള്ളവയുമായിരുന്നതിനാല്‍, ഏറ്റവും ചുരുങ്ങിയ ഭാരങ്ങളേറ്റി, ചെലവുചുരുക്കി ഏറ്റുമുട്ടലുകള്‍ നടത്താൻ അന്ന് പല ബ്രിട്ടീഷ് സൈനികത്തലവരും നടത്തിയിരുന്ന കാമ്ബയിനിങ്ങിന്റെ അനുരണനം ഇവരുടെ സന്നാഹങ്ങളിലും പ്രകടമായിരുന്നു. അങ്ങനെയായിരിക്കണം പോലീസിലും സൈന്യത്തിലും കഴുതകള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നത്. കാരണം, ഏറക്കുറെ ഇതേസമയത്തുതന്നെയാണ് ഇന്ത്യൻ സൈന്യത്തിന് സ്ഥിരമായൊരു ട്രാൻസ്പോര്‍ട്ട് വിഭാഗം വരുന്നത്. 1884 വരെയും ഓരോ സ്ഥലത്തെയും തദ്ദേശീയരായ മൃഗങ്ങളെയും വണ്ടികളെയും വണ്ടിക്കാരെയും വാടകയ്ക്കെടുക്കുകയോ താത്കാലികമായി വാങ്ങി ഉപയോഗിക്കുകയോ ആണ് സൈന്യം ചെയ്തിരുന്നത്. എന്നാല്‍, 1884-കളോടെ സ്വന്തമായ ഒരു ട്രാൻസ്പോര്‍ട്ട് വിഭാഗം കമ്മിസരിയറ്റ് ട്രാൻസ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് എന്നപേരില്‍ സൈന്യത്തിനുകീഴില്‍ സ്ഥാപിതമാവുകയും കഴുതകളുടെയും കുതിരകളുടെയും ആനകളുടെയുംമറ്റുമെല്ലാം ചുമതല അവര്‍ ഏറ്റെടുക്കുകയുംചെയ്തു. അവരുടെ മേല്‍നോട്ടത്തില്‍ മലപ്പുറത്ത് സൈനികക്കഴുതകള്‍ സാന്നിധ്യമറിയിച്ചു, 1890-കളോടെ.
മലപ്പുറത്തെ പാണ്ടിക്കാട്ടേക്ക് അമ്ബത് സൈനികരുടെ അത്യാവശ്യമുണ്ടെന്ന ഒരടിയന്തരസന്ദേശം 1894 ഏപ്രില്‍ രണ്ടിന് രാവിലെ ഒമ്ബതുമണിക്ക് എം.എസ്.പിയിലെ കമാൻഡിങ് ഓഫീസര്‍ക്ക് പാണ്ടിക്കാട്ടെ പോലീസില്‍നിന്ന് ലഭിച്ചയുടനെ അങ്ങോട്ട് പുറപ്പെടാനായി തയ്യാറായ ഫസ്റ്റ് ഡോര്‍സെറ്റ് റെജിമെന്റിലെ രണ്ട് ഓഫീസര്‍മാര്‍, ആറ് നോണ്‍-കമ്മിഷൻഡ് ഓഫീസര്‍മാര്‍, 48 പ്രൈവറ്റുകള്‍ എന്നിവര്‍ക്കൊപ്പം ആറ് കഴുതകളുമുണ്ടായിരുന്നു.

സൈന്യത്തിനാവശ്യമായ മുഴുവൻ വെടിക്കോപ്പുകളും ഈ കഴുതകളാണ് വഹിച്ചത്. ഒരാള്‍ക്ക് നാല്‍പ്പത് റൗണ്ടെന്ന തോതിലുള്ള വെടിമരുന്നും പുറമെ റിസര്‍വായി 5500 റൗണ്ടുകളും എട്ട് പെട്ടി ഷോട്ടുകളും എട്ട് കോമണ്‍ ഷെല്ലുകളും പതിനാറ് ഷ്രാപ്നെലുകളും 5500 ലീ-മെറ്റ്മോര്‍ഡും അവയുടെ ചുമലിലായിരുന്നു. ഹൊവിറ്റ്സര്‍, ഗണ്‍ ഡിറ്റാച്ച്‌മെന്റ്, പാചകപാത്രങ്ങള്‍, ആശുപത്രി-പരിചരണ സാമഗ്രികള്‍, വെള്ളം തുടങ്ങിയവ വഹിക്കാൻ ഏതാനും ആനകളും കാളകളും കഴുതകള്‍ക്ക് കൂട്ടിനുണ്ടായിരുന്നു.

