Sun. Jun 23rd, 2024

വെറുതെയല്ല എംപിയാകാൻ തള്ളുന്നത്! ഒരുമാസം ശമ്പളവും അലവൻസുകളുമായി ലഭിക്കുന്നത് ലക്ഷങ്ങൾ .

By admin Jun 7, 2024 #mp
Keralanewz.com

ന്യൂഡല്‍ഹി: ആദ്യവസാനം ആവേശം കത്തിനിന്ന കോടികൾ ഒഴുകിയ ഒരു ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലവും വന്നു. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം സർക്കാർ ഞായറാഴ്ച അധികാരമേല്‍ക്കുമെന്നാണ് സൂചന.
അതിനുശേഷമായിരിക്കും നിയുക്ത എംപിമാരുടെ സത്യപ്രതിജ്ഞ. ഇതിനുവേണ്ടിയുളള ഒരുക്കങ്ങള്‍ തകൃതിയായി ഡല്‍ഹിയില്‍ നടക്കുകയാണ്.

ഒരു എംപിക്ക് ഒരുമാസം എത്രരൂപയായിരിക്കും ശമ്പളം എന്ന് അറിയാമോ? ഒരുലക്ഷം രൂപയാണ് അടിസ്ഥാന ശമ്പളമായി ലഭിക്കുക. 2018 നുശേഷമാണ് ശമ്പളം ഇത്രയും ഉയർന്നത്. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് ഉള്‍പ്പടെ ചൂണ്ടിക്കാട്ടി സർക്കാർ എംപിമാരുടെ ശമ്പളം വർദ്ധിപ്പിക്കുകയായിരുന്നു. ശമ്ബളത്തിനൊപ്പം അലവൻസുകളും ആനുകൂല്യങ്ങളുമായി മോശമല്ലാത്ത തുകകൂടി ലഭിക്കും. ഇതിനുപുറമേ കുടുംബാംഗങ്ങള്‍ക്ക് സൗജന്യ ചികിത്സ, സൗജന്യ യാത്ര തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും.

ആനുകൂല്യങ്ങളും അലവൻസുകളും

എംപിമാർക്ക് മണ്ഡല അലവൻസായി പ്രതിമാസം 70,000 രൂപയാണ് ലഭിക്കുന്നത്. ലോക്‌സഭാ മണ്ഡലത്തിലെ ഓഫീസ് പരിപാലിക്കുന്നതിനും മറ്റു ചെലവുകള്‍ക്കും വേണ്ടിയാണ് ഇത്. ഇതിനെക്കാള്‍ കൂടുതല്‍ ചെലവായാല്‍ എംപി സ്വന്തം കൈയില്‍ നിന്ന് കൊടുക്കേണ്ടിവരും.

ഓഫീസ് ചെലവുകള്‍

ഓഫീസ് പരിപാലനത്തിനുള്‍പ്പടെ മാസം 70,000 രൂപ കിട്ടുന്നതിനൊപ്പം ഓഫീസ് ചെലവുകള്‍ക്കായി 60,000 രൂപയും ലഭിക്കും. സ്റ്റേഷനറി, ടെലികമ്മ്യൂണിക്കേഷൻ, ജീവനക്കാരുടെ ശമ്ബളം എന്നിവയ്ക്കുവേണ്ടിയാണ് ഈ തുക ഉപയോഗിക്കേണ്ടത്.

പ്രതിദിന അലവൻസ്

പാർലമെന്ററി സെഷനുകളിലും കമ്മിറ്റി മീറ്റിംഗുകളിലും പങ്കെടുക്കുന്നതിനായി എംപിമാർ തലസ്ഥാനത്തായിരിക്കുമ്ബോള്‍ താമസം, ഭക്ഷണം, മറ്റ് ചെലവുകള്‍ എന്നിവയ്ക്കായി 2,000 രൂപ പ്രതിദിന അലവൻസിന് അർഹതയുണ്ട്.

യാത്രാ ബത്ത

എംപിമാർക്കും അവരുടെ അടുത്ത കുടുംബങ്ങള്‍ക്കും പ്രതിവർഷം 34 സൗജന്യ ആഭ്യന്തര വിമാന യാത്രകള്‍ക്ക് അർഹതയുണ്ട്. ഔദ്യോഗികവും വ്യക്തിപരവുമായ ആവശ്യങ്ങള്‍ക്കായി അവർക്ക് സൗജന്യ ഫസ്റ്റ് ക്ലാസ് ട്രെയിൻ യാത്രയും ലഭിക്കുന്നു. എംപിമാർക്ക് അവരുടെ നിയോജക മണ്ഡലങ്ങള്‍ക്കുള്ളില്‍ റോഡ് മാർഗം യാത്ര ചെയ്യുമ്ബോള്‍ മൈലേജ് അലവൻസ് ക്ലെയിം ചെയ്യാം.

