Fri. Oct 4th, 2024

ക്രൈസ്തവരെല്ലാം ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞത് ഇപ്പോള്‍ തീര്‍ന്നില്ലേ -വി.ഡി. സതീശൻ

By admin Mar 30, 2024
Keralanewz.com

വൈക്കം: ക്രൈസ്തവരെല്ലാം ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞത് ഇപ്പോള്‍ തീര്‍ന്നില്ലേയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.

സതീശൻ. വൈക്കത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ക്രൈസ്തവരും അതിശക്തമായി ഫാഷിസത്തെ എതിര്‍ക്കുകയാണ്. മണിപ്പൂര്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ അവരെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട് -അദ്ദേഹം പറഞ്ഞു.

കോട്ടയത്ത് രണ്ടിലയില്‍ ഒരു കണ്‍ഫ്യൂഷനുമില്ല. ചിഹ്നം പോകാതിരിക്കാനല്ല, ഫാഷിസത്തെ എതിര്‍ത്ത് തോല്‍പ്പിക്കുന്നതിന് വേണ്ടിയാണ് ഫ്രാന്‍സിസ് ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ പാര്‍ലമെന്റിലേക്ക് പോകുന്നത്. അത് തിരിച്ചറിയാനുള്ള രാഷ്ട്രീയ പ്രബുദ്ധത കോട്ടയത്തിനുണ്ട്. കഴിഞ്ഞ തവണ പാലയില്‍ രണ്ടില ചിഹ്നത്തില്‍ മത്സരിച്ചിട്ടും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പതിനയ്യായിരം വോട്ടിനാണ് പരാജയപ്പെട്ടത്. രണ്ടിലയില്‍ മത്സരിച്ചിരുന്ന മോന്‍സ് ജോസഫ് കഴിഞ്ഞ തവണ ചിഹ്നം മാറി മത്സരിച്ചിട്ടും വിജയിച്ചു. അവിടെ രണ്ടിലയല്ല ജയിച്ചത്. കോട്ടയത്തെ വോട്ടര്‍മാര്‍ പ്രബുദ്ധരാണ്. രാഷ്ട്രീയം വീക്ഷിക്കുന്ന അവര്‍ക്ക് മാറിയ രാഷ്ട്രീയ സാഹചര്യം എന്താണെന്ന് അറിയാം. ഫ്രാന്‍സിസ് ജോര്‍ജിനെ എന്തുകൊണ്ട് വിജയിപ്പിക്കണമെന്ന ബോധ്യവും അവര്‍ക്കുണ്ട് -അദ്ദേഹം പറഞ്ഞു.

നട്ടാല്‍ കുരുക്കാത്ത നുണ മുഖ്യമന്ത്രി ഇപ്പോഴും ആവര്‍ത്തിക്കുന്നു

പൗരത്വ നിയമവുമായി ബന്ധപ്പെട്ട് കാസര്‍കോട് പറഞ്ഞ നട്ടാല്‍ കുരുക്കാത്ത നുണ തന്നെയാണ് മുഖ്യമന്ത്രി ഇപ്പോഴും ആവര്‍ത്തിക്കുന്നത്. രാഹുല്‍ ഗാന്ധി സി.എ.എക്ക് എതിരെ പാര്‍ലമെന്റില്‍ വോട്ട് ചെയ്തതിന്റെ രേഖകള്‍ പുറത്ത് വിട്ടിട്ടും മുഖ്യമന്ത്രി അതേ നുണ ആവര്‍ത്തിക്കുന്നു. എം.പിമാരായ ശശി തരൂരും എന്‍.കെ. പ്രേമചന്ദ്രനും ഇ.ടി. മുഹമ്മദ് ബഷീറും പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗങ്ങളും മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അയച്ചു കൊടുത്തു. എന്നിട്ടും പിണറായി വിജയന്‍ മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന് കള്ളപ്രചരണം നടത്തുകയാണ്. മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു എന്നതിന് പകരം വ്യാജപ്രചരണം ആരംഭിച്ചു എന്ന് പറയുന്നതാകും ശരി.

എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളുടെ പോസ്റ്ററില്‍ മുഖ്യമന്ത്രിയുടെ പടം വേണമോയെന്ന് അവരാണ് തീരുമാനിക്കേണ്ടത്. വര്‍ഗീയതയെ കുഴിച്ചുമൂടി ഫാഷിസം ഇല്ലാതാക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് ദേശീയതലത്തിലും യു.ഡി.എഫ് കേരളത്തിലും മത്സരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ട ആലപ്പുഴ ഉള്‍പ്പെടെ നേടി ഇരുപതില്‍ ഇരുപത് സീറ്റിലും ഉജ്ജ്വല വിജയമുണ്ടാകുമെന്നതാണ് യു.ഡി.എഫിന്റെ പ്രതീക്ഷ.

