നടി രശ്മിക മന്ദാനയോടുളള പ്രണയത്തെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകളെക്കുറിച്ച് പ്രതികരിച്ച് തെലുങ്ക് സിനിമാ നടൻ വിജയ് ദേവരകൊണ്ട.
ഇരുവരും ഡേറ്റിംഗിലാണെന്നും ഉടൻ തന്നെ വിവാഹിതരാകും എന്ന തരത്തിലുളള വാർത്തകള്‍ അടുത്തിടെ പുറത്തുവന്നതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു താരം. ഗലാട്ട പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു വിജയിയുടെ വെളിപ്പെടുത്തല്‍.
അവതാരകൻ വിജയിയോട് പ്രണയത്തെക്കുറിച്ച് ചോദിച്ചതിന് താരം മറുപടി പറഞ്ഞത് തനിക്ക് പ്രണയം മാതാപിതാക്കളോടും സഹോദരനോടുമാണെന്നാണ്. രശ്മികയും താനുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകളെക്കുറിച്ച് പ്രതികരിക്കാൻ താല്‍പര്യമില്ലെന്നും വിജയ് പറഞ്ഞു. അടുത്തിടെയൊന്നും താൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ചിലപ്പോള്‍ മറ്റുളളവർക്ക് തന്നെ വിവാഹം കഴിപ്പിക്കാൻ ആഗ്രഹമുണ്ടായിരിക്കുമെന്നും താരം പറഞ്ഞു.
വിജയിയും രശ്മികയും പ്രധാന വേഷങ്ങളിലെത്തിയ ഗീതാഗോവിന്ദം എന്ന ചിത്രം തീയേറ്ററുകളിലെത്തിയതിന് ശേഷം ഇരുവരെക്കുറിച്ചും പലതരത്തിലുളള വാർത്തകളാണ് പുറത്തുവന്നിട്ടുളളത്. അടുത്തിടെ രശ്മിക സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച ഒരു ചിത്രത്തില്‍ ധരിച്ചിരുന്ന തൊപ്പി വിജയിയുടേതാണെന്ന നിരവധി വാർത്തകള്‍ പുറത്തുവന്നിരുന്നു. അതുപോലെ ഇരുവരും ഒരുമിച്ച് മാലദ്വീപില്‍ അവധിക്കാലം ചിലവഴിക്കുകയാണെന്നും വിവാഹിതരാകാൻ പോകുകയാണെന്ന് വാർത്തകളും പുറത്തുവന്നിരുന്നു.എന്നാല്‍ വാർത്തകളില്‍ സത്യമില്ലെന്ന് വിജയ് തന്നെ പ്രതികരിച്ചിരുന്നു.