Fri. May 17th, 2024

ഓപ്പറേഷൻ താമരയ്‌ക്കാണ് ബി ജെ പി ശ്രമിക്കുന്നത്; എം എല്‍ എമാര്‍ക്ക് വാഗ്ദാനം ചെയ്തത് 50 കോടി, ഗുരുതര ആരോപണം

By admin Apr 13, 2024
Keralanewz.com

ബംഗളൂരു: കർണാടകയില്‍ ‘ഓപ്പറേഷൻ താമര’ നടത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.

കോണ്‍ഗ്രസ് എം എല്‍ എമാർക്ക് ബി ജെ പി 50 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി ജെ പിയെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം. ‘കഴിഞ്ഞ ഒരു വർഷമായി അവർ സംസ്ഥാന സർക്കാരിനെ തകർക്കാൻ ശ്രമിക്കുകയാണ്. ഞങ്ങളുടെ എംഎല്‍എമാർക്ക് അവർ 50 കോടി രൂപ വാഗ്ദാനം ചെയ്തു. പക്ഷേ ബി ജെ പിയുടെ ശ്രമം വിജയിച്ചില്ല.’- സിദ്ധരാമയ്യ പറഞ്ഞു.

അതേസമയം, സിദ്ധരാമയ്യയുടെ ആരോപണങ്ങളെല്ലാം ബി ജെ പി എം പി എസ് പ്രകാശ് തള്ളി. മുഖ്യമന്ത്രിയുടെ പരാമർശം നിർഭാഗ്യകരമാണെന്നും ഒരു വിഭാഗത്തിന്റെ സഹതാപം നേടാൻ വേണ്ടി മാത്രമാണ് അദ്ദേഹം ഇത്തരം ആരോപണങ്ങള്‍ ആവർത്തിച്ച്‌ ഉന്നയിക്കുന്നതെന്നും എംപി കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ വീഴാൻ സാദ്ധ്യതയുണ്ടോയെന്നും അവതാരകൻ ചോദിച്ചു. ‘സാദ്ധ്യമല്ല. ഞങ്ങളുടെ എം എല്‍ എമാർ ബി ജെ പിയിലേക്ക് പോകില്ല. ഒരു എം എല്‍ എ പോലും പാർട്ടി വിടില്ല. സർക്കാർ അഞ്ച് വർഷം കാലാവധി പൂർത്തിയാക്കുകയും ചെയ്യും.’- മുഖ്യമന്ത്രി വ്യക്തമാക്കി.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നേടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, തിരഞ്ഞെടുപ്പിന് ശേഷം സർക്കാർ വീഴാതിരിക്കാനാണ് സിദ്ധരാമയ്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും എംപി പറഞ്ഞു.

Facebook Comments Box

By admin

Related Post