Sun. May 19th, 2024

ഇനി മുതല്‍ എല്ലാ മാസവും വീട്ടമ്മമാരുടെ അക്കൗണ്ടില്‍ ആയിരം രൂപയെത്തും; പദ്ധതി ഉദ്‌ഘാടനം ചെയ്ത് മുഖ്യമന്ത്രി സ്റ്റാലിൻ

By admin Sep 15, 2023
Keralanewz.com

ചെന്നൈ: വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1000രൂപ നല്‍കുന്ന ‘കലൈഞ്ജര്‍ മഗളിര്‍ ഉരുമൈ’ പദ്ധതിയുടെ ഉദ്‌ഘാടനം തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിര്‍വഹിച്ചു.
മുൻമുഖ്യമന്ത്രിയും ഡിഎംകെ സ്ഥാപകനുമായ അണ്ണാദുരൈയുടെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ കാഞ്ചീപുരത്ത് വച്ചായിരുന്നു പദ്ധതിയുടെ ഉദ്‌ഘാടനം.

പദ്ധതിയുടെ ഗുണഭോക്താക്കളായ വീട്ടമ്മമാര്‍ക്ക് പരിപാടിയില്‍ വച്ച്‌ എടിഎം കാര്‍ഡ് വിതരണം ചെയ്തു. ഉദ്ഘാടനം ഇന്നായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം തന്നെ ഗുണഭോക്താക്കളില്‍ ഒട്ടേറെപ്പേര്‍ക്ക് ബാങ്ക് അക്കൗണ്ട് മുഖേന പണം കൈമാറിത്തുടങ്ങിയിരുന്നു. വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ താഴെയുള്ള 1,06,50,000 വീട്ടമ്മമാര്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുന്നത്.
ഡിഎംകെയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായ ഈ പദ്ധതി നടപ്പാക്കാൻ പ്രതിവര്‍ഷം 12,780 കോടി രൂപ വേണ്ടിവരും. തമിഴ്‌നാട് സര്‍ക്കാര്‍ നടപ്പാക്കുന്ന ഏറ്റവും വലിയ ക്ഷേമപദ്ധതിയാണിത്. 1.63 കോടി ജനങ്ങളാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. വിശദ പരിശോധനകള്‍ക്ക് ശേഷം ഇവരില്‍ നിന്ന് അര്‍ഹരായവരെ തിരഞ്ഞെടുക്കുകയായിരുന്നു.

Facebook Comments Box

By admin

Related Post