Sun. May 19th, 2024

പടക്കം പൊട്ടിച്ച്‌ വവ്വാലിനെ ഓടിക്കരുത് എ.കെ ശശീന്ദ്രൻ ; സമ്ബര്‍ക്ക പട്ടികയില്‍ ആളുകളുടെ എണ്ണം കൂടുമെന്ന് വീണാ ജോര്‍ജ്

By admin Sep 15, 2023
Keralanewz.com

നിപ്പ സമ്ബര്‍ക്ക പട്ടികയില്‍ ആളുകളുടെ എണ്ണം കൂടാൻ സാധ്യതയെന്ന് മന്ത്രി വീണാ ജോര്‍ജ്. ഒരാള്‍ക്കുകൂടി നിപ്പ സ്ഥിരീകരിച്ചുവെന്നും കലക്ടറേറ്റില്‍ സര്‍വകക്ഷി അവലോകനയോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കവെ മന്ത്രി പറഞ്ഞു.
കോര്‍പറേഷൻ പരിധിയിലെ ചെറുവണ്ണൂര്‍ സ്വദേശിയായ 39 വയസ്സുകാരനാണു രോഗബാധിതൻ. ആദ്യം മരിച്ച വ്യക്തി നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയപ്പോള്‍ അവിടെ ഇദ്ദേഹം ഉണ്ടായിരുന്നു. മറ്റൊരു രോഗിക്ക് കൂട്ടിരിപ്പുകാരനായി എത്തിയതാണ്. നേരിയ ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ ചികിത്സയ്ക്കായി സമീപിക്കുകയായിരുന്നെന്നും വീണ പറഞ്ഞു.

ഓഗസ്റ്റ് 30ന് മരിച്ച കള്ളാട് സ്വദേശിയില്‍നിന്ന് കുറെ പേര്‍ക്ക് രോഗം ബാധിച്ച സാഹചര്യത്തില്‍ ഇദ്ദേഹത്തിന്റെ ഹൈ റിസ്ക് സമ്ബര്‍ക്കത്തിലെ എല്ലാവരുടെയും സാംപിളുകള്‍ പരിശോധിക്കും. ഫോണ്‍ ലൊക്കേഷൻ കൂടി ശേഖരിച്ച്‌ സമ്ബര്‍ക്ക പട്ടിക തയാറാക്കും. നിലവില്‍ രോഗം
സ്ഥിരീകരിച്ച എല്ലാവരുടെയും നില തൃപ്തികരമാണ്. 9 വയസ്സുകാരൻ വെന്റിലേറ്ററില്‍ തുടരുന്നു. കോഴിക്കോട്ടെ മൊബൈല്‍ ലാബില്‍ പരിശോധിച്ചാണു പുതുതായി രോഗം സ്ഥിരീകരിച്ചത്. മൊബൈല്‍ ലാബിന് ഒന്നര മണിക്കൂറില്‍ 192 സാംപിള്‍ പരിശോധിക്കാൻ ശേഷിയുണ്ട്. രോഗവ്യാപന കാലഘട്ടം തിരിച്ചറിഞ്ഞ് കലണ്ടര്‍ തയാറാക്കി. രോഗപ്രതിരോധനത്തിനായി ബോധവത്കരണം നടത്തുന്നുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു.

ജാനകിക്കാട് മേഖലയില്‍ കാട്ടുപന്നികള്‍ ചത്തത് പരിശോധിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. വവ്വാല്‍ ആണ് രോഗ വ്യാപനത്തിനു കാരണമെന്നാണു നിലവിലെ നിഗമനം. വവ്വാലുകളെ പടക്കം പൊട്ടിച്ചും മറ്റും ഓടിക്കാൻ ശ്രമിക്കരുത്. അത്തരം സന്ദര്‍ഭങ്ങളിലാണ് രോഗവ്യാപന സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍, എംപിമാര്‍, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

അതേസമയം, നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ കേന്ദ്ര സംഘം ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. കോഴിക്കോട് മെഡിക്കല്‍ കോളജിലും കുറ്റ്യാടിയിലുമായി രണ്ട് സംഘങ്ങളായാണു സന്ദര്‍ശനം നടത്തുകയെന്നാണ് വിവരം. നിലവില്‍ നിപ്പ ബാധിതരുടെ എണ്ണം അഞ്ചായി. നാലു പേരാണു ചികിത്സയിലുള്ളത്.

Facebook Comments Box

By admin

Related Post