Sat. May 18th, 2024

കോവിഡിനേക്കാള്‍ മാരകമായ പകര്‍ച്ചവ്യാധി വരുമോ? ഡിസീസ് എക്‌സിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ലോകാരോഗ്യ സംഘടന

By admin Jan 17, 2024
Keralanewz.com

കോവിഡിനേക്കാള്‍ മാരകമായ പകര്‍ച്ചവ്യാധി ലോകത്ത് പടരുമെന്ന മുന്നറിയിപ്പ് ഗവേഷകര്‍ നേരത്തെ തന്നെ ലോകരാജ്യങ്ങള്‍ക്ക് നല്‍കിയിരുന്നു.

ഇപ്പോഴിതാ ലോക സാമ്ബത്തിക ഫോറത്തിനായി (ഡബ്ല്യുഇഎഫ്) സ്വിറ്റ്‌സര്‍ലണ്ടിലെ ദാവോസില്‍ യോഗം ചേരുന്ന ലോകനേതാക്കള്‍ കോവിഡ് 19 പകര്‍ച്ചവ്യാധിയേക്കാള്‍ 20 മടങ്ങ് മാരകമായ പകര്‍ച്ചവ്യാധിയെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഡിസീസ് എക്‌സ് എന്നുപേരിട്ടിരിക്കുന്ന ഈ പകര്‍ച്ചവ്യാധിയെക്കുറിച്ച്‌ നിലനില്‍ക്കുന്ന ആശങ്കകള്‍ ചര്‍ച്ച ചെയ്യുന്നത്.
ഒരു രോഗകാരി മൂലം ഭാവിയില്‍ ഉണ്ടാകാനിടയുള്ള പകര്‍ച്ചവ്യാധിക്കെതിരേയുള്ള തയ്യാറെടുപ്പും ആസൂത്രണവുമാണ് ഇതുകൊണ്ട് ഉദേശിക്കുന്നത്. എന്നാല്‍, ഈ രോഗകാരി മനുഷ്യരില്‍ രോഗങ്ങളുണ്ടാക്കുമെന്ന കാര്യത്തില്‍ ഇതുവരെയും അറിവൊന്നും ലഭിച്ചിട്ടില്ല.

ലോകാരോഗ്യസംഘടനയുടെ മേധാവി ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് സമിതിയുടെ അധ്യക്ഷന്‍. ബ്രസീലിയന്‍ ആരോഗ്യമന്ത്രി നിസിയ ട്രിന്‍ഡാഡെ ലിമ, ഫാര്‍മസ്യൂട്ടിക്കല്‍ ഭീമനായ അസ്ട്രസെനെക്കയുടെ ബോര്‍ഡ് ചെയര്‍ മൈക്കല്‍ ഡെമാരേ, റോയല്‍ ഫിലിപ്‌സ് സിഇഒ റോയ് ജേക്കബ്‌, ഇന്ത്യന്‍ ആശുപത്രി ശൃഖലയായ അപ്പോളോ ഹോസ്പിറ്റല്‍സ് എക്‌സിക്യുട്ടിവ് വൈസ് ചെയര്‍പേഴ്‌സണ്‍ പ്രീത റെഡ്ഡി എന്നിവരും സമിതിയില്‍ ഉള്‍പ്പെടുന്നു. ഡിസീസ് എക്‌സിനായി തയ്യാറെടുക്കുക എന്ന സെഷനില്‍ ബുധനാഴ്ച ഇവര്‍ ചര്‍ച്ച നടത്തും. മുന്നിലുള്ള ഒന്നിലധികം വെല്ലുവിളികള്‍ക്കായി ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ തയ്യാറാക്കാന്‍ ആവശ്യമായ നൂതനമായ ശ്രമങ്ങള്‍ സമിതി ചര്‍ച്ച ചെയ്യുമെന്ന് ഡബ്ല്യുഇഎഫ് അറിയിച്ചു. വളരെ മാരകമായ മഹാമാരിക്ക് ലോകം തയ്യാറായിരിക്കമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വാക്‌സിനുകള്‍, മരുന്നുപയോഗിച്ചുള്ള ചികിത്സകള്‍, രോഗം കണ്ടുപിടിക്കാന്‍ നടത്തുന്ന പരിശോധനകള്‍ എന്നിവയുള്‍പ്പെടെയുള്ള സാങ്കേതികവിദ്യകളുടെ വികസനമാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യുക. ഒരു പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടാല്‍, ഈ തയ്യാറെടുപ്പുകള്‍ക്കിടയില്‍ പഠിച്ച കഴിവുകളും അറിവുകളും രോഗത്തെ ചെറുക്കുന്നതിന് പ്രയോജനപ്പെടുത്താന്‍ കഴിയും.

