Sat. May 18th, 2024

ജീവനക്കാർ കൂട്ട അവധിയെടുത്ത് ടൂർ പോയി. പീരുമേട് 16 മണിക്കൂർ ഇരുട്ടിലായി, അന്വേഷണത്തിന് ഉത്തരവിട്ട് KSEB

By admin Sep 4, 2023
Keralanewz.com

തൊടുപുഴ: കെഎസ്‌ഇബി ഉദ്യോഗസ്ഥരടക്കമുള്ള ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് കേരളത്തിനു പുറത്ത് വിനോദ യാത്ര പോയതോടെ പീരുമേട്ടില്‍ 16 മണിക്കൂര്‍ വൈദ്യുതി മുടങ്ങി.

സംഭവം വിവാദമായതിനു പിന്നാലെ വകുപ്പുതല അന്വേഷണം ആരംഭിച്ചു. പീരുമേട് ഫീഡര്‍ പരിധിയിലെ നാലായിരത്തോളം ഉപഭോക്താക്കളാണ് മണിക്കൂറുകളോളം ഇരുട്ടിലായത്.

വെള്ളിയാഴ്ച ഇടുക്കിയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഉച്ച കഴിഞ്ഞു പീരുമേട്ടില്‍ ശക്തമായ മഴ പെയ്തതിനു പിന്നാലെ വൈദ്യുതിയും മുടങ്ങി. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട താലൂക്ക് ഓഫീസ്, താലൂക്ക് ആശുപത്രി, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലെല്ലാം വൈദ്യുതി മുടങ്ങി. ഓണം അവധി ആഘോഷിക്കാൻ പീരുമേട്ടില്‍ എത്തിയ നിരവധി സഞ്ചാരികളും ബുദ്ധിമുട്ടി.

മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വൈദ്യുതി വരാത്തതോടെ നാട്ടുകാര്‍ പോത്തുപാറയിലെ സെക്ഷൻ ഓഫീസിലേക്കു വിളിച്ചു. എല്ലാവരും ടൂര്‍ പോയെന്നായിരുന്നു മറുടപടി. പരാതികള്‍ വ്യാപകമായതോടെ രാത്രിയില്‍ വനിതാ സബ് എൻജിനീയറുടേയും പ്രദേശവാസിയായ വണ്ടിപ്പെരിയാറിലെ സബ് എൻജിനീയറുടേയും നേതൃത്വത്തില്‍ തകരാ‍ര്‍ പരിഹരിക്കാൻ ശ്രമിച്ചു.

എന്നാല്‍ ആവശ്യത്തിനു ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ തകരാര്‍ കണ്ടെത്തിയില്ല. ഒടുവില്‍ ശനിയാഴ്ച 10 മണിയോടെയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്.

കേരളത്തിനു പുറത്തേക്ക് ഉദ്യോഗസ്ഥരടക്കം ടൂര്‍ പോയത് ബോര്‍ഡിന്റെ അനുവാദമില്ലാതെയാണെന്നു പരാതി ഉയര്‍ന്നു. പിന്നാലെ ഇതുസംബന്ധിച്ചു പീരുമേട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറോടു അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാൻ കെഎസ്‌ഇബി ആവശ്യപ്പെട്ടു.

Facebook Comments Box

By admin

Related Post