Fri. Apr 19th, 2024

സ്വര്‍ണ്ണ കടത്ത് കേസില്‍ കണ്ണികള്‍ ഏത് ഓഫീസില്‍ വരെ എത്തിയെന്ന് രാജ്യത്തെ എല്ലാവര്‍ക്കും അറിയാം; ജനങ്ങള്‍ ഇത് തിരിച്ചറിയണം; കരുവന്നൂര്‍ കേസില്‍ കുറ്റക്കാരായ ഒരാളെ പോലും വെറുതെ വിടില്ല; പിണറായി സര്‍ക്കാരിനെ ലാക്കാക്കി മോദി

By admin Mar 31, 2024
Keralanewz.com

തൃശൂർ :കരുവന്നൂർ കേസില്‍ കുറ്റക്കാരായ ഒരാളെ പോലും വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

കേസില്‍ ഉന്നത സിപിഎം നേതാക്കളുടെ പേരുകള്‍ ഉയർന്നിട്ടുണ്ട്. ഇഡി പിടിച്ചെടുത്ത പണം നിക്ഷേപകർക്ക് തിരികെ നല്‍കും. ഇതിന് പിന്നിലെ നിയമസാധുത പരിശോധിക്കുകയാണന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ ബിജെപിയുടെ ബൂത്ത് തല പ്രവർത്തകരുമായി ആശയവിനിമയം നടത്തുകയായിരുന്നു പ്രധാനമന്ത്രി.

ബാങ്കില്‍ കൊള്ള നടത്തിയവരില്‍ ഇടതുപക്ഷത്തെ ഉന്നതരായ നേതാക്കളുമുണ്ടെന്നാണ് മനസിലാക്കുന്നത്. സാധാരണക്കാരുടെ പണം തട്ടിയെടുത്തത് ഇവരാണെന്നും പുതിയ സർക്കാർ അധികാരത്തില്‍ വരുമ്ബോള്‍ ഇവർക്കെതിരെ നടപടിയെടുക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

സ്വർണ്ണ കടത്ത് കേസില്‍ കണ്ണികള്‍ ഏത് ഓഫീസില്‍ വരെ എത്തിയെന്ന് രാജ്യത്തെ എല്ലാവർക്കും അറിയാമെന്നും മോദി ചൂണ്ടിക്കാട്ടി. കേരളത്തിലെ ജനങ്ങള്‍ ഇത് തിരിച്ചറിയണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേരളത്തിലെ സഹകരണ മേഖലയിലെ അഴിമതിക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ആലത്തൂർ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ഡോ. ടി.എൻ സരസുവിന് ഉറപ്പു നല്‍കിയിരുന്നു. സിപിഎം നേതാക്കളുടെ നേതൃത്വത്തിലുള്ള സഹകരണ ബാങ്കുകളില്‍ വലിയ തോതിലുള്ള തട്ടിപ്പുകളാണ് നടക്കുന്നതെന്നും കരുവന്നൂരിലുണ്ടായ തട്ടിപ്പ് ഇത്തരത്തിലുള്ളതാണെന്നും സ്ഥാനാർത്ഥി പറഞ്ഞതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഉറപ്പുനല്‍കിയത്.

കേരളത്തില്‍ പോരടിക്കുന്ന ഇന്ത്യ സഖ്യത്തിലെ പാർട്ടികള്‍, ബിജെപിയെ തോല്‍പിക്കാൻ മറ്റ് സംസ്ഥാനങ്ങളില്‍ കൈകോർക്കുന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തുറന്ന് കാട്ടണമെന്നും നിർദ്ദേശിച്ചു. ഇത്തവണ കേരളത്തില്‍ ബിജെപി റെക്കോഡ് വിജയം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷയെന്നും മോദി പറഞ്ഞു.

Facebook Comments Box

By admin

Related Post