Thu. May 2nd, 2024

യുവതിയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് 4.5 കിലോ തൂക്കം വരുന്ന മുഴ നീക്കം ചെയ്തു

By admin Apr 1, 2024
Keralanewz.com

കോട്ടയം പാലാ കെ.എം. മാണി സ്മാരക ഗവ. ജനറല്‍ ആശുപത്രിയില്‍ 4.5 കിലോ തൂക്കം വരുന്ന ഗര്‍ഭപാത്രമുഴ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു.

പാലാ മരങ്ങാട്ടുപിള്ളി സ്വദേശിനിയായ 40 വയസുകാരിയ്ക്കാണ് ശസ്ത്രക്രിയ നടത്തിയത്.

സര്‍ക്കാര്‍ മേഖലയില്‍ അപൂര്‍വമായി ചെയ്യുന്ന സങ്കീര്‍ണമായ ഈ ശസ്ത്രക്രിയ ഒരു ജില്ലാതല ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയാക്കാനായത് വലിയ നേട്ടമാണ്. വിജയകരമായി ശസ്ത്രക്രിയ നടത്തിയ ജനറല്‍ ആശുപത്രിയിലെ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

വയറുവേദനയെ തുടര്‍ന്നാണ് യുവതി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. പരിശോധനയില്‍ ഗര്‍ഭപാത്രത്തില്‍ വലിയൊരു മുഴയുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് യുവതിയുടെ ആരോഗ്യ നിലകൂടി വിലയിരുത്തിയാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കും പരിചരണത്തിനും ശേഷം രോഗി സുഖമായിരിക്കുന്നു. ഈ സങ്കീര്‍ണ ശസ്ത്രക്രിയ പാലാ ജനറല്‍ ആശുപത്രിയെ സംബന്ധിച്ച്‌ നിര്‍ണായകമായ ഒരു ചുവടുവയ്പ്പാണ്. ജനറല്‍ ആശുപത്രിയില്‍ സജ്ജമാക്കിയ പുതിയ അത്യാധുനിക ശസ്ത്രക്രിയ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇത്തരം സങ്കീര്‍ണ ശസ്ത്രക്രിയകള്‍ നടത്താനാകുന്നത്.

ആശുപത്രി സൂപ്രണ്ട് ഡോ. അഭിലാഷ് ടി.പി.യുടെ ഏകോപനത്തില്‍ ഗൈനക്കോളജി വിഭാഗത്തിലെ ഡോ. ആശാറാണി, ഡോ. തോമസ് കുര്യാക്കോസ്, ഡോ. സന്ദീപ എന്നിവരും അനസ്‌തേഷ്യാ വിഭാഗത്തിലെ ഡോ. രമ്യ, സ്റ്റാഫ് നഴ്സ് സീന എന്നിവരും അടങ്ങിയ ടീമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.

Facebook Comments Box

By admin

Related Post