Wed. May 8th, 2024

ഓഫീസ്‌ സഞ്ചരിക്കുന്നതായി; മുഖ്യമന്ത്രിക്ക്‌ കാരവാന്‍ വേണം: എ.ഡി.ജി.പി.

By admin Dec 27, 2023
Chief Minister Pinarayi Vijayan. Photo: Manorama
Keralanewz.com

തിരുവനന്തപുരം : യാത്രാവേളയില്‍ ഔദ്യോഗിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനു മുഖ്യമന്ത്രി പിണറായി വിജയനു കാരവന്‍ വാഹനം ഒരുക്കണമെന്ന്‌ എ.ഡി.ജി.പി.

(ക്രമസമാധാനം) എം.ആര്‍. അജിത്‌ കുമാര്‍. ഒരു ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ്‌ എ.ഡി.ജി.പി. ഇക്കാര്യം വ്യക്‌തമാക്കിയത്‌. ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനമായിട്ടില്ലെന്നും മുഖ്യമന്ത്രിക്കു വേണ്ടതു കനത്ത സുരക്ഷയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“നവകേരള യാത്രയ്‌ക്ക്‌ ആധുനിക സൗകര്യങ്ങളുള്ള ബസും അനുബന്ധ സംവിധാനങ്ങളും അനിവാര്യമായിരുന്നുവെന്നാണ്‌ യാത്ര സമാപിച്ചശേഷം പോലീസ്‌ ഉന്നത നേതൃത്വത്തിന്റെ വിലയിരുത്തല്‍. വി.ഐ.പികള്‍ ഒരേ സ്‌ഥലത്തേക്ക്‌ ഒരേസമയം യാത്ര ചെയ്യുമ്ബോള്‍ ഓരോരുത്തര്‍ക്കും പ്രത്യേകം സുരക്ഷയൊരുക്കുന്നത്‌ അപ്രായോഗികമായിരുന്നു. വലിയൊരു തലത്തില്‍ ബസ്‌ മികച്ച മാതൃകയാണ്‌. സമാന മാതൃകയില്‍, സഞ്ചരിക്കുന്ന വാഹനം സ്‌ഥിരമായി മുഖ്യമന്ത്രിക്ക്‌ ആവശ്യമാണ്‌. മാധ്യമങ്ങളാണ്‌ എല്ലാം കോംപ്ലിക്കേറ്റഡാക്കുന്നത്‌.
മുഖ്യമന്ത്രിയല്ല ആരായാലും എല്ലാ ദിവസവും ഒരിടത്തിരുന്നു ജോലിചെയ്യുന്ന കാലം കഴിഞ്ഞു. കോവിഡ്‌ കാലത്ത്‌ വര്‍ക്‌ ഫ്രം ഹോം ശീലിച്ചിരുന്നു. ആ കാലത്തും അതിനുശേഷവുമായി സര്‍ക്കാരിലെ എല്ലാ ഫയലും ഇ ഫയല്‍ ആയി. എവിടെയിരുന്നും നോക്കാം. മുഖ്യമന്ത്രി സെക്രട്ടേറിയറ്റില്‍മാത്രം ഇരുന്നു ജോലി ചെയ്യണമെന്നു പറയുന്നതിന്റെ യുക്‌തി എന്താണ്‌? അദ്ദേഹത്തിനു സഞ്ചരിക്കുന്ന ഓഫീസാണ്‌ വേണ്ടത്‌. അത്യാവശ്യം രണ്ടോ മൂന്നോ സ്‌റ്റാഫിനുകൂടി അദ്ദേഹത്തിനൊപ്പം യാത്ര ചെയ്യാന്‍ കഴിയുന്ന, വീഡിയോ കോണ്‍ഫ്രന്‍സിങ്‌ സൗകര്യം അടക്കമുള്ള, കാരവന്‍ ആണ്‌ ആവശ്യം.
