Sun. May 5th, 2024

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’; ഇന്ത്യയെ പ്രസിഡൻഷ്യല്‍ ഭരണരീതിയിലേക്ക് കൊണ്ടുപോകാനുള്ള നീക്കം -സ്റ്റാലിൻ

By admin Sep 4, 2023
Keralanewz.com

ചെന്നൈ: തെരഞ്ഞെടുപ്പുകള്‍ ഏകീകരിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം ഇന്ത്യയെ പ്രസിഡൻഷ്യല്‍ സമ്ബ്രദായത്തിലേക്ക് കൊണ്ടുപോകാനുള്ള നീക്കമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.
സ്റ്റാലിൻ. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതിന് ശേഷം ബി.ജെ.പിയുടെ അടുത്ത മുദ്രാവാക്യം ‘ഒരു രാജ്യം ഒരു പ്രസിഡന്‍റ്’ എന്നതാവും. ഇന്ത്യൻ രാഷ്ട്രീയത്തെ വണ്‍-മാൻ ഷോ ആക്കിത്തീര്‍ക്കാനുള്ള നീക്കമാണിത് -സ്റ്റാലിൻ പറഞ്ഞു.

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന സാഹചര്യം വന്നാല്‍ ഡി.എം.കെ പോലെയുള്ള കക്ഷികള്‍ക്ക് പ്രവര്‍ത്തിക്കാനാകാത്ത സാഹചര്യം വരുമെന്ന് സ്റ്റാലിൻ ചൂണ്ടിക്കാട്ടി. എ.ഐ.എ.ഡി.എം.കെയ്ക്കും ഇതേ സാഹചര്യമുണ്ടാകും. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പി’നെ എ.ഐ.എ.ഡി.എം.കെ ഇപ്പോള്‍ പിന്തുണക്കുന്നത് സ്വയം ബലിയാടാകേണ്ടിവരുമെന്ന് അറിയാതെയാണ്.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് വേണ്ടി 2021ല്‍ തമിഴ്നാട്ടില്‍ അധികാരത്തില്‍ വന്ന ഡി.എം.കെ സര്‍ക്കാറിനെ പിരിച്ചുവിടുമോ? കേരളത്തിലെയും കര്‍ണാടകയിലെയും പശ്ചിമ ബംഗാളിലെയും സര്‍ക്കാറുകളെ പിരിച്ചുവിടുമോ? ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പില്‍ ഏതെങ്കിലുമൊരു സംസ്ഥാനത്ത് സര്‍ക്കാറുണ്ടാക്കാൻ സാധിച്ചില്ലെങ്കില്‍ എന്തുചെയ്യും? അടുത്ത പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് വരെ അവിടെ പ്രസിഡന്‍റിന്‍റെ ഭരണമായിരിക്കുമോ? -സ്റ്റാലിൻ ചോദിച്ചു.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ വിമര്‍ശിച്ച്‌ രംഗത്തെത്തിയിരുന്നു. ഇന്ത്യൻ യൂണിയനും സംസ്ഥാനങ്ങള്‍ക്കും നേരെയുള്ള ആക്രമണമാണ് ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ആശയമെന്ന് രാഹുല്‍ പറഞ്ഞു. ഇന്ത്യ സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും രാഹുല്‍ ഓര്‍മിപ്പിച്ചിരുന്നു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ വിഷയം പഠിക്കാൻ കേന്ദ്ര സര്‍ക്കാര്‍ സമിതി രൂപീകരിച്ച പശ്ചാത്തലത്തിലാണ് പ്രതിപക്ഷത്തെ നേതാക്കള്‍ വിമര്‍ശനമുയര്‍ത്തുന്നത്. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് സമിതി അധ്യക്ഷൻ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുൻ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് എന്നിവരെ കൂടാതെ പതിനഞ്ചാം ധനകാര്യ കമ്മീഷൻ മുൻ അധ്യക്ഷൻ എൻ.കെ. സിംഗ്, മുൻ ലോക്‌സഭാ ജനറല്‍ സെക്രട്ടറി സുബാഷ് കശ്യപ്, മുതിര്‍ന്ന അഭിഭാഷകൻ ഹരീഷ് സാല്‍വെ, മുൻ ചീഫ് വിജിലൻസ് കമ്മീഷണര്‍ സഞ്ജയ് കോത്താരി എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും. നിയമ മന്ത്രി അര്‍ജുൻ റാം മേഘ്‌വാള്‍ ഉന്നതതല സമിതി യോഗങ്ങളില്‍ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കും.
കോണ്‍ഗ്രസ് ലോക്‌സഭാ നേതാവ് അധീര്‍ രഞ്ജൻ ചൗധരിയെ അംഗമായി ഉള്‍പ്പെടുത്തിയിരുന്നെങ്കിലും സമിതിയില്‍ ചേരില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഒരു വോട്ടര്‍പട്ടികയും ഒരു തിരിച്ചറിയല്‍ കാര്‍ഡുമുപയോഗിച്ച്‌ ഒരേസമയം ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും അതിനൊപ്പം തന്നെ മുനിസിപ്പാലിറ്റികളിലേക്കും പഞ്ചായത്തുകളിലേക്കും തെരഞ്ഞെടുപ്പ് നടത്തുന്നത് പഠിക്കാനും അതിനാവശ്യമായ ഭരണഘടന-നിയമഭേദഗതികള്‍ ശിപാര്‍ശ ചെയ്യാനുമാണ് സമിതിക്കുള്ള നിര്‍ദേശം.

Facebook Comments Box

By admin

Related Post