ന്യൂഡല്‍ഹി: നോട്ട് നിരോധനത്തോടുള്ള തന്റെ വിയോജിപ്പിനുള്ള കാരണം പരസ്യമാക്കി സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് ബി.വി നാഗരത്‌ന.
നോട്ട് നിരോധനം നിയമവിരുദ്ധമാണെന്ന് സുപ്രിം കോടതിയില്‍ നിന്നും ഭിന്നവിധി പുറപ്പെടുവിച്ച ജഡ്ജിയാണ് നാഗരത്‌ന .
സാധാരണക്കാരന്റെ വേവലാതികളും പ്രയാസവും തിരിച്ചറിഞ്ഞാണ് താന്‍ കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ നിയമവിരുദ്ധമെന്ന് വിമര്‍ശിച്ചതെന്ന് നാഗരത്‌ന വ്യക്തമാക്കി. കള്ളപ്പണം തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ നോട്ട് നിരോധിക്കലിന്റെ ഫലം ലക്ഷ്യത്തിലെത്തിയില്ലെന്നും അവര്‍ പറഞ്ഞു.
‘2016 നവംബര്‍ എട്ടിന് എന്താണ് സംഭവിച്ചതെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. കറന്‍സിയുടെ 86 ശതമാനവും 500, 1000 രൂപ നോട്ടുകളായിരുന്നു. ദൈനംദിന അവശ്യ വസ്തുക്കള്‍ക്കായി നോട്ടുകള്‍ മാറ്റി വാങ്ങേണ്ടി വന്ന ഒരു തൊഴിലാളിയെ സങ്കല്‍പ്പിക്കുക. 98 ശതമാനം കറന്‍സിയും തിരികെ വന്നു, അപ്പോള്‍ കള്ളപ്പണ നിര്‍മാര്‍ജനത്തില്‍ നമ്മള്‍ എവിടെയാണ് എത്തി നില്‍ക്കുന്നത്. നോട്ട് നിരോധനത്തിനു ശേഷം ആദായ നികുതി നടപടികളുമായി ബന്ധപ്പെട്ട് എന്ത് സംഭവിച്ചുവെന്ന് ഞങ്ങള്‍ക്കറിയില്ല. ഒരു സാധാരണക്കാരന്റെ പ്രയാസമാണ് എന്നെ ഉണര്‍ത്തിയതും നോട്ട് നിരോധനത്തോട് വിയോജിക്കാന്‍ ഇടയാക്കിയതും’ നാഗരത്‌ന പറഞ്ഞു. വിധി പറയുന്ന ബെഞ്ചിന്റെ ഭാഗമായതില്‍ സന്തോഷമുണ്ടെന്നും നാഗരത്‌ന വ്യക്തമാക്കി.
ഹൈദരാബാദിലെ നല്‍സര്‍ നിയമ സര്‍വകലാശാലയിലെ ഒരു പരിപാടിയില്‍ സംസാരിക്കവെയായിരുന്നു നാഗരത്നയുടെ പ്രതികരണം.
500,1000 നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ സുപ്രിം കോടതി ഭിന്നവിധി പുറപ്പെടുവിച്ചിരുന്നു. 2016 നവംബര്‍ എട്ടിന് നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്രം പുറത്തിറക്കിയ ഉത്തരവുകള്‍ നിയമസാധുതയുള്ളതെന്നായിരുന്നു ജസ്റ്റിസ് എസ് അബ്ദുല്‍ നസീര്‍, ബി ആര്‍ ഗവായ്, എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍ എന്നിവരുടെ അഭിപ്രായം. എന്നാല്‍ ജസ്റ്റിസ് ബി വി നാഗരത്‌ന മാത്രമാണ് ഭിന്നവിധി പുറപ്പെടുവിച്ചത്. നിയമ നിര്‍മാണത്തിലൂടെ ആയിരുന്നു നോട്ട് നിരോധനം നടപ്പിലാക്കേണ്ടിയിരുന്നത് എന്നായിരുന്നു ജസ്റ്റിസ് ബി വി നാഗരത്‌നയുടെ നിരീക്ഷണം. റിസര്‍വ് ബാങ്കിന്റെ ചട്ടത്തിന് അനുസൃതമായല്ല കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പിലാക്കിയതെന്നും ജസ്റ്റിസ് നാഗരത്‌ന പ്രസ്താവിച്ചിരുന്നു.