Wed. May 8th, 2024

സ്ത്രീധന പീഡനം പെണ്‍കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥ നിസ്സാരകാര്യമല്ലെന്നും അത്തരം വിഷയങ്ങള്‍ ഗൗരവമായി കണ്ട് കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

By admin Jun 23, 2021 #news
Keralanewz.com

തിരുവനന്തപുരം: സ്ത്രീധന പീഡനം കാരണം പെണ്‍കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥ നിസ്സാരകാര്യമല്ലെന്നും അത്തരം വിഷയങ്ങള്‍ ഗൗരവമായി കണ്ട് കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതകള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ തടയുന്നതിന് ഡൊമസ്റ്റിക് കണ്‍ഫ്‌ളിക്റ്റ് റെസല്യൂഷന്‍ സെന്റര്‍ എന്ന സംവിധാനം എല്ലാ ജില്ലകളിലും പ്രവര്‍ത്തിച്ചുവരുന്നു. അതിക്രമത്തിന് ഇരയാകുന്ന വനിതകളുടെ പരാതി ജില്ലാ പൊലീസ് മേധാവിമാര്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നേരിട്ട് കേട്ട് പരിഹാരം നിര്‍ദേശിക്കുന്ന പരിപാടിയാണിത്. ഈ  സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കാനും പരാതികളില്‍ അടിയന്തിര നടപടി സ്വീകരിക്കാനും സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ചില മരണങ്ങള്‍ നമ്മെയാകെ ഉല്‍കണ്ഠപ്പെടുത്തുന്നതാണ്. സ്ത്രീധന പീഡനത്തിന്റെ ഫലമായി പെണ്‍കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥ നമ്മുടെ നാട്ടിലാണുണ്ടാകുന്നത് നിസ്സാര കാര്യമല്ല. അത്തരം വിഷയങ്ങള്‍ ഗൗരവമായി കണ്ട് നേരിടുകയും കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുകയും ചെയ്യും.

വനിതകള്‍ നേരിടുന്ന സൈബര്‍ അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും അപരാജിത
ഓണ്‍ലൈന്‍ എന്ന സംവിധാനം ഇപ്പോള്‍ നിലവിലുണ്ട്. സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ ഉള്‍പ്പെടെയുളള ഗാര്‍ഹിക പീഡനങ്ങള്‍
സംബന്ധിച്ച് പരാതികള്‍ നല്‍കുന്നതിന് ഇനിമുതല്‍ ഈ സംവിധാനം ഉപയോഗിക്കാവുന്നതാണ്. 

ഇത്തരം പരാതികളുളളവര്‍ക്ക് aparajitha.pol@kerala.gov.in എന്ന വിലാസത്തിലേയ്ക്ക് മെയില്‍ അയയ്ക്കാം. ഈ  സംവിധാനത്തിലേയ്ക്ക് വിളിക്കാനുള്ള മൊബൈല്‍ നമ്പര്‍ 9497996992 നാളെ നിലവില്‍ വരും. കൂടാതെ പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംസ്ഥാന പൊലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലും പരാതികള്‍ അറിയിക്കാം. ഫോണ്‍- 94979009999497900286.

സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രശ്‌നങ്ങളും അന്വേഷിക്കുന്നതിന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആര്‍ നിശാന്തിനിയെ
സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ആയി നിയോഗിച്ചിട്ടുണ്ട്. ഒരു വനിതാ എസ്‌ഐ അവരെ സഹായിക്കും. 9497999955 എന്ന നമ്പറില്‍ നാളെ മുതല്‍ പരാതികള്‍ അറിയിക്കാം. ഏത് പ്രായത്തിലുമുളള വനിതകള്‍ നല്‍കുന്ന പരാതികള്‍ക്ക് മുന്തിയ പരിഗണന നല്‍കി പരിഹാരം ഉണ്ടാക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

Facebook Comments Box

By admin

Related Post