Tue. Apr 30th, 2024

നിയമസഭാ സമ്മേളനം നാളെമുതല്‍; അസാധാരണ സാഹചര്യമെന്ന് സ്പീക്കര്‍

By admin Aug 21, 2022 #news
Keralanewz.com

തിരുവനന്തപുരം: ഗവര്‍ണര്‍ ഒപ്പിടാത്തതിനെത്തുടര്‍ന്ന് റദ്ദായ 11 ഓര്‍ഡിനന്‍സുകള്‍ക്കു പകരമുള്ള ബില്ലുകള്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിയമസഭയുടെ പ്രത്യേക സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. സെപ്റ്റംബര്‍ രണ്ടുവരെയാണ് സമ്മേളനം. ഓര്‍ഡിനന്‍സുകള്‍ റദ്ദായ സാഹചര്യത്തിലെ അസാധാരണ സ്ഥിതിവിശേഷം മറികടക്കാനാണ് വേഗത്തില്‍ സമ്മേളനം വിളിക്കാന്‍ തീരുമാനിച്ചതെന്ന് സ്പീക്കര്‍ എം.ബി. രാജേഷ് പറഞ്ഞു. നിയമനിര്‍മാണത്തിനായി ഒക്ടോബര്‍നവംബര്‍ മാസങ്ങളില്‍ സഭ ചേരാനായിരുന്നു നേരത്തെയുള്ള ധാരണ.
ഭരണഘടന അനുശാസിക്കുന്ന ഉത്തരവാദിത്വം ഗവര്‍ണര്‍ നിര്‍വഹിക്കുമെന്നു പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. മില്‍മ ഭരണം പിടിച്ചെടുക്കുന്നതിനുള്ള സഹകരണഭേദഗതി ബില്‍ നിയമസഭ പാസാക്കിയിട്ടും ഗവര്‍ണര്‍ ഒപ്പിടാത്തതു സംബന്ധിച്ച ചോദ്യത്തിന് ഇക്കാര്യത്തില്‍ ആരും ഒരു പ്രശ്‌നമായി ചൂണ്ടിക്കാട്ടിയിട്ടില്ലെന്നായിരുന്നു സ്പീക്കറുടെ പ്രതികരണം. ഗവര്‍ണറും സ്പീക്കറും ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടവരാണ്. സര്‍ക്കാരുംഗവര്‍ണറും തമ്മിലുള്ള വിഷയങ്ങളില്‍ സ്പീക്കര്‍ അഭിപ്രായം പറയുന്നില്ല

നിയമനിര്‍മാണം നിയമസഭയുടെ അധികാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികം പ്രമാണിച്ച് 22ന് സഭയുടെ പ്രത്യേക സമ്മേളനമായിരിക്കും ചേരുക. അന്ന് മറ്റു നടപടികളുണ്ടാകില്ല. സ്പീക്കര്‍, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, കക്ഷിനേതാക്കള്‍ എന്നിവര്‍ സംസാരിക്കും.
23ന് സഹകരണസംഘം രണ്ടാം ഭേദഗതി, കേരള മാരിടൈം ബോര്‍ഡ് റദ്ദാക്കലും ഒഴിവാക്കലും എന്നീ ബില്ലുകളാണ് സഭ പരിഗണിക്കുക. 24ന് കേരള ലോകായുക്ത, പബ്ലിക് സര്‍വീസ് കമ്മിഷന്‍, കേരള ആഭരണത്തൊഴിലാളി ക്ഷേമനിധി എന്നീ ഓര്‍ഡിനന്‍സുകളാണ് വരുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിഗണിക്കുന്ന ബില്ലുകള്‍ സംബന്ധിച്ച് 22ന് കാര്യോപദേശകസമിതി തീരുമാനിക്കും


സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ചാന്‍സലറായ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതിനുള്ള സര്‍വകലാശാലാ നിയമഭേദഗതി ബില്‍ നിയമസഭ പരിഗണിക്കുമോ എന്ന കാര്യം സ്പീക്കര്‍ വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞവര്‍ഷം നിയമനിര്‍മാണത്തിനു ചേര്‍ന്ന സഭാസമ്മേളനത്തില്‍ 34 ബില്ലുകള്‍ പാസാക്കുകയും ഒരെണ്ണം സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടുകയും ചെയ്തു. കോവിഡ്കാലത്താണ് കൂടുതല്‍ ഓര്‍ഡിനന്‍സുകള്‍ ഇറക്കേണ്ടിവന്നതെന്ന് അദ്ദേഹം പറഞ്ഞു

Facebook Comments Box

By admin

Related Post