Tue. Apr 30th, 2024

സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കാന്‍ അമാന്തംകാട്ടുകയും ആനുകൂല്യങ്ങള്‍ തടഞ്ഞുവെക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടണം : രമേശ് ചെന്നിത്തല

By admin Jan 2, 2024
Keralanewz.com

ചേളന്നൂര്‍ : പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് വര്‍ഷങ്ങളായി സര്‍ക്കാറുകള്‍ ആവിഷ്‌കരിച്ചുവരുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ അമാന്തംകാട്ടുകയും ആനുകൂല്യങ്ങള്‍ തടഞ്ഞുവെക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരെ ജോലിയില്‍നിന്ന് പിരിച്ചുവിടണമെന്ന് രമേശ് ചെന്നിത്തല.

പിന്നാക്ക-അവശവിഭാഗങ്ങള്‍ക്ക് നീതികിട്ടുംവരെ തന്റെ പ്രവര്‍ത്തനവും പോരാട്ടവും തുടരുമെന്ന് ചേളന്നൂര്‍ ഞാറക്കാട്ട് കോളനിയില്‍ ഗാന്ധിഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു. 70 വര്‍ഷംകൊണ്ട് ആവിഷ്‌കരിച്ച പല ക്ഷേമ പദ്ധതികളും ഇടനിലക്കാര്‍ കവര്‍ന്നുകൊണ്ടുപോയി. രാജീവ് ഗാന്ധിയുടെ കാലത്ത് പിന്നാക്ക വിഭാഗത്തിന് അനുവദിച്ച പെട്രോള്‍പമ്ബുകള്‍ പിന്നീട് ഇടനിലക്കാര്‍ കൈക്കലാക്കി. ഇതിനെതിരെ സമൂഹം ഉണര്‍ന്നു പ്രതികരിക്കണം. ഈ പശ്ചാത്തലത്തിലാണ് കഴിയാവുന്ന സഹായങ്ങള്‍ നല്‍കാന്‍ ഗാന്ധിഗ്രാമം പദ്ധതിയിലൂടെ ശ്രമിക്കുന്നത്.

യു.ഡി.എഫ് ഭരണകാലത്ത് 13 കോളനികള്‍ക്ക് 13 കോടി വീതം നല്‍കാന്‍ സാധിച്ചിരുന്നു. എന്നാല്‍, ഭരണം മാറിയപ്പോള്‍ അത്തരം സഹായം ലഭിച്ചില്ല. പകരം സുമനസ്സുകളുടെ സഹായത്തിലൂടെയാണ് പദ്ധതി മുന്നോട്ടുപോകുന്നത്. അര്‍ഹമായ ഓരോ കോളനിയിലും തങ്ങള്‍ സര്‍വേ നടത്തിയാണ് പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.

ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പി.എം. നിയാസ്, അഡ്വ. കെ. ജയന്ത്, മുന്‍ ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍, ദലിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എ.കെ. ശശി, എന്‍.എസ്‌.യു സെക്രട്ടറി കെ.എം. അഭിജിത്ത്, മഹിള കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ഗൗരി പുതിയോത്ത്, അഡ്വ. ഐ. മൂസ, കെ. രാമചന്ദ്രന്‍, രമേശ് കാവില്‍, ആര്‍. വത്സലന്‍, മലയിന്‍കീഴ് വേണുഗോപാല്‍, കെ. ശ്രീജിത്ത്, ഖാദര്‍, ശീതള്‍രാജ്, പി. ശ്രീധരന്‍ മാസ്റ്റര്‍, സനൂജ് കുരുവട്ടൂര്‍, അജീഷ് മാട്ടൂല്‍, സുധീര്‍, ശ്രീനന്ദ രാജ് എന്നിവര്‍ പങ്കെടുത്തു. ചേളന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി. നൗഷീര്‍ നന്ദി പറഞ്ഞു.

Facebook Comments Box

By admin

Related Post