Fri. May 17th, 2024

അനധികൃത സ്വത്ത്‌ സമ്ബാദനക്കേസ്‌ : കെ. ബാബുവിന്റെ 25.82 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇ.ഡി. കണ്ടുകെട്ടി

By admin Feb 1, 2024
Keralanewz.com

കൊച്ചി: അനധികൃത സ്വത്ത്‌ സമ്ബാദനക്കേസില്‍ മുന്‍മന്ത്രി കെ. ബാബുവിന്റെ 25.82 ലക്ഷത്തിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ കണ്ടുകെട്ടി.

കേസില്‍ ഇ.ഡി. കെ. ബാബുവിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയുംചെയ്‌തിരുന്നു. വിജിലന്‍സും മുമ്ബു കേസില്‍ അന്വേഷണം നടത്തിയിരുന്നു.
നിലവില്‍ എം.എല്‍.എയായ കെ.ബാബുവിനു 25.82 ലക്ഷം രൂപയുടെ അധികസ്വത്തുണ്ടെന്നു കാട്ടി വിജിലന്‍സ്‌ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണു കേസില്‍ ഇ.ഡി. നടപടികള്‍ ആരംഭിച്ചത്‌. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണു സ്വത്തുകള്‍ കണ്ടുകെട്ടാനുള്ള ഇ.ഡിയുടെ നടപടി ഉണ്ടായിരിക്കുന്നത്‌.
2007 ജൂലൈ മുതല്‍ 2016 മേയ്‌ വരെയുള്ള കാലയളവില്‍ അനധികൃതമായി സ്വത്ത്‌ സമ്ബാദിച്ചെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണു നടപടി. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ എക്‌സൈസ്‌ മന്ത്രിയായിരുന്നു കെ.ബാബു. 150 കോടി രൂപയുടെ ക്രമക്കേട്‌ കെ. ബാബു നടത്തിയെന്നായിരുന്നു പരാതിയെങ്കിലും വിജിലന്‍സ്‌ അന്വേഷണത്തില്‍ 25 ലക്ഷം രൂപയുടെ ക്രമക്കേടായിരുന്നു കണ്ടെത്തിയിരുന്നത്‌. 49.45 ശതമാനം അനധികൃത സമ്ബാദ്യമാണ്‌ ഇക്കാലത്തുണ്ടാക്കിയതെന്ന്‌ കുറ്റപത്രത്തില്‍ പറയുന്നു. എറണാകുളം വിജിലന്‍സ്‌ സ്‌പെഷല്‍ സെല്‍ ആണ്‌ കേസ്‌ അന്വേഷിച്ച്‌ കുറ്റപത്രം സമര്‍പ്പിച്ചത്‌. ബാബുവിനു മൂവാറ്റുപുഴ വിജിലന്‍സ്‌ കോടതി ജനുവരിയില്‍ ജാമ്യം അനുവദിച്ചിരുന്നു.
ബാര്‍ ലൈസന്‍സിനുള്ള ചില അപേക്ഷകള്‍ മാസങ്ങളോളം പിടിച്ചുവച്ചപ്പോള്‍ ചിലതില്‍ ഉടന്‍ തീരുമാനമെടുത്തു ലൈസന്‍സ്‌ നല്‍കി, കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചു തീരുമാനമെടുത്തു, സുഹൃത്തുക്കളുടെയും ബിനാമികളുടെയും പേരിലുള്ള ബാറുകള്‍ക്ക്‌ സമീപമുള്ള മദ്യവില്‍പ്പന ശാലകള്‍ പൂട്ടാന്‍ തീരുമാനമെടുത്തു, ബാര്‍ ലൈസന്‍സ്‌ പുതുക്കി നല്‍കാന്‍ കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ മുഖാന്തിരം കോടിക്കണക്കിനു രൂപ ഓരോ വര്‍ഷവും പിരിച്ചെടുത്തു, തന്റെ അനുമതിയോടെയേ ബാര്‍ ലൈസന്‍സ്‌ അനുവദിക്കാവൂ എന്ന്‌ ഉത്തരവിട്ടു തുടങ്ങിയ ആരോപണങ്ങളാണു ബാബുവിനെതിരേ ഉന്നയിക്കപ്പെട്ടത്‌.

Facebook Comments Box

By admin

Related Post