നവകേരള യാത്ര തുടങ്ങിയശേഷം തിരികെ പോരാനാണ്‌ ഞാന്‍ കാസര്‍ഗോട്ടേക്കു പോയത്‌. പിന്നീടു സാഹചര്യങ്ങള്‍ വിലയിരുത്തിയപ്പോള്‍ വടക്കന്‍ ജില്ലകള്‍ വിടുന്നതു വരെ ഒപ്പം തുടരാന്‍ തീരുമാനിച്ചു. പ്രധാന കാര്യം മാവോയിസ്‌റ്റ്‌ ഭീഷണിയായിരുന്നു. വടക്കേ ഇന്ത്യയില്‍ ഉള്ളതു പോലെ നക്‌സല്‍ ഭീഷണി അത്ര ഗൗരവമായി കാണുന്നില്ല. എന്നാല്‍ കുറച്ചും കാണുന്നില്ല.
സെഡ്‌ കാറ്റഗറിയിലുള്ള വി.വി.ഐ.പിക്കു സുരക്ഷ ഒരുക്കുമ്ബോള്‍ നേരിയ ഒരു സാധ്യത പോലും തള്ളിക്കളയാതെ പരിഗണിക്കേണ്ടിവരും. ഏറ്റവും കാര്യക്ഷമമായി മാവോയിസ്‌റ്റ്‌ ഭീഷണി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാണ്‌ ഇപ്പോഴുള്ളത്‌. സമീപകാലത്ത്‌ എത്ര ഏറ്റുമുട്ടലുണ്ടായി, എത്രപേര്‍ അറസ്‌റ്റിലായി, എത്ര പേര്‍ കൊല്ലപ്പെട്ടു എന്നെല്ലാം കണക്കു നോക്കണം.
സര്‍ക്കാരിനെതിരേ പ്രതിഷേധിക്കുന്നവര്‍ അതു ചെയ്യട്ടെ എന്നായിരുന്നു യാത്ര തുടങ്ങുംമുമ്ബ്‌ മുഖ്യമന്ത്രി ഞങ്ങളോടു പറഞ്ഞത്‌. പക്ഷേ, കാര്യങ്ങള്‍ കൈവിട്ടുപോയത്‌ എവിടെയാണെന്ന്‌ ആലോചിക്കണം.
പെരുമ്ബാവൂരില്‍ ബസിനുനേരേ ഷൂ എറിഞ്ഞതുമുതലാണ്‌ പോലീസും കുറച്ച്‌ അഗ്രസീവായത്‌. അതുവരെ പ്രതിഷേധക്കാര്‍ വാഹനവ്യൂഹത്തിനു മുന്നില്‍ ചാടാതെ പിടിച്ചുനിര്‍ത്തുകയും അത്യാവശ്യമുള്ള സ്‌ഥലത്ത്‌ അല്‍പം ബലം പ്രയോഗിക്കുകയുമാണു ചെയ്‌തുകൊണ്ടിരുന്നത്‌.
പീന്നീടു പോലീസ്‌ നടപടി കടുപ്പത്തിലായതിനു കാരണമുണ്ട്‌. തടസമില്ലാതെ ആര്‍ക്കും ഷൂ എറിയാമെന്നു വന്നാല്‍ പിന്നെയതു കല്ലാകാം, അദ്ദേഹത്തെ അപായപ്പെടുത്താന്‍ പറ്റിയ എന്തു വസ്‌തുവുമാകാം. അതൊന്നും അനുവദിക്കാന്‍ പാടില്ലെന്നു താഴെത്തട്ടിലേക്കു പറയേണ്ടിവന്നു. ആ ഏറിനെ വെറും പ്രതിഷേധമായി കാണാന്‍ കഴിയില്ല എന്നതിനു തെളിവാണല്ലോ പിന്നീട്‌ അവരുടെ നേതാക്കള്‍തന്നെ അതിനെ തള്ളിപ്പറഞ്ഞത്‌”-എ.ഡി.ജി.പി. പറഞ്ഞു.

Facebook Comments Box

By admin

Related Post