Thu. May 2nd, 2024

തൃശൂരിലെ പ്രമുഖകോണ്‍ഗ്രസ് നേതാവ് വിജയ് ഹരി പാര്‍ട്ടി വിട്ടു, പാര്‍ട്ടി വിട്ടത് നേതാക്കളുടെ പാര സഹിക്കാന്‍ കഴിയാഞ്ഞിട്ടെന്ന്

By admin Jun 3, 2022 #news
Keralanewz.com

കോണ്‍ഗ്രസ് വിട്ടത് നേതാക്കളുടെ പാര സഹിക്കാന്‍ കഴിയാഞ്ഞിട്ടെന്ന് വിജയ് ഹരി. തനിക്കെതിരെ എതിരാളികള്‍ പോലും നടത്താത്ത പ്രചരണം കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയെന്നും പരസ്പരം പോരടിച്ച്‌ കോണ്‍ഗ്രസ് തകരുകയാണെന്നും വിജയ് ഹരി ആരോപിച്ചു.

കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേരുകയാണെന്ന് എറണാകുളത്ത് വെച്ചാണ് വിജയ് ഹരി പൊതുവേദിയില്‍ പ്രഖ്യാപിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിജയ് ഹരിയെ പതാക കൈമാറി സ്വീകരിച്ചു.

തൃശൂരില്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിജയ് ഹരി ആരോപണമുന്നയിച്ചത്. 35 വര്‍ഷത്തിനുള്ളില്‍ പാര്‍ട്ടിയില്‍ നിന്ന് നിരവധി സ്ഥാനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും മണലൂരില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചപ്പോള്‍ അത് പണം കൊടുത്ത് വാങ്ങിയതാണെന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നെ പറഞ്ഞത് വിഷമമുണ്ടാക്കി. തനിക്ക് മാത്രമല്ല മറ്റു ചില സ്ഥാനാര്‍ഥികള്‍ക്കും ഇത്തരത്തില്‍ അനുഭവങ്ങളുണ്ടായിട്ടുണ്ട്.

കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ളതുപോലുള്ള പരസ്പരം പോരടിക്കുന്ന നേതാക്കള്‍ വേറൊരു പ്രസ്ഥാനത്തിലുമുണ്ടാകില്ല. പൊതുപ്രവര്‍ത്തനം തുടരുന്നതിന് ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കപ്പെടുന്ന പാര്‍ട്ടിയെന്ന നിലയില്‍ മുന്നിലുള്ളത് സി.പി.എം ആയതിനാലാണ് സി.പി.എമ്മിനൊപ്പം സഹകരിക്കുന്നതെന്നും വിജയ് ഹരി പറഞ്ഞു.
തൃശൂര്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയും കെ.പി.സി.സി വിചാര്‍ വിഭാഗ്, കര്‍ഷക കോണ്‍ഗ്രസ് സംഘടനകളുടെ സംസ്ഥാന നേതാവുമായിരുന്നു വിജയ് ഹരി

Facebook Comments Box

By admin

Related Post