Sun. Apr 28th, 2024

മഴയ്ക്ക് ശമനമില്ല; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

By admin Nov 16, 2021 #climate #rain
Keralanewz.com

തിരുവനന്തപുരം: അറബിക്കടലില്‍ ചക്രവാതച്ചുഴിയും ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദവും തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്കു സാധ്യത.

റെഡ് അലര്‍ട്ടിന് സമാനമായ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാനാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴക്കും മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുന്‍കരുതലിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടങ്ങള്‍ അവധി നല്‍കിയത്.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • നവംബര്‍ 16: കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്.

വടക്ക് ആന്‍ഡമാന്‍ കടലില്‍ ന്യൂനമര്‍ദം പടിഞ്ഞാറ് – വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിച്ചു ശക്തമായ ന്യൂനമര്‍ദമാകാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് പടിഞ്ഞാറ് – വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു 18 ഓടെ മധ്യ പടിഞ്ഞാറ് – തെക്കു പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലില്‍ എത്തി തെക്ക് ആന്ധ്രാ പ്രദേശ് – വടക്കു തമിഴ്നാട് തീരത്ത് കരയില്‍ പ്രവേശിച്ചേക്കും.

തെക്കു കിഴക്കന്‍ അറബികടലിലെ ചക്രവാതച്ചുഴിയും കര്‍ണാടക – തമിഴ്നാടിനു മുകളില്‍ നിലനിന്നിരുന്ന ചക്രവാതച്ചുഴിയും ഒരുമിച്ച്‌ ചേര്‍ന്ന് വടക്കന്‍ കേരളത്തിനും കര്‍ണാടകക്കും സമീപം മധ്യ കിഴക്കന്‍-തെക്കു കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴിയായി നിലനില്‍ക്കുന്നു. അടുത്ത 24 മണിക്കൂറുനുള്ളില്‍ ഇത് ഗോവ – മഹാരാഷ്ട്ര തീരത്ത് ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു അടുത്ത 48 മണിക്കൂറില്‍ ശക്തി പ്രാപിക്കും.

Facebook Comments Box

By admin

Related Post