‘ആദായനികുതി വകുപ്പ് നോട്ടീസ് ഫാഷിസത്തിന്റെ ഏറ്റവും ക്രൂരമുഖം’

തെരഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ മുഖ്യ പ്രതിപക്ഷ കക്ഷിയെ ഭരണകൂടം എങ്ങനെ പ്രവര്‍ത്തിപ്പിക്കാതിരിക്കാന്‍ ശ്രമിക്കുന്നു എന്നതാണ് ആദായനികുതി വകുപ്പ് കോണ്‍ഗ്രിസന് നല്‍കിയിരിക്കുന്ന നോട്ടീസിലൂടെ ജനങ്ങള്‍ മനസിലാക്കുന്നത്. ഫാഷിസത്തിന്റെ ഏറ്റവും ക്രൂരമായ മുഖമാണിത്. മത്സരിക്കാന്‍ പണമില്ലെങ്കില്‍ ജനങ്ങള്‍ ഞങ്ങളെ സഹായിക്കും. ക്രൗഡ് ഫണ്ടിങ് നടത്തി കൂലിപ്പണിക്കാര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍ നല്‍കുന്ന 50 രൂപയും 100 രൂപയും കൊണ്ട് ഞങ്ങള്‍ തെരഞ്ഞെടുപ്പ് നടത്തും.

പണം കൊണ്ടൊന്നും ഞങ്ങളെ തോല്‍പിക്കാനാകില്ല. ഇവരാണ് വീണ്ടും അധികാരത്തില്‍ വരുന്നതെങ്കില്‍ ഇന്ത്യയില്‍ പ്രതിപക്ഷം പോലും ഉണ്ടാകില്ലല്ലോ. പ്രതിപക്ഷ നേതാവിനെ ജയിലില്‍ ഇട്ട് വിഷം കൊടുത്തു കൊന്ന റഷ്യയിലെ പുടിനെ ഓര്‍മ്മിപ്പിക്കുകയാണ് ഇവര്‍. ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നതിന്റെ സൂചനയാണ് ആദായ നികുതി വകുപ്പ് വഴി നടത്തിയത്. എം.പിമാര്‍ ലെവി പോലെ നല്‍കിയ 14 ലക്ഷത്തിന്റെ പേരിലാണ് അക്കൗണ്ടുകള്‍ മുഴുവന്‍ ഫ്രീസ് ചെയ്തത്. അല്ലാതെ അത് കള്ളപ്പണമല്ല.

ഭരണത്തിന്റെ എല്ലാ സൗകര്യങ്ങളും ഉപയോഗിച്ച്‌ കോണ്‍ഗ്രസിനെ പ്രവര്‍ത്തിപ്പിക്കാതിരിക്കാനാണ് ശ്രമിക്കുന്നത്. സി.ബി.ഐയെയും ഇ.ഡിയെയും ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തി വാങ്ങിയ കോടികള്‍ ഉപയോഗിച്ചാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് നടത്തുന്നത്. ഇതിലും വലിയ പ്രതിസന്ധികള്‍ കോണ്‍ഗ്രസ് നേരിട്ടിട്ടുണ്ട്. ഈ പ്രതിസന്ധിയെയും ഞങ്ങള്‍ അതിജീവിക്കും. പണം ഇല്ലാതെ എങ്ങനെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് ഞങ്ങള്‍ കാണിച്ചുകൊടും.

ആറ്റിങ്ങലില്‍ പതിനായിരക്കണക്കിന് ഇരട്ട വോട്ടുകള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ഇതിനെതിരെ നിയമപരമായ നടപടി സ്വീകരിക്കും. ഇടതുപക്ഷ യൂണിയന്‍ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് വ്യാപകമായി വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടത്തിയിട്ടുണ്ട്. തൃക്കാക്കര, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുകളില്‍ ചെയ്തതു പോലെ എല്ലാ ബൂത്തിലും പ്രസൈഡിങ് ഓഫീസര്‍മാര്‍ക്ക് ഇരട്ട വോട്ടുകളുടെ കോപ്പി നല്‍കും -അദ്ദേഹം പറഞ്ഞു

Facebook Comments Box

By admin

Related Post