Thu. May 2nd, 2024

ഒബിസി മോര്‍ച്ച നേതാവ് അഡ്വ.രഞ്ജിത് ശ്രീനിവാസന്‍ വധക്കേസ്: 15 പ്രതികള്‍ക്കും വധശിക്ഷ

By admin Jan 30, 2024 #Court #MURDER CASE #rss #sdpi
Keralanewz.com

മാവേലിക്കര: ആലപ്പുഴയില്‍ ഒബിസി മോര്‍ച്ച നേതാവ് അഡ്വ.രഞ്ജിത് ശ്രീനിവാസന്‍ വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 15 പ്രതികള്‍ക്കും വധശിക്ഷ.

മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വി.ജി ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. ഇതിനു പുറമേ ജീവപര്യന്തം കഠിനതടവും കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച്‌ വിവിധ വര്‍ഷങ്ങള്‍ തടവുശിക്ഷയും പിഴയും വിധിച്ചിട്ടുണ്ട്. ഇവയെല്ലാം ഒരുമിച്ച്‌ അനുഭവിക്കണം.

പ്രതികളെല്ലാം കുറ്റക്കാരെന്ന് ജനുവരി 20നാണ് കോടതി കണ്ടെത്തിയത്. കേസിലെ 14 പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കി. 10ാം പ്രതി നവാസ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. എസ്്.ഡി.പി.ഐ- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് പ്രതികളെല്ലാം. പ്രതികള്‍ ചെറുപ്പക്കാരാണെന്നും കുടുംബത്തിന്റെ ആശ്രിതരാണെന്നും കുറഞ്ഞ ശിക്ഷയെ വിധിക്കാവൂ എന്ന പ്രതിഭാഗത്തിന്റെ വാദം കോടതി നിരസിച്ചു. പ്രതികളെ മാവേലിക്കര സബ് ജയിലിലേക്ക് കൊണ്ടുപോയ ശേഷം മറ്റ് ജയിലുകളിലേക്ക് മാറ്റും. ശിക്ഷാവിധി വരുന്നത് പ്രമാണിച്ച്‌ ആലപ്പുഴയില്‍ അതീവ ജാഗ്രതയാണ് പോലീസ് പുലര്‍ത്തുന്നത്.

ശിക്ഷാവിധി കേള്‍ക്കാന്‍ രഞ്ജിതിന്റെ അമ്മയും ഭാര്യയും മക്കളും ഇന്ന് കോടതിയില്‍ എത്തിയിരുന്നു. കൊലപാതകത്തിന് പുറമേ, വീട്ടില്‍ അതിക്രമിച്ചു കടക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, മാരകായുധങ്ങളുമായി മുറിവേല്‍പ്പിക്കല്‍ തുടങ്ങി വിവിധ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.

പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷനും രഞ്ജിതിന്റെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. പ്രതികള്‍ നിരോധിത തീവ്രവാദ സംഘത്തിലെ അംഗങ്ങളും കൊലചെയ്യാന്‍ പരിശീലനം ലഭിച്ചവരുമാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇവര്‍ പുറത്തിറങ്ങിയാല്‍ നാടിന് ആപത്താണെന്നും മാതൃകാപരമായി ശിക്ഷ നല്‍കണമെന്നും ശിക്ഷ സംബന്ധിച്ച വാദത്തില്‍ പ്രോസിക്യുഷന്‍ ആവശ്യപ്പെട്ടിരുന്നു. അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് ഒരാള്‍ കൊല്ലപ്പെടുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുമെന്നും പ്രോസിക്യുഷന്‍ വാദിച്ചിരുന്നു.

2021 ഡിസംബര്‍ 19നാണ് ആലപ്പുഴ വെള്ളക്കിണര്‍ സ്വദേശി രഞ്ജിത് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായിരുന്നു രഞ്ജിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയതെന്ന് പ്രോസിക്യുഷന്‍ ചൂണ്ടിക്കാട്ടി. നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുള്‍ കലാം, സഫറുദ്ദീന്‍, മുന്‍ഷാദ്, ജസീബ് രാജ, നവാസ്, ഷമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ഷാജി പൂവത്തിങ്കല്‍, ഷെര്‍ണാസ് അഷ്‌റഫ് എന്നിവരാണ് കേസിലെ പ്രതികള്‍. ഇതില്‍ ഒന്നു മുതല്‍ 12 വരെയുള്ള പ്രതികള്‍ കൃത്യത്തില്‍ നേരിട്ടു പങ്കെടുത്തവരാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 13 മുതല്‍ 15 വരെയുള്ള പ്രതികള്‍ കൊലയാളികള്‍ക്ക് സഹായം നല്‍കിയവരാണ്.

Facebook Comments Box

By admin

Related Post