Sat. May 18th, 2024

സ്വര്‍ണംപൂശിയ മുക്കുപണ്ടം പണയം വച്ച്‌ ബാങ്കുകളില്‍നിന്ന് കോടികള്‍ തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍

By admin Aug 18, 2022 #news
Keralanewz.com

തലശ്ശേരി: മുക്കുപണ്ടത്തില്‍ സ്വര്‍ണംപൂശി ബാങ്കുകളില്‍ പണയംവെച്ച്‌ വന്‍തുക തട്ടിയെടുത്ത കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

പാറാലിലെ പടിഞ്ഞാറ്റന്‍വിടയില്‍ പി.ശോഭന (57), നരവൂര്‍ വാഴയില്‍ അഫ്സല്‍ (29) എന്നിവരെയാണ് കൂത്തുപറമ്ബ് പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.

വന്‍ സംഘം തട്ടിപ്പിന് പിന്നിലുണ്ടെന്നും മൂന്നുകോടിയോളം രൂപ വിവിധ ബാങ്കുകളില്‍നിന്ന് തട്ടിയെടുത്തിട്ടുണ്ടാകും എന്നുമാണ് പോലീസ് നിഗമനം. കൂത്തുപറമ്ബ് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ബാങ്ക്, തലശ്ശേരി താലൂക്ക് അഗ്രിക്കള്‍ച്ചറല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയുടെ സെക്രട്ടറിമാര്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ശോഭനയും അഫ്സലും പിടിയിലായത്.

അഫ്സലിനെ ബത്തേരിയിലെ റിസോര്‍ട്ടില്‍നിന്നും ശോഭനയെ കൂത്തുപറമ്ബ് ടൗണില്‍നിന്നുമാണ് അറസ്റ്റ് ചെയ്തത്. എസ്.ഐ. കെ.ടി. സന്ദീപ്, എ.എസ്.ഐ.മാരായ ഷനില്‍, പ്രദീപന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
അഫ്സലില്‍നിന്ന്‌ 10 പവന്‍ വ്യാജ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു. നിരവധി ഇടപാടുകളുടെ രേഖകളും ലഭിച്ചു. 15 ബാങ്കുകളില്‍ ഇവര്‍ സമാന തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. ഇവര്‍ക്ക് ആഭരണമുണ്ടാക്കി നല്‍കിയവരെക്കുറിച്ച്‌ പോലീസ് അന്വേഷിക്കുന്നുണ്ട്.

ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം അതിവിദഗ്ധമായി മുക്കുപണ്ടത്തില്‍ സ്വര്‍ണംപൂശിയാണ് ബാങ്കുകളിലെത്തിച്ചത്. എട്ടുഗ്രാം മുക്കുപണ്ടത്തില്‍ അരഗ്രാംമുതല്‍ ഒരുഗ്രാംവരെ സ്വര്‍ണം പൂശിയാണ് പണയം വെക്കുന്നത്. സംശയം തോന്നിയതിനെത്തുടര്‍ന്നാണ് രണ്ട് സ്ഥാപനങ്ങളിലെ സ്വര്‍ണം വിദഗ്ധ പരിശോധന നടത്തിയത്. തട്ടിപ്പിന്റെ സൂത്രധാരന്‍ അഫ്‌സലാണെന്നാണ് പോലീസ് പറയുന്നത്. ‌

സഹകരണസ്ഥാപനത്തില്‍ കളക്ഷന്‍ ഏജന്റാണ് ശോഭന. ഈ ബന്ധമുപയോഗിച്ചാണ് വിദഗ്ധ പരിശോധനയൊന്നും കൂടാതെ വ്യാജസ്വര്‍ണം പണയംവെച്ചത്. ഇതിനായി ശോഭനയെ അഫ്‌സല്‍ സമര്‍ഥമായി ഉപയോഗിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനതലത്തില്‍ വലിയ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ തട്ടിപ്പ് പൂര്‍ണമായും പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്നും ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരി പറഞ്ഞു

Facebook Comments Box

By admin

Related Post