മലപ്പുറത്തെ പ്രാദേശികമായ ഒരു സമരമുഖത്തേക്ക് പുറപ്പെടാൻ സന്നദ്ധമായിനില്‍ക്കുന്ന കോവര്‍ക്കഴുതകളെക്കുറിച്ചുള്ള, 1894-ല്‍നിന്നുള്ള ഈ ഹ്രസ്വമായ വിവരണം, അടിയന്തരഘട്ടങ്ങളില്‍ അവയെ ആത്മവിശ്വാസത്തോടെ ആശ്രയിക്കാമെന്ന, അക്കാലത്തെ ആഗോളസൈനികബോധ്യത്തിന്റെ പ്രാദേശികമായ പ്രതിഫലനമാണ്. ഒന്നാം ലോകമഹായുദ്ധത്തോടെ കോവര്‍ക്കഴുതകളും കഴുതബറ്റാലിയനുകളും, വിശിഷ്യാ മാസിഡോണിയൻ മ്യൂള്‍ കോപ്സും, ഏറ്റവും പ്രതിസന്ധിഘട്ടങ്ങളെ തരണംചെയ്യാൻ എത്രത്തോളം അനിവാര്യമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതിനും എത്രയോമുൻപ്, പരമ്ബരാഗത യുദ്ധസന്നാഹങ്ങളില്‍ കോവര്‍കഴുതകളെ സംശയലേശമെന്യേ ആശ്രയിക്കാമെന്ന വിശ്വാസം ബ്രിട്ടീഷ് കൊളോണിയല്‍ സാമ്രാജ്യംകൂടി ഉള്‍ക്കൊണ്ടിരുന്നു. അതാണ് പാണ്ടിക്കാട്ടേക്ക് പുറപ്പെടാൻ തയ്യാറായ എമര്‍ജൻസി ട്രൂപ്പിന്റെ കാതലായി, കാവലാളായി, ചുമട്ടുകാരായി കഴുതകള്‍കൂടി ഉള്‍പ്പെടാൻ കാരണം.

ആനയെവിറ്റ് കഴുതയെ വാങ്ങാമോ?
ഈ ആറ് കഴുതകള്‍ എടുത്താല്‍ പൊങ്ങുന്നതായിരുന്നില്ല ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ മലപ്പുറത്തെ ആയുധശക്തിയും ചുമട്ടുഭാരവും. അതിനാല്‍ കൂടുതല്‍ കോവര്‍കഴുതകള്‍ വേണമെന്ന ആവശ്യം 1900-ത്തിന്റെ തുടക്കത്തോടെ മലപ്പുറത്തെ സൈനികര്‍ക്കിടയില്‍ ശക്തിപ്പെട്ടിരുന്നു. 1900 ഡിസംബറില്‍ പട്ടാളത്തിന്റെ കമ്മീസരിയറ്റ് വിഭാഗത്തില്‍നിന്നുള്ള എഴുത്തുകുത്തുകള്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നു. പരമാവധി സൈനികച്ചെലവുകള്‍ ചുരുക്കുകയെന്ന അധിനിവേശഭരണകൂടത്തിന്റെ നയം അറിയുന്നതിനാല്‍ത്തന്നെ കഴുതകളെ വാങ്ങാനും നോക്കിനടത്താനും ആവശ്യമായ ചെലവുകള്‍ക്കുള്ള പ്രതിവിധികള്‍ സഹിതമായിരുന്നു സൈനികര്‍ മേലധികാരികളോട് ആവശ്യങ്ങളുന്നയിച്ചത്.

Facebook Comments Box

By admin

Related Post