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുള്ളതും മനുഷ്യന്റെ ആരോഗ്യത്തിന് ഭീഷണിയുള്ളതുമായ വൈറസുകളുടെ വലിയ കേന്ദ്രം വന്യമൃഗങ്ങളില്‍ ഉള്ളതിനാലാണ് യോഗം നടത്തുന്നത്.

ഡിസീസ് എക്‌സിനുവേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയത് എപ്പോള്‍?

2014-16 കാലഘട്ടത്തില്‍ പശ്ചിമ ആഫ്രിക്കയില്‍ എബോള പൊട്ടിപ്പുറപ്പെട്ടപ്പോള്‍ തന്നെ ഡിസീസ് എക്‌സിനുള്ള മുന്നൊരുക്കങ്ങള്‍ ലോകാരോഗ്യസംഘടന നടത്തി തുടങ്ങി. എബോള പിടിപെട്ട് 11,000 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി ലോകാരോഗ്യ സംഘടന അന്ന് വ്യക്തമാക്കിയിരുന്നു. എബോള പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ജീവന്‍ രക്ഷിക്കുന്നതിനായി ആവശ്യമായ ഉത്പന്നങ്ങള്‍ വിതരണം ചെയ്യാന്‍ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ക്ക് കഴിയാതിരുന്നതാണ് ഇതിന് കാരണമെന്ന് സംഘടന വ്യക്തമാക്കിയിരുന്നു.

തുടര്‍ന്ന് ഇനി പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുള്ള രോഗങ്ങളുടെ പട്ടിക ലോകാരോഗ്യസംഘടന തയ്യാറാക്കുകയും ഇവയെ നേരിടുന്നതിനുള്ള സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനായി റിസേര്‍ച്ച്‌ ആന്‍ഡ് ഡെവലപ്‌മെന്റ് (R&D) രൂപരേഖ തയ്യാറാക്കുകയും ചെയ്തിരുന്നു. കോവിഡ് 19, ക്രിമിയന്‍-കോംഗോ ഹെമറാജിക് ഫീവര്‍, എബോള വൈറസ് രോഗം, മാര്‍ബര്‍ഗ് വൈറസ് രോഗം, ലസ്സ ഫീവര്‍, മിഡില്‍ ഈസ്റ്റ് റെസ്പിരേറ്ററി സിന്‍ഡ്രോം (മെര്‍സ്), സാര്‍സ്, നിപ്പ, ഹെനിപവൈറല്‍ രോഗങ്ങള്‍, റിഫ്റ്റ് വാലി ഫീവര്‍, സിക്ക, ഡിസീസ് എക്‌സ് എന്നിവയാണ് ആ രോഗങ്ങള്‍.

2017-ല്‍ ഡിസീസ് എക്‌സിനുവേണ്ടി നടത്തിയ ഗവേഷണങ്ങള്‍ കോവിഡ് 19-ന് എതിരെയുള്ള ആദ്യ വാക്‌സിന്റെ നിര്‍മാണത്തിന് സഹായിച്ചിട്ടുണ്ട്. ഡിസീസ് എക്‌സിനെക്കുറിച്ചുള്ള ഗവേഷണത്തില്‍ കോയലീഷന്‍ ഫോര്‍ എപ്പിഡമിക് പ്രിപ്പേഡ്‌നെസ് ഇന്നൊവേഷനില്‍ (Coalition for Epidemic Preparedness Innovations -CEPI) നിന്നുള്ള ഗവേഷകരും ഭാഗമായിട്ടുണ്ട്.

Facebook Comments Box

By admin

Related Post