പാർപ്പിടവും താമസവും

എംപിമാർക്ക് അവരുടെ അഞ്ചുവർഷത്തെ വർഷത്തെ സേവന കാലയളവില്‍ പ്രധാന സ്ഥലങ്ങളില്‍ വാടക രഹിത താമസസൗകര്യം നല്‍കുന്നു. സീനിയോറിറ്റി അനുസരിച്ച്‌, അവർക്ക് ബംഗ്ലാവുകളോ ഫ്ലാറ്റുകളോ ഹോസ്റ്റല്‍ മുറികളോ ലഭിച്ചേക്കാം. ഔദ്യോഗിക വസതികള്‍ വേണ്ടെന്ന് ഏതെങ്കിലും എംപി തീരുമാനിച്ചാല്‍ അവർക്ക് പ്രതിമാസം 2,00,000 ഭവന അലവൻസ് ക്ലെയിം ചെയ്യാം.

മെഡിക്കല്‍ സൗകര്യങ്ങള്‍

എംപിമാർക്കും അവരുടെ അടുത്ത കുടുംബങ്ങള്‍ക്കും കേന്ദ്ര സർക്കാർ ഹെല്‍ത്ത് സ്കീമിന് (സിജിഎച്ച്‌എസ്) കീഴില്‍ സൗജന്യ വൈദ്യസഹായം ലഭിക്കും. സർക്കാർ ആശുപത്രികളിലും പദ്ധതിക്ക് കീഴില്‍ വരുന്ന തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലുമാണ് സൗജന്യ ചികിത്സ ലഭിക്കുക.

ഫോണും ഇന്റർനെറ്റും

എംപിമാർക്ക് പ്രതിവർഷം 1,50,000 സൗജന്യ ടെലിഫോണ്‍ കോളുകള്‍ വരെ അനുവദിച്ചിട്ടുണ്ട്. അവരുടെ വസതികളിലും ഓഫീസുകളിലും സൗജന്യ അതിവേഗ ഇന്റർനെറ്റ് കണക്ഷനുകളും ലഭിക്കും.

വെള്ളവും വൈദ്യുതിയും

എംപിമാർക്ക് പ്രതിവർഷം 50,000 യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയും 4,000 കിലോ ലിറ്റർ വരെ വെള്ളവും സൗജന്യമായി നല്‍കുന്നു. എല്ലാംകൂടി ചേർത്ത് ഒരു എംപിക്ക് പ്രതിമാസം 2,30,000 രൂപയോളം ലഭിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

പ്രധാനമന്ത്രിക്കും മന്ത്രിമാർക്കും

സന്ദർശകരെ സല്‍ക്കരിക്കുന്നതിനും മറ്റുമായി പ്രധാനമന്ത്രിക്കും ക്യാബിനറ്റ് മന്ത്രിമാർക്കും അധിക അലവൻസുകള്‍ ലഭിക്കുന്നുണ്ട്. പ്രധാനമന്ത്രിക്ക് പ്രതിമാസം 3,000 രൂപയും ക്യാബിനറ്റ് മന്ത്രിമാർക്ക് പ്രതിമാസം 2,000 രൂപയും ആണ് ലഭിക്കുന്നത്.

ആൻഡമാൻ നിക്കോബാർ നിക്കോബാർ ദ്വീപസമൂഹങ്ങളിലെയും ലക്ഷദ്വീപിലെയും ലഡാക്കിലെയും എംപിമാർക്ക് മറ്റുള്ളവർക്കില്ലാത്ത ചില പ്രത്യേക അലവൻസുകളും ലഭിക്കുന്നുണ്ട്. അവരുടെ മണ്ഡലത്തിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ടാണ് ഇത്.

പെൻഷൻ

ഒരു തവണമാത്രം (5 വർഷം മാത്രം) അംഗമായ വ്യക്തിക്ക് പ്രതിമാസം 25,000 രൂപ പെൻഷൻ ലഭിക്കും. ഓരോ അധിക സേവന വർഷത്തിനും അവർക്ക് പ്രതിമാസം 2,000 രൂപ ഇൻക്രിമെന്റ് ലഭിക്കും.

Facebook Comments Box

By admin

Related Post