Sat. May 18th, 2024

റബര്‍ ബോര്‍ഡിന്റെ ശ്രദ്ധ വടക്കോട്ട്‌; കേരളത്തില്‍ കര്‍ഷകര്‍ക്ക്‌ ദുരിതം

By admin Oct 30, 2023
What is the Rubber Board
Keralanewz.com

കോട്ടയം : ഫീല്‍ഡ്‌ ഓഫീസര്‍മാര്‍ മുതല്‍ ശാസ്‌ത്രജ്‌ഞന്‍മാര്‍ വരെയുള്ളവരുടെ കുറവ്‌ സൃഷ്‌ടിച്ച പ്രതിസന്ധിക്കിടെ റബര്‍ ബോര്‍ഡ്‌ വടക്കു-കിഴക്കന്‍ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ കേരളത്തിലെ കര്‍ഷകര്‍ ദുരിതത്തില്‍.

റബര്‍ ബോര്‍ഡുമായുള്ള ബന്ധത്തിലെ പ്രധാന കണ്ണിയായ ഫീല്‍ഡ്‌ ഓഫീസര്‍മാരുടെ കുറവാണു കര്‍ഷകരെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നത്‌.
രാജ്യത്തു തന്നെ ഏറ്റവും കൂടുതല്‍ റബര്‍ കര്‍ഷകരുള്ള കോട്ടയം മേഖലയില്‍ ആകെയുള്ളത്‌ 3 ഫീല്‍ഡ്‌ ഓഫീസര്‍മാരാണ്‌. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ആനിക്കാട്‌ മുതല്‍ വൈക്കം വരെ നീണ്ടു കിടക്കുന്ന കോട്ടയം റീജിയണില്‍ 170 റബര്‍ ഉത്‌പാദക സംഘങ്ങളുണ്ട്‌. ഇവയുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടത്‌ ഫീല്‍ഡ്‌ ഓഫീസര്‍മാരാണ്‌. നൂറുകണക്കിനു റബര്‍ കര്‍ഷകരുള്ള പാലായില്‍ ഫീല്‍ഡ്‌ ഓഫീസര്‍ തസ്‌തികയില്‍ ആളില്ല. മലബാറില്‍ മഞ്ചേരി മേഖലയില്‍ ആകെയുള്ളത്‌ ഒരാള്‍ മാത്രം.
ഫീല്‍ഡ്‌ ഓഫീസര്‍മാരുടെ എണ്ണം കുറഞ്ഞത്‌ വിവിധ തരം സബ്‌സിഡി ഉള്‍പ്പെടെ കര്‍ഷകര്‍ക്കു ബോര്‍ഡ്‌ മുഖേെന ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കാതെ വരികയോ കാലതാമസമുണ്ടാക്കുകയോ ചെയ്യുന്നു. മാത്രമല്ല, മേല്‍ത്തട്ടിലെ ഉദ്യോഗസ്‌ഥരുടെ ജോലി ഭാരവും വര്‍ധിക്കുന്നു. അസിസ്‌റ്റന്റ്‌ ഡെവലപ്‌മെന്റ്‌ ഓഫീസര്‍, ഡവലപ്‌മെന്റ്‌ ഓഫീസര്‍, ഡപ്യൂട്ടി റബര്‍ പ്ര?ഡക്ഷന്‍ കമ്മിഷണര്‍മാര്‍ എന്നിങ്ങനെയുള്ള തസ്‌തികകളിലും ജീവനക്കാര്‍ കുറവാണ്‌.
ഡെപ്യൂട്ടി റബര്‍ പ്ര?ഡക്ഷന്‍ കമ്മിഷണര്‍ തസ്‌തികയില്‍ വേണ്ടത്‌ 36 പേരാണ്‌. എന്നാല്‍, രാജ്യത്താകെയുള്ളത്‌ ഒമ്ബതു പേരാണ്‌, സംസ്‌ഥാനത്തു നാലും. ഈ വകുപ്പിന്റെ അധികാരിയായ റബര്‍ പ്ര?ഡക്ഷന്‍ കമ്മിഷണര്‍ തസ്‌തിക വര്‍ഷങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്‌.
ഗവേഷക മേഖലയില്‍ ശാസ്‌ത്രഞ്‌ജന്‍മാരുടെ ഒഴിവും തിരിച്ചടിയാകുന്നുണ്ട്‌. വിരമിക്കുന്നവര്‍ക്കും സ്‌ഥാനക്കയറ്റം ലഭിക്കുന്നവര്‍ക്കും പകരം നിയമനം ഉണ്ടാകുന്നില്ല. ഗവേഷകരുടെ അഭാവം റബര്‍ മേഖലയില്‍ പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാകാനും കാരണമാകുന്നു. സ്‌ഥാനക്കയറ്റം ലഭിക്കുന്നവരില്‍ ഏറെപ്പേരെയും വടക്കു-കിഴക്കന്‍ മേഖലയിലേക്കാണ്‌ നിയോഗിക്കുന്നത്‌. വടക്കു-കിഴക്കന്‍ മേഖലയില്‍ റബര്‍കൃഷി വ്യാപനം ആവശ്യമാണെങ്കിലും സംസ്‌ഥാനെത്ത നിലവിലുള്ള കൃഷി നിലനിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ വേണമെന്നാണ്‌ ആവശ്യം. നിലവില്‍, എഴുപതോളം ഒഴിവുകളാണു ബോര്‍ഡിലുള്ളത്‌. നിയമനകാര്യത്തില്‍ ഉടന്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണു റബര്‍ ബോര്‍ഡ്‌ ജീവനക്കാരും കര്‍ഷകരും.ഇതിനിടെ, സംസ്‌ഥാന റബര്‍ ഉത്തേജന പാക്കേജില്‍നിന്നു പണം ലഭിക്കാന്‍ വൈകുന്നതും കര്‍ഷകര്‍ക്കു തിരിച്ചടിയാകുന്നുണ്ട്‌. 110 കോടി രൂപ കുടിശികയായിരിക്കേ 42 കോടി അനുവദിച്ചതായി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍, അഞ്ചു കോടി രൂപ മാത്രമാണു റിലീസ്‌ ചെയ്‌തിരിക്കുന്നത്‌.

Facebook Comments Box

By admin

Related Post