Thu. May 2nd, 2024

കേരളം വര്‍ഗീയതയ്ക്ക് തകര്‍ക്കാനാകാത്ത സാഹോദര്യത്തിന്റെ കോട്ട, ഇത് യഥാര്‍ഥ കേരള സ്റ്റോറി- മുഖ്യമന്ത്രി

By admin Apr 13, 2024
Keralanewz.com

തിരുവനന്തപുരം: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വർഷമായി സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്ബുഴ സ്വദേശി എ.പി.

അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി മുഴുവൻ തുകയും സമാഹരിച്ചതില്‍ പ്രശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതാണ് യഥാർഥ കേരള സ്റ്റോറിയെന്നും വർഗീയതയ്ക്ക് തകർക്കാനാകാത്ത സാഹോദര്യത്തിൻ്റെ കോട്ടയാണ് കേരളമെന്ന അടിയുറച്ച പ്രഖ്യാപനമാണിതെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. ലോകത്തിനു മുന്നില്‍ കേരളത്തിൻ്റെ അഭിമാനമുയർത്തിയ ഈ ലക്ഷ്യത്തിനായി ഒത്തൊരുമിച്ച എല്ലാ സുമനസ്സുകളേയും ഹാർദമായി അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

വെറുപ്പിൻ്റെ പ്രചാരകർ നാടിനെതിരെ നുണക്കഥകള്‍ ചമയ്ക്കുമ്ബോള്‍ മാനവികതയുടേയും മനുഷ്യസ്നേഹത്തിൻ്റേയും ഗാഥകളിലൂടെ പ്രതിരോധം ഉയർത്തുകയാണ് മലയാളികള്‍. സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിൻ്റെ മോചനത്തിനായി ലോകമാകെയുള്ള മലയാളികള്‍ കൈകോർത്ത് സമാഹരിച്ചത് 34 കോടി രൂപയാണ്. ഒരു മനുഷ്യജീവൻ കാക്കാൻ, ഒരു കുടുംബത്തിൻ്റെ കണ്ണീരൊപ്പാൻ ഒറ്റക്കെട്ടായി അവർ സൃഷ്ടിച്ചത് മനുഷ്യസ്നേഹത്തിൻ്റെ ഉദാത്ത മാതൃകയാണ്. ഇതാണ് യഥാർത്ഥ കേരള സ്റ്റോറി. വർഗീയതയ്ക്ക് തകർക്കാനാകാത്ത സാഹോദര്യത്തിൻ്റെ കോട്ടയാണ് കേരളമെന്ന അടിയുറച്ച പ്രഖ്യാപനമാണിത്. ലോകത്തിനു മുന്നില്‍ കേരളത്തിൻ്റെ അഭിമാനമുയർത്തിയ ഈ ലക്ഷ്യത്തിനായി ഒത്തൊരുമിച്ച എല്ലാ സുമനസ്സുകളേയും ഹാർദ്ദമായി അഭിനന്ദിക്കുന്നു. പ്രവാസി മലയാളികള്‍ ഈ ഉദ്യമത്തിനു പിന്നില്‍ വഹിച്ച പങ്ക് പ്രശംസനീയമാണ്. ഈ ഐക്യത്തിന് കൂടുതല്‍ കരുത്തേകി ഒരു മനസ്സോടെ നമുക്കു മുന്നോട്ടു പോകാം…..

എ.പി. അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി 34 കോടി കൊടുക്കാനുള്ള സമയം അവസാനിക്കാൻ മൂന്നു ദിവസം ബാക്കിനില്‍ക്കെയാണ് മുഴുവൻ തുകയും പിരിച്ചത്. 34,45,46,568 രൂപയാണ് ഇതുവരെ ലഭിച്ചത്. ഇനി പണം അയക്കേണ്ടെന്ന് ദയാധനസമാഹരണ കമ്മിറ്റി അറിയിച്ചു. എംബിസി വഴി പണം കൈമാറാനുള്ള നടപടികള്‍ ശനിയാഴ്ച ചേരുന്ന കമ്മിറ്റി യോഗം തീരുമാനിക്കും.

‘സേവ് അബ്ദുല്‍ റഹീം’ എന്ന മൊബൈല്‍ ആപ്പ് വഴിയും നേരിട്ടും നിരവധി ആളുകളാണ് അബ്ദുള്‍ റഹീമിന്റെ വീട്ടിലേക്കും അബ്ദുള്‍ റഹീം ദയാധന സമാഹരണ കമ്മിറ്റിയേയും ധനസഹായവുമായി സമീപിച്ചത്. ഒരു നാടിന്റെ കൂട്ടായ പ്രവർത്തനം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പണം എത്തിക്കാൻ സഹായകമായി എന്നാണ് ദയാധന സമാഹരണ കമ്മിറ്റി അംഗങ്ങള്‍ പറയുന്നത്. കഴിഞ്ഞ മാസം ഒരു കോടി രൂപ സമാഹരിക്കാൻ കഴിഞ്ഞിടത്തുനിന്നാണ് ഒരു നാട് ഒരുമിച്ചപ്പോള്‍ ഒരു മാസം കൊണ്ട് മുഴുവൻ തുകയും സമാഹരിക്കാൻ കഴിഞ്ഞത്.

പണം സൗദിയിലേക്ക് എത്തിക്കാനുള്ള ശ്രമംകൂടി നടത്തുന്നുണ്ട്. ഇതിനായി ധനകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി തേടാൻ ശ്രമം തുടങ്ങി. കൈയ്യബദ്ധം മൂലം സൗദി ബാലൻ മരിക്കാനിടയായ സംഭവത്തിലാണ് അബ്ദുല്‍ റഹീം 18 വർഷമായി ജയില്‍ ശിക്ഷ അനുഭവിക്കുന്നത്.

Facebook Comments Box

By admin

Related Post