Wed. May 15th, 2024

രൂപശ്രീ തട്ടിപ്പ് ജില്ലാ മിഷൻ അന്വേഷണത്തെത്തുടർന്നുള്ള നിർദ്ദേശങ്ങളിൽ നടപടി എടുക്കാത്തതിൽ പ്രതിഷേധവുമായി കുടുംബശ്രീ അംഗങ്ങൾ .

By admin Jul 29, 2023
Keralanewz.com

കുറവിലങ്ങാട് :കുറവിലങ്ങാട് പഞ്ചായത്തിലെ അഞ്ചാം വാർഡിൽ രൂപശ്രീ കുടുംബശ്രീയിൽ അംഗമായിരുന്ന വനിതാജനപ്രതിനിധിയും ഭർത്താവും ചേർന്ന് സാമ്പത്തിക തിരിമറി നടത്തിയെന്ന് ആരോപിച്ച് കുടുംബശ്രീ അംഗങ്ങൾ നൽകിയ പരാതി പുതിയ തലത്തിലേക്ക് .കുടുംബശ്രീ യോഗത്തിൽ മാസങ്ങളായി പരാതി പറഞ്ഞു മടുത്ത അംഗങ്ങൾ
തങ്ങൾ കബളിപ്പിക്കപ്പെട്ടു
എന്ന് തോന്നിയ സാഹചര്യത്തിൽ ഗ്രാമസഭയിൽ വിഷയം ഉന്നയിച്ച് പരാതി നൽകുകയായിരുന്നു.തുടർന്ന് പഞ്ചായത്ത് തല സി.ഡി.എസ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ അന്വേഷണത്തിൽ പരാതിക്കാരെ പ്രതിയാക്കുന്ന രീതിയിലുള്ള ഇടപെടലുകളും പക്ഷപാതവും ഭീഷണിയും ആഹാരം പോലും കഴിക്കാൻ ആവാത്ത വിധം 8 മണിക്കൂർ പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തുടർച്ചയായ ചോദ്യം ചെയ്യലും ഉണ്ടായ സാഹചര്യത്തിൽ സാമൂഹിക രാഷ്ട്രീയ നേതാക്കൾ വിഷയത്തിൽ ഇടപെട്ടിരുന്നു.

തുടർന്ന്പഞ്ചായത്ത് പടിക്കൽ കുടുംബശ്രീ അംഗങ്ങളുടെയും വനിതാ സംഘടനകളുടെയും രാഷ്ട്രീയകക്ഷികളുടെയും നിരവധി ധർണ്ണാസമരങ്ങൾ നടന്നിരുന്നു.

തുടർന്ന് കുടുംബശ്രീ ജില്ലാ മിഷന് പരാതി നൽകിയതിന്റ അടിസ്ഥാനത്തിൽ ജില്ലാ മിഷൻ അന്വേഷണം പ്രഖ്യാപിച്ച് നടപടികൾ ആരംഭിച്ചു.വിശദമായ മൊഴിയെടുക്കലും ചർച്ചകൾക്കും ശേഷം അന്വേഷണസംഘം നിരവധി നിർദ്ദേശങ്ങൾ അന്വേഷണ റിപ്പോർട്ടിൽ രേഖപ്പെടുത്തി. തീരുമാനംനടപ്പിലാക്കാനായി കുടുംബശ്രീ പഞ്ചായത്ത് തല സി.ഡി.എസിന് നിർദ്ദേശം നൽകിയിരുന്നു.

ബാങ്ക് ലോൺ തുകയിലെ തിരിച്ചടവിലും തിരിമറി നടന്നിരുന്നു വെങ്കിലും ബാങ്ക് നടപടികൾ ഭയന്ന് വീണ്ടും പണം ഉണ്ടാക്കി കുടുംബശ്രീ അംഗങ്ങൾ തുക തിരിച്ചടച്ച് ബാങ്ക് ജപ്തി നടപടികളിൽ നിന്നും ഒഴിവായിരുന്നു.

എന്നാൽ മറ്റു ബാധ്യതകൾ തീർക്കുന്നതിനോ, തുക തിരിച്ചടക്കുന്നതിനോ,കണക്കുകൾ അനധികൃതമായി കൈകാര്യം ചെയ്തിരുന്ന ആരോപണ വിധേയർ തയാറായില്ല.

ജനപ്രതിനിധിയുടെ ഭർത്താവ് അനാവശ്യമായി കുടുംബശ്രീ പ്രവർത്തനങ്ങളിൽ ഇടപെടുകയായിരുന്നു എന്ന് തെളിവ് സഹിതം അന്വേഷണസംഘം കണ്ടെത്തി .

ഇങ്ങനെ തയ്യാറാക്കിയ കണക്കുകളിൽ കൃത്യത വരുത്തണമെന്നും,അയൽക്കൂട്ടത്തിന്റെ ചെലവുകൾ എന്ന് പറഞ്ഞു ഭർത്താവ് തന്റെ കൈപ്പടയിൽ എഴുതി തയ്യാറാക്കിയ കണക്ക് അവതരിപ്പിച്ച കുടുംബശ്രീ അംഗമായ ജനപ്രതിനിധി ,കണക്കുകളിൽ കുടുംബശ്രീ തലത്തിൽ വ്യക്തത വരുത്തണമെന്നും, ലോണെടുത്ത വനിതാ അംഗങ്ങളിൽ നിന്നും 500 രൂപ അനധികൃതമായി വാങ്ങിയത് തിരിച്ചു നൽകണമെന്നതും നിർദ്ദേശങ്ങളിൽ ചിലതു മാത്രമാണ്.

ഇതിൽ ഒരു തീരുമാനം പോലും പിന്നീട് നടപ്പിലാക്കുവാൻ സി.ഡി.എസ് ചെയർപേഴ്സൺ അടക്കം തയ്യാറാകുന്നില്ല എന്നുള്ളത് പക്ഷപാത പ്രവർത്തനമാണ് എന്ന ആരോപണമുണ്ട്.

തെളിവുകൾ സഹിതംഅന്വേഷണസംഘം കണ്ടെത്തിയ കാര്യങ്ങൾ രേഖപ്പെടുത്തിയ മിനിറ്റ്സിൽ മുഴുവൻ അംഗങ്ങളും യോജിച്ച് ഒപ്പ് രേഖപ്പെടുത്തിയപ്പോൾ കുടുംബശ്രീ അംഗമായ ജനപ്രതിനിധി മാത്രം മിനിറ്റ്സിൽ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.

നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുമെന്നും കുടുംബശ്രീയുടെ തുടർ യോഗങ്ങൾ കൃത്യമായി ചേരുവാൻ സി.ഡി എസും പഞ്ചായത്തും സഹായമായി നിൽക്കും എന്നുമാണ് കുടുംബശ്രീ അംഗങ്ങൾ കരുതിയത്.
എന്നാൽ നാളിതുവരെ നടപടികളൊന്നും ഉണ്ടാകാത്തത് കുടുംബശ്രീ അംഗങ്ങളെ നിരാശരാക്കി എന്നാണ് അംഗങ്ങളുടെ കുടുംബാംഗങ്ങൾ പറയുന്നത്.

ഈ സാഹചര്യത്തിലാണ് ആരോപണ വിധേയനായ ഭർത്താവ് സോഷ്യൽ മീഡിയയിൽ മാഞ്ഞൂർ പഞ്ചായത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പിനെതിരെ പ്രാദേശിക സോഷ്യൽ മീഡിയ ഗ്രൂപ്പിൽ പോസ്റ്റ് ഇട്ടത്. രൂപശ്രീ തട്ടിപ്പിലെ ആരോപണ വിധേയൻ മറ്റൊരു തട്ടിപ്പ് ചൂണ്ടിക്കാട്ടിയത് നാട്ടിൽ ചർച്ചയായി .ഇത് കുടുംബശ്രീ തലത്തിലും രാഷ്ട്രീയതലത്തിലും പ്രാദേശിക തലത്തിലുമൊക്കെ ചർച്ചയ്ക്കിടയാക്കി.
തുടർ പരാതികളും സമരപരമ്പരകളുമായി മുന്നോട്ടുപോകേണ്ടി വന്നാൽ സത്യം സംരക്ഷിക്കുന്നതിന് വേണ്ടി തയ്യാറാകുമെന്ന് വനിതകൾ പറയുന്നു.

വീണ്ടും വനിതകളെ കബളിപ്പിക്കാൻ ആണ് പരിശ്രമമെങ്കിൽ രാഷ്ട്രീയ കക്ഷികൾ സി.ഡി.എസിനെതിരെയും പഞ്ചായത്തിനെതിരെയും സമരം നടത്തുമെന്നാണ് സൂചന.

സാമ്പത്തിക തിരിമറി നടത്തിയവർ കുടുംബശ്രീ സെക്രട്ടറിയുടെ തലയിൽ ആരോപണങ്ങൾ കെട്ടിവയ്ക്കുവാൻ പരിശ്രമിച്ചതിനെ തുടർന്നും,ഭീഷണിയെ തുടർന്നും കുടുംബശ്രീസെക്രട്ടറി തനിക്കുണ്ടായിരുന്ന ആശാവർക്കർ ജോലി രാജി വെച്ചതും വിവാദമായിരുന്നു.

വനിതകളുടെ സ്വയം ശാക്തീകരണത്തിന് വേണ്ടി പ്രവർത്തിക്കുന്ന കുടുംബശ്രീയിലെ വിവിധ ഘടകങ്ങളിലെ കണക്കുകളും റിപ്പോർട്ടുകളും പുരുഷന്മാർ കൈകാര്യം ചെയ്യുന്നതും എഴുതുന്നതും സ്ത്രീ ശാക്തീകരണത്തിന് എതിരെയുള്ള വെല്ലുവിളിയാണെന്ന് കണ്ടെത്തിയിരുന്നു.

കുടുംബശ്രീ ഘടകങ്ങൾ തങ്ങൾക്ക് നീതി നടപ്പിലാക്കി തരും എന്ന പ്രതീക്ഷയിലാണ് ഇപ്പോഴും കുടുംബശ്രീ വനിതകൾ .

Facebook Comments Box

By admin

Related Post