Fri. May 17th, 2024

കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന: ഫെബ്രുവരി 8 ന് ഡല്‍ഹിയില്‍ സമരത്തിനിറങ്ങാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും

By admin Jan 16, 2024
Keralanewz.com

തിരുവനന്തപുരം: കേരളത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച്‌ കേന്ദത്തിനെതിരേ ഫെബ്രുവരി 8 ന് ഡല്‍ഹിയില്‍ സമരത്തിനിറങ്ങാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും.

എല്‍ഡിഎഫ് യോഗത്തില്‍ എടുത്ത തീരുമാനത്തില്‍ മുഖ്യമന്ത്രി സമരവുമായി ഡല്‍ഹിയിലേക്ക് പോകുമെന്നും എംപിമാരും എംഎല്‍എ മാരും സമരത്തില്‍ പങ്കെടുക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പറഞ്ഞു.

കേരള ഹൗസില്‍ നിന്ന് രാവിലെ 11.30 ന് ജാഥ ജന്തര്‍ മന്ദറിലേക്ക് നീങ്ങും. ഇന്ത്യാ മുന്നണിയിലെ കക്ഷി നേതാക്കളെയും എല്ലാ മുഖ്യമന്ത്രിമാരെയും സമരത്തിന് ക്ഷണിക്കും. ബിജെപി മുഖ്യമന്ത്രിമാര്‍ക്കും സമരത്തിന് ക്ഷണിച്ച്‌ കത്ത് നല്‍കും. ഇടത് സര്‍ക്കാരിന്റെ ജനപ്രീതി ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബോധപൂര്‍വ്വം ശ്രമം നടത്തുകയാണെന്ന് ഇടത് മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ ആരോപിച്ചു.

കേരളത്തില്‍ വികസനം അല്‍പ്പം കൂടിപ്പോയതാണ് കേന്ദ്രത്തിന് പ്രശ്‌നമായിരിക്കുന്നതെന്നും കേരളത്തെ എങ്ങിനെ ഞെരുക്കാമെന്ന് ആലോചിക്കുകയാണെന്നും വിമര്‍ശിച്ചു. തൃശൂരില്‍ വനിതാസംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയ പ്രധാനമന്ത്രി ഒരു പ്രഖ്യാപനവും നടത്താതെ താനാണ് ഗ്യാരന്റി എന്ന് പറയുകയാണ്. ആനുകൂല്യം നല്‍കേണ്ടയാള്‍ തന്നെ താന്‍ ഗ്യാരന്റി എന്ന് പറയുകയാണെന്നും പറഞ്ഞു.

പണം അനുവദിക്കാതെ കേരളത്തില്‍ വികസന മുരടിപ്പ് ഉണ്ടാക്കുന്നു. ഡല്‍ഹിയിലെ സമര ദിവസം കേരളത്തില്‍ ബൂത്തുകള്‍ കേന്ദ്രീകരിച്ച്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭവന സന്ദര്‍ശനം നടത്തുമെന്നും ഇപി ജയരാജന്‍ അറിയിച്ചു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് തയ്യാറെടുക്കുന്ന ഇടതുപക്ഷ പാര്‍ട്ടികള്‍ ഒന്നു ചേര്‍ന്ന് സംസ്ഥാനത്തെ വീടുകള്‍ സന്ദര്‍ശിച്ച്‌ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളുടെ മുന്നിലെത്തിക്കും.

വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വിമര്‍ശിച്ച ഇ.പി. ജയരാജന്‍ വ്യവഹാരം നടത്തി ആളാകാന്‍ ശ്രമിക്കുന്ന ചിലരുണ്ട്. അവരുടെ നിലവാരത്തിലേക്ക് വി.ഡി. സതീശന്‍ അധപ്പതിക്കരുതായിരുന്നു എന്നും പറഞ്ഞു. ശല്യക്കാരായ വ്യവഹാരി എന്നത് അത്ര നല്ല പേരെല്ലെന്നും പറഞ്ഞു. കരുവന്നൂര്‍ ബാങ്കില്‍ നിന്നും വായ്പയെടുക്കാന്‍ ശുപാര്‍ശ ചെയ്യുന്നത് തെറ്റാണോയെന്ന് ചോദിച്ച ഇ.പി. ജയരാജന്‍ മന്ത്രി പി. രാജീവിനെ പിന്തുണയ്ക്കുകയും ചെയ്തു. ജില്ലാ സെക്രട്ടറിയായിരിക്കെ ഇടപെട്ടോ എന്ന് വ്യക്തമല്ലെന്നും. എന്നാല്‍ അങ്ങിനെ ഇടപെട്ടാല്‍ തന്നെ എന്താണ് കുഴപ്പമെന്നും ചോദിച്ചു.

Facebook Comments Box

By admin

Related Post