Fri. May 3rd, 2024

ഡി.പി.ആര്‍. തയാറാക്കുന്നു , ശബരിമല മാസ്‌റ്റര്‍ പ്ലാനിന്‌ ചിറക്‌ മുളയ്‌ക്കുന്നു

By admin Jan 8, 2024
Keralanewz.com

ശബരിമല: ലക്ഷക്കണക്കിന്‌ തീര്‍ഥാടകര്‍ എത്തുന്ന ശബരിമലയുടെ സമ്ബൂര്‍ണ വികസനം ലക്ഷ്യമാക്കിയുള്ള മാസ്‌റ്റര്‍ പ്ലാന്‍ പദ്ധതിക്ക്‌ ചിറക്‌ മുളയ്‌ക്കുന്നു.

അരവണ- അപ്പം നിര്‍മാണ യൂണിറ്റായ പ്രസാദം കോംപ്ലക്‌സ്‌, തന്ത്രിമഠം, മേല്‍ശാന്തി മഠം, പില്‍ഗ്രിം അമിനിറ്റി സെന്റര്‍ ഉള്‍പ്പെടുന്ന 95 കോടി ചെലവ്‌ പ്രതീക്ഷിക്കുന്ന പദ്ധതിയാണ്‌ നടപ്പാക്കുന്നത്‌. ഇതിന്റെ ഡി.പി.ആര്‍. തയാറാക്കി വരുന്നു. അടുത്ത സാമ്ബത്തിക വര്‍ഷം ലഭിക്കുന്ന സര്‍ക്കാര്‍ ഫണ്ട്‌ ഇതിനായി ഉപയോഗിക്കും. ഇതിനു മുന്നോടിയായി നിലവിലുള്ള തന്ത്രി, മേല്‍ശാന്തി മുറികള്‍, എക്‌സിക്യൂട്ടിവ്‌ ഓഫീസ്‌ എന്നിവ താല്‍കാലികമായി മാറ്റിയ ശേഷം ക്ഷേത്രത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത നിലയിലാകും പദ്ധതി നടപ്പിലാക്കുക.
ഇവ താല്‍കാലികമായി പഴയ ഭണ്ഡാരം പ്രവര്‍ത്തിച്ചിരുന്ന സ്‌ഥലത്തേക്ക്‌ മാറ്റിയിട്ടാകും നിര്‍മാണം ആരംഭിക്കുക. എക്‌സിക്യൂട്ടീവ്‌ ഓഫീസ്‌ കാര്യാലയം, തന്ത്രി മുറി, മേല്‍ശാന്തി മുറി എന്നിവ പൊളിച്ചു മാറ്റും. തിരുമുറ്റത്തിന്‌ വീതി കൂട്ടുന്നതിനോടൊപ്പം നിലവിലുള്ള സ്‌ഥലത്തുനിന്ന്‌ തന്ത്രി, മേല്‍ശാന്തി മുറികള്‍ കുറച്ച്‌ കൂടി തെക്കോട്ടേക്കു മാറ്റും. ശ്രീകോവിലിനേക്കാള്‍ ഉയരത്തില്‍ നില്‍ക്കുന്ന ഫ്‌ളൈ ഓവര്‍ പൊളിച്ച്‌ മാറ്റും. ക്ഷേത്ര സമുച്ചയത്തോട്‌ ചേര്‍ന്നുള്ള ശൗചാലയങ്ങളും പൊളിച്ച്‌ നീക്കി പകരം സംവിധാനം ഒരുക്കും. ഏറ്റവും കൂടുതല്‍ വൈദ്യുതി കടന്ന്‌ വരുന്നതും തീയുടെ ഉപയോഗം കൂടുതലുള്ള അപ്പം, അരവണ പ്ലാന്റ്‌ ക്ഷേത്ര സമുച്ചയത്തോട്‌ ചേര്‍ന്നാണ്‌ നിലവില്‍ സ്‌ഥിതി ചെയ്യുന്നത്‌. പ്ലാന്റില്‍ ഏതെങ്കിലും തരത്തില്‍ തീപിടുത്തമുണ്ടായാല്‍ ക്ഷേത്ര ശ്രീകോവിലിനെ വരെ അതു ബാധിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി അഗ്‌നിരക്ഷാസേന നിരവധി തവണ അധികൃതര്‍ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കിയിട്ടുണ്ട്‌. അതുകൂടി പരിഗണിച്ചാണ്‌ അപ്പം, അരവണ പ്ലാന്റ്‌ തെക്കു-കിഴക്ക്‌ ഭാഗത്തായി നിര്‍മിക്കുന്നത്‌.
ദര്‍ശനം കഴിഞ്ഞ്‌ തീര്‍ഥാടകര്‍ക്ക്‌ മടങ്ങിപ്പോകാന്‍ മാളികപ്പുറം ഭാഗത്തുനിന്ന്‌ ചന്ദ്രാനന്ദന്‍ റോഡിലേക്ക്‌ എത്താന്‍ കഴിയുന്ന മേല്‍പ്പാലവും മാസ്‌റ്റര്‍ പ്ലാനിന്റെ ഭാഗമായുണ്ട്‌. ഇതിന്റെ രൂപരേഖ തയാറാക്കി വരുന്നു. നിലവില്‍ മടക്കയാത്രക്കായി ബെയ്‌ലി പാലം ഉണ്ടെങ്കിലും ഇവിടേക്കുള്ള കുത്തനെയുള്ള ഇറക്കവും കയറ്റവും പടിക്കെട്ടുകളും കാരണം തീര്‍ഥാടകര്‍ ഉപേക്ഷിച്ചിരിക്കുകയാണ്‌. അതിനാലാണ്‌ കയറ്റങ്ങള്‍ ഒഴിവാക്കിയുള്ള മേല്‍പ്പാലം രൂപകല്‍പ്പന ചെയ്‌തത്‌.

Facebook Comments Box

By admin